ഗതാഗതക്കുരുക്കില്‍ നട്ടംതിരിഞ്ഞ് ഈരാറ്റുപേട്ട ടൗണ്‍; ഗതാഗതം നിയന്ത്രിക്കാന്‍ പോലീസില്ല

ktm-blockഈരാറ്റുപേട്ട: ഈരാറ്റുപേട്ട ടൗണിലെ ഗതാഗതക്കുരുക്കിനു പരിഹാരമില്ലാതെ അനന്തമായി നീളുന്നു. സ്കൂള്‍ തുറന്ന ഇന്നലെ ഗതഗാതം നിയന്ത്രിക്കാന്‍ പോലീസ് ഇല്ലായിരുന്നു. സെന്‍ട്രല്‍ ജംഗ്ഷന്‍ മുതല്‍ എംഇഎസ് ജംഗ്ഷന്‍ വരെയും കാഞ്ഞിരപ്പള്ളി റോഡില്‍ കെഎസ്ആര്‍ടിസി വരെയും പാലാ റോഡില്‍ വടക്കേക്കര വരെയും വാഹനങ്ങളുടെ നീണ്ടനിര കാണാമായിരുന്നു.

ജനങ്ങള്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍പ്പെട്ടു  വലയുകയാണ്. ടൗണിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണേണ്ട ട്രാഫിക് കമ്മിറ്റി ചേര്‍ന്നിട്ടു മാസങ്ങള്‍ കഴിഞ്ഞു.  മുനിസിപ്പാലിറ്റിയായതിനുശേഷം ട്രാഫിക് കമ്മിറ്റിയുടെ പ്രവര്‍ത്തനം അവതാളത്തിലാണ്. റോഡിന് ഇരുവശങ്ങളിലുമുള്ള സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിംഗും പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍നിന്നും പാലാ, കാഞ്ഞിരപ്പള്ളി, തൊടുപുഴ ഭാഗത്തേക്കു പോകുന്ന സ്വകാര്യബസുകളുടെ ടൗണിലെ അനധികൃത സ്റ്റോപ്പും ഓട്ടോറിക്ഷകളുടെ അനധികൃത കറക്കവുമാണ് ഗതാഗതക്കുരുക്കിനു പ്രധാന കാരണം.സ്കൂളുകള്‍ തുറന്നതോടെ തിരക്കു വര്‍ധിച്ചിട്ടും ട്രാഫിക് നിയന്ത്രിക്കാന്‍ പോലീസിനെ നിയോഗിക്കാത്ത നടപടി പ്രതിഷേധാര്‍ഹമാണെന്നു നാട്ടുകാര്‍ പറയുന്നു.

Related posts