ക്രിക്കറ്റ് ചരിത്രം എഴുതി പ്ലസ് വണ്‍ വിദ്യാര്‍ഥി ശ്രീഹരി; സഹായിയായി അനിയനും മുത്തശ്ശിയും

ktm-sreejarocricketഗാന്ധിനഗര്‍: ക്രിക്കറ്റിന്റെ ചരിത്രം ബുക്കില്‍ എഴുതി പ്ലസ് വണ്‍ വിദ്യാര്‍ഥി. ആര്‍പ്പൂക്കര പനമ്പാലം കല്ലംപള്ളി മാലിയില്‍ സജീഷ്-സിന്ധു ദമ്പതികളുടെ മകനും മാന്നാനം സെന്റ് എഫ്രേംസ് സ്കൂളിലെ വിദ്യാര്‍ഥിയുമായ ശ്രീഹരി കെ. സജീഷാണു ക്രിക്കറ്റിന്റെ ചരിത്രമെഴുതി ശ്രദ്ധേയനാകുന്നത്. 11 ബുക്കുകളില്‍ ശ്രീഹരി ഇതിനോടകം ക്രിക്കറ്റിനെക്കുറിച്ചു എഴുതിക്കഴിഞ്ഞു. വലിയ റിക്കാര്‍ഡ് ബുക്കിലാണു ക്രിക്കറ്റിന്റെ തുടക്കം മുതലുള്ള കളികളും കളിക്കാരെയും മൈതാനത്തെയും സംബന്ധിച്ച വിവരങ്ങള്‍ എഴുതിയിരിക്കുന്നത്. ലോകകപ്പ് ഒറ്റനോട്ടില്‍ എന്ന തലക്കെട്ടോടെ തുടങ്ങുന്ന പേജില്‍ ആദ്യലോകകപ്പിന്റെ  വിജയം രേഖപ്പെടുത്തിരിക്കുന്നു.

ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ 1975 ജൂണ്‍ ഏഴിനാണ് ആദ്യലോകകപ്പ് മത്സരം നടന്നത്. 60 ഓവര്‍ മത്സരങ്ങളാണ് ആദ്യ ലോകകപ്പില്‍ ഉണ്ടായിരുന്നത്. പ്രൂഡന്‍ഷ്യല്‍ കപ്പ് എന്നറിയപ്പെട്ടിരുന്ന പ്രഥമ ലോകകപ്പില്‍ ഓസ്‌ട്രേലിയയെ തോല്പിച്ച് വെസ്റ്റ് ഇന്‍ഡീസാണു കിരീടം നേടിയത്. ഇതിനുപുറമെ വെസ്റ്റ് ഇന്‍ഡീസ് ടീം ലോകകപ്പ് ഉയര്‍ത്തിപ്പിടിച്ച് ആഹ്ലാദം പങ്കിടുന്നതിന്റെ പത്രങ്ങളില്‍ വന്ന ഫോട്ടോ ഒട്ടിച്ചുചേര്‍ത്തിട്ടുണ്ട്.

രണ്ടാം ലോകകപ്പിന്റെ വിവരണവും അടുത്ത പേജില്‍ എഴുതിയിട്ടുണ്ട്. 1983ല്‍ നടന്ന മൂന്നാം ലോകകപ്പിലാണ് ഇന്ത്യ ആദ്യം കിരീടം ചൂടിയതെന്നു മറ്റൊരു പേജിലുണ്ട്. ലോകകപ്പുമായി നില്‍ക്കുന്ന കപില്‍ ദേവിന്റെ ചിത്രവുമുണ്ട്. കുമാരനല്ലൂര്‍ ദേവിവിലാസം സ്കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതലാണ് എഴുത്തു തുടങ്ങിയത്. അവധി ദിവസങ്ങളാണു ശ്രീഹരി എഴുത്തിനായി മാറ്റിവച്ചിരിക്കുന്നത്. മുത്തശി ചെല്ലമ്മ വലിയ പ്രോത്സാഹനമാണു നല്‍കുന്നത്. ശ്രീഹരിയുടെ അനുജന്‍ ശ്രീശാന്തും ക്രിക്കറ്റ് പ്രേമിയാണ്. എഴുതി തീര്‍ത്തവയെല്ലാം അച്ചടിച്ച്പുസ്തകമാക്കണമെന്ന ആഗ്രഹമാണു ശ്രീഹരിക്കുള്ളത്.

Related posts