കോഴിക്കോട്: റെയില്‍വേ സ്റ്റേഷനിലെ കാമറകള്‍ സംരക്ഷിക്കാനാളില്ല. മുന്‍ വര്‍ഷങ്ങളില്‍ സ്ഥാപിച്ച സിസിടിവി കാമറകള്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ പരിപാലിക്കാന്‍ അളില്ലാത്ത അവസ്ഥയിലാണ്. ഇതോടെ കാമറകള്‍ പലതും ഉപയോഗ ശൂന്യമായിരിക്കുകയാണ്.
സൗമ്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സ്റ്റേഷനുകളില്‍ സുരക്ഷ ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു മൂന്നു വര്‍ഷം മുമ്പ് നിരീക്ഷണകാമറകള്‍ സ്ഥാപിച്ചത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, എന്നിവിടങ്ങളിലെ സ്റ്റേഷനുകളിലാണ് 20 കോടി മുടക്കി കാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്. സംസ്ഥാനത്തെ പ്രധാന റെയില്‍വേ സ്റ്റേഷനുകളിലൊന്നായ കോഴിക്കോട്ട് 50 സിസിടിവി കാമറകളാണ് പ്ലാറ്റ്ഫോമുകളിലെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചത്. ഇതില്‍ ഒമ്പത് കാമറകളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു. ലെന്‍സുകള്‍ മങ്ങിയതു കാരണം ബാക്കിയുള്ള കാമറകളിലും ലഭിക്കുന്നത് അവ്യക്തമായ ദൃശ്യങ്ങളാണ്.
റെയില്‍വേ സിഗ്നലിംഗ് ആന്‍ഡ് ടെലികോം ഡിവിഷന്റെ മേല്‍നോട്ടത്തിലാണ് കാമറകള്‍ സ്ഥാപിച്ചത്. പിന്നീട് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന് ഇവ കൈമാറുകയായിരുന്നു. കാമറകളുടെ അറ്റകുറ്റപണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനോ സിസിടിവി സംവിധാനം കാര്യക്ഷമമായി പരിപാലിക്കാനോ ആര്‍പിഎഫിനു കഴിയുന്നില്ല. 30 ദിവസം വരെ വീഡിയോ ഫയലുകള്‍ റിക്കോഡ് ചെയ്ത് സൂക്ഷിക്കാനുള്ള സംവിധാനമുള്ള കാമറകളായിരുന്നു ഇവ. റെയില്‍വേ പ്ലാറ്റ്ഫോമുകളില്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും കണ്ടെത്തുന്നതിനും കാമറകള്‍ ഏറെ പ്രയോജനകരമാണെന്ന് റെയില്‍വേ പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. കവര്ച്ചാസംഘത്തേയും പിടിച്ചുപറിക്കാരേയും മയക്കുമരുന്നു കടത്തുകാരേയും ഉള്‍പ്പെടെ നിരവധി കുറ്റവാളികളെ പിടികൂടാന്‍ കാമറകള്‍ സഹായകമായിട്ടുണ്ട്.