കോതമംഗലത്ത് ഭിക്ഷാടന മാഫിയ പിടിമുറുക്കുന്നു

ktm-begearsകോതമംഗലം: മയക്കു മരുന്നു കച്ചവടവും മോഷണവും പതിവാക്കിയ ഭിക്ഷാടനമാഫിയാ സംഘം കോതമംഗലത്ത് പിടിമുറുക്കുന്നു. പെരുന്നാള്‍ ദിനങ്ങള്‍ മുന്നില്‍ക്കണ്ടാണ് സംഘം കോതമംഗലത്തേക്ക് ചേക്കേറുന്നത്. മയക്കുമരുന്നു വില്പനയ്ക്കും മോഷണങ്ങള്‍ക്കും പ്രത്യേകം പരിശീലനം ലഭിച്ചവരാണു സംഘത്തിലുള്ളതെന്നു പറയുന്നു. അയല്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള യാചക സംഘങ്ങളും ഇപ്പോള്‍  സജീവമാണ്. തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളിലുള്ള യാചക സംഘങ്ങളെ കോതമംഗലത്തിന്റെ  വിവിധ മേഖലകളില്‍ കാണാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി.

കോതമംഗലം മാര്‍തോമാ ചെറിയ പള്ളിയിലെ കന്നി ഇരുപത് പെരുന്നാള്‍ ദിവസങ്ങള്‍  അടുത്തതോടെ  ഇത്തരം യാചകരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണ്. നാട്ടുകാരെ പല വിദ്യകള്‍ കാണിച്ചു പറ്റിച്ച് പിരിവെടുത്ത് വന്‍തുകയാണ് ഇവര്‍ ദിനം പ്രതി കൊണ്ടുപോകുന്നത്. യാചകരില്‍ ചിലര്‍ നഗരത്തിലെ ചില ബേക്കറികളിലും ഹോട്ടലുകളിലുമാണ് പണം സൂക്ഷിക്കുന്നത്.

തുക വലുതാകുമ്പോള്‍ തിരികെ വാങ്ങി നാട്ടിലേക്ക് വണ്ടി കയറുന്നവരുമുണ്ട്. മാസങ്ങള്‍ കൊണ്ടു ലക്ഷങ്ങളാണ് ഇവര്‍ യാചക വേഷത്തില്‍ നടന്ന് നാട്ടുകാരെ കബളിപ്പിച്ചു സ്വന്തമാക്കുന്നത്. അന്ധനായി നടിച്ച് ദിനം പ്രതി ആയിരക്കണക്കിനു രൂപ സമ്പാദിക്കുന്ന ദമ്പതികളെ കഴിഞ്ഞ ദിവസം ആലുവയില്‍ റെയില്‍വേ പോലീസ് പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് ഇത്തരം സംഘങ്ങളെക്കുറിച്ച്  വിവരം ലഭിച്ചിട്ടുള്ളത്. കൊച്ചിയാണ് ഇവരുടെ പ്രധാന കേന്ദ്രം. ഇതോടൊപ്പം സമീപനഗരങ്ങളും ഉള്‍നാടന്‍ ഗ്രാമങ്ങളും ഇവര്‍ യാചകമേഖലകളായി തെരഞ്ഞെടുത്തിട്ടുണ്ട് .

പതിനായിരങ്ങള്‍ സമ്പാദിക്കാനുള്ള മേഖലയായി ഈ രംഗം മാറിയിരിക്കുകയാണ്.  സംഘങ്ങളായി നടക്കുന്ന ഇവര്‍ മാഫിയ സംഘങ്ങളുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ പോകുന്ന പ്രദേശങ്ങളില്‍ കഞ്ചാവും മയക്കുമരുന്നും വില്പന നടത്തുന്നതായും പറയുന്നു. അറപ്പുളവാക്കുന്ന തരത്തില്‍ നടന്ന് കഞ്ചാവും മറ്റും വില്പന നടത്തുന്ന ഇവരെ ഉദ്യോഗസ്ഥര്‍ കണ്ടാലും പിടികൂടാറില്ല.  മദ്യം വാങ്ങി കഴിച്ച് റോഡില്‍ കിടന്ന് സ്ത്രീകളടക്കം തല്ല് കൂടുന്നതും സ്ഥിരം കാഴ്ചയാണ് . പ്രായമായവരെയും കുട്ടികളെയും സ്തീകളെയുമെല്ലാം പ്രത്യേക വിഭാഗങ്ങളാക്കിയാണ് ഇവരുടെ പ്രവര്‍ത്തനം. ഇതിനായി ഇവരോടൊപ്പം  സംഘത്തിന്റെ  തലവന്മാരും പ്രവര്‍ത്തിക്കുന്നുണ്ട്.

ഭിക്ഷ എടുക്കുന്നതിന് ഇവര്‍ക്ക് ഓരോ മേഖലയും ടാര്‍ജറ്റും നിശ്ചയിച്ചു നല്‍കുന്നുണ്ടത്രേ. ഭിക്ഷ എടുത്തു കിട്ടുന്ന തുകയുടെ ഒരു വിഹിതം മാഫിയാ തലവന് നല്‍കണം. ഇത്തരത്തില്‍ നല്‍കേണ്ട തുക തലവന്മാരാണ് നിശ്ചയിക്കുക.ഇതിനു പകരമായി രാവിലെ ഭിക്ഷാടകനെ വാഹനത്തില്‍ സ്ഥലത്തെത്തിക്കുക, വൈകുന്നരം  തിരികെ താമസസ്ഥലത്ത് എത്തിക്കുക തുടങ്ങിയ ചുമതലകള്‍ ഇവര്‍ വഹിക്കും. പോലീസ്, ഗുണ്ടകള്‍ എന്നീ വിഭാഗങ്ങളില്‍ നിന്നും ഉണ്ടാകുന്ന വിഷയങ്ങളും ഇവര്‍ ഇടപെട്ട് പരിഹരിക്കുമത്രെ.

Related posts