കോഹ്‌ലി കൊള്ളാം, ബാംഗളൂര്‍ പോരാ

sp-kohliരാജ്‌കോട്ട്: എങ്ങനെ കളിക്കണമെന്ന് കോഹ്‌ലിക്ക് അറിയാമായിരുന്നു. പക്ഷേ ജയിക്കേണ്ടതെങ്ങനെയെന്ന് അറിയാതെ പോയി.ബൗളര്‍മാര്‍ ഒരിക്കല്‍ക്കൂടി ഉത്തരവാദിത്വം മറന്നപ്പോള്‍ ഐപിഎലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗളൂരിന് ഗുജറാത്ത് ലയണ്‍സിനോട് ആറു വിക്കറ്റിന്റെ തോല്‍വി. സ്‌കോര്‍: ബാംഗളൂര്‍ 20 ഓവറില്‍ രണ്ടിന് 180. ഗുജറാത്ത് 19.3 ഓവറില്‍ നാലിന് 182. 63 പന്തില്‍ 11 ബൗണ്ടറിയും ഒരു സിക്‌സറും പറത്തിയാണ് കോഹ്‌ലിയുടെ ഉഗ്രന്‍ 100.

ഗുജറാത്തിന്റെ ജയത്തില്‍ ദിനേഷ് കാര്‍ത്തിക് (50 നോട്ടൗട്ട്), ബ്രെണ്ടന്‍ മക്കല്ലം (42), ഡ്വെയ്ന്‍ സ്മിത്ത് (32) എന്നിവര്‍ നിര്‍ണായക സംഭാവന നല്കി.രണ്ടാം മത്സരത്തില്‍ കോല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് രണ്ടു വിക്കറ്റിന് റൈസിംഗ് പൂന സൂപ്പര്‍ ജയന്റ്‌സിനെ തോല്പിച്ചു. ജയിക്കാന്‍ 161 റണ്‍സ് വേണ്ടിയിരുന്ന കോല്‍ക്കത്ത മൂന്നു പന്ത് ബാക്കി നില്‍ക്കേയാണ് ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത പൂനയ്ക്കായി അജിങ്ക്യ രഹാനെ (67) ടോപ് സ്‌കോററായി. 60 റണ്‍സുമായി മുന്നില്‍നിന്നു പട നയിച്ച സൂര്യകുമാര്‍ യാദവാണ് കോല്‍ക്കത്തന്‍ തിരിച്ചടിക്കു നേതൃത്വം നല്കിയത്. പോയിന്റു പട്ടികയില്‍ കോല്‍ക്കത്ത ഒന്നാമതും ഗുജറാത്ത് രണ്ടാമതുമാണ്.

നേരത്തേ, വൈകുന്നേരത്തെ കളിയില്‍ സീസ ണില്‍ ആദ്യമായി ടോസ് നേടിയതിന്റെ ആഹ്ലാദത്തിലാണ് കോഹ്‌ലി ബാറ്റിംഗിനിറങ്ങിയത്. അച്ഛനായതിന്റെ ആഘോഷത്തിനായി നാട്ടില്‍ പോയ ക്രിസ് ഗെയ്ല്‍ തിരിച്ചെത്താത്തതിനാല്‍ ഷെയ്ന്‍ വട്‌സനായിരുന്നു കോഹ്‌ലിയുടെ ഓപ്പണിംഗ് പങ്കാളി. എന്നാല്‍, വെറും ആറു പന്തില്‍ വാട്‌സന്റെ ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. വിജയജോടികളായ കോഹ്‌ലി-ഡിവില്യേഴ്‌സ് സഖ്യം ക്രീസില്‍ ഒന്നിച്ചതോടെ ബാംഗളൂര്‍ ആരാധകര്‍ ആവേശത്തിലായി. പതിവുഫോമിന്റെ പരിസരത്തെത്താന്‍പോലും ഡിവില്യേഴ്‌സ് പാടുപെട്ടതോടെ സ്‌കോറിംഗ് താണു. പ്രവീണ്‍ താംബെയുടെ പന്തില്‍ റെയ്‌ന പിടിച്ചു ഡിവില്യേഴ്‌സ് പുറത്തായതോടെ ബാംഗളൂര്‍ പ്രതിസന്ധിയിലാകുകയും ചെയ്തു. 16 പന്തില്‍ വെറും 20 റണ്‍സായിരുന്നു എബിഡിയുടെ സംഭാവന.

കോഹ്‌ലി ഇന്നിംഗ്‌സിന്റെ കടിഞ്ഞാണ്‍ ഏറ്റെടുക്കുന്നതും ഈ ഘട്ടത്തിലാണ്. പകരക്കാരനായി ടീമിലെത്തിയ ടെസ്റ്റ് ഓപ്പണര്‍ കെ.എല്‍. രാഹുല്‍ മികച്ച പിന്തുണ നല്കുകയും ചെയ്തു. അവസാന ഓവര്‍ തുടങ്ങുമ്പോള്‍ കോഹ്‌ലിയുടെ സ്‌കോര്‍ 85 റണ്‍സ്. ഡ്വെയ്ന്‍ ബ്രാവോയുടെ രണ്ടാം പന്ത് സിക്‌സര്‍ പറത്തിയ ബാംഗളൂര്‍ ക്യാപ്റ്റന്‍ അവസാന പന്തില്‍ ബൗണ്ടറിയടിച്ച് മൂന്നക്കം തികച്ചു. രാഹുല്‍ 35 പന്തില്‍ 51 റണ്‍സെടുത്തു പുറത്താകാതെനിന്നു. രണ്ടാമത്തെ 50 റണ്‍സിലെത്താന്‍ വിരാടിന് വേണ്ടിവന്നത് കേവലം 23 പന്തുകള്‍.

ആദ്യവിക്കറ്റില്‍ 47 റണ്‍സ് കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് ഗുജറാത്ത് ലയണ്‍സിന്റെ മറുപടി തുടങ്ങിയത്. ബ്രെണ്ടന്‍ മക്കല്ലത്തെ സാക്ഷിനിര്‍ത്തി ഡ്വെയ്ന്‍ സ്മിത്താണ് കടന്നാക്രമണം നടത്തിയത്. 21 പന്തില്‍ 32 റണ്‍സെടുത്ത സ്മിത്തിനെ കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ പുറത്താക്കി. സ്മിത്ത് പോയതോടെ മക്കല്ലം ചാര്‍ജായി. ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച കിവി താരം 24 പന്തില്‍ 42 റണ്‍സെടുത്ത് തന്റെ റോള്‍ ഭംഗിയാക്കി.45 റണ്‍സ് എടുത്ത ക്യാപ്റ്റന്‍ റെയ്‌ന 140ല്‍ വച്ചു പുറത്തായപ്പോള്‍ കോഹ്‌ലിയും കൂട്ടരും ജയം മണത്തതാണ്. എന്നാല്‍, ദിനേഷ് കാര്‍ത്തിക് കപ്പിത്താന്റെ റോള്‍ ഏറ്റെടുത്തതോടെ ലയണ്‍സ് നാലാം ജയവും സ്വന്തമാക്കി.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്

പോയിന്റ് നില

ടീം, കളി, ജയം, തോല്‍വി, സമനില, പോയിന്റ്

കോല്‍ക്കത്ത 5-4-1-0-8
ഗുജറാത്ത് ലയണ്‍സ് 5-4-1-0-8
ഡല്‍ഹി 4-3-1-0-6
ഹൈദരാബാദ് 5-3-2-0-6
ബാംഗളൂര്‍ 5-2-3-0-4
മുംബൈ 6-2-4-0-4
പൂന 5-1-4-0-2
പഞ്ചാബ് 5-1-4-0-2

ടോപ് 5 ബാറ്റ്‌സ്മാന്‍
(മത്സരം, റണ്‍സ്, ഉയര്‍ന്ന സ്‌കോര്‍)

കോഹ്‌ലി 5-367-100*
വാര്‍ണര്‍ 5-294-90*
ഡിവില്യേഴ്‌സ് 5-269-83
ഗൗതം ഗംഭീര്‍ 5-237-90*
രോഹിത് ശര്‍മ 6-230-84*

ടോപ് 5 ബൗളര്‍
താരം, മത്സരം, വിക്കറ്റ്, മികച്ചപ്രകടനം

മക്ക്ലനേഗന്‍ 6-9-4/21
ഭുവനേശ്വര്‍ കുമാര്‍ 5-8-4/29
അമിത് മിശ്ര 4-7-4/11
മുസ്താഫിസുര്‍ 5-7-2/9
മുരുഗന്‍ അശ്വിന്‍ 5-7-3/36.

Related posts