കൊയിലാണ്ടി: കൊല്ലം പിഷാരിക്കാവ് ക്ഷേത്രോത്സവത്തിനു കൊണ്ടുവന്ന ആന ചരിഞ്ഞു. ഗുരുവായൂര്‍ ദേവസ്വത്തിന്റെ കേശവന്‍കുട്ടി എന്ന ആനയാണ് ചരിഞ്ഞത്. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് ആന ക്ഷേത്രക്കാവില്‍ ചെരിഞ്ഞത്. ദഹനസംബന്ധമായ അസുഖമാണ് കാരണമെന്നാണ് സൂചന. ആനയ്ക്കു 40 വയസുണ്ട്. ഗുരുവായൂര്‍ ദേവസ്വത്തിന്റെ തലയെടുപ്പുള്ള ആനകളില്‍ ഒന്നാണ് കേശവന്‍കുട്ടി.
കഴിഞ്ഞ രണ്ടുദിവസം ആനയെ എഴുന്നള്ളിച്ചിരുന്നു. ഉപ്പുരസമുളള മണല്‍ കഴിച്ചതും തെങ്ങോലകള്‍ കഴിക്കാന്‍ നല്‍കിയതുമാണ് അത്യാഹിതം വരുത്തിയതെന്ന് ആരോപണമുണ്ട്. പിഷാരിക്കാവ് ഉത്സവചടങ്ങിനിടെ ആന ചരിയുന്നത് ആദ്യമാണ്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ആനയെ ഇന്ന് സംസ്കരിക്കും.
ചരിഞ്ഞത് എഴുന്നള്ളിപ്പുകളിലെ പ്രിയ കൊമ്പന്
ഗുരുവായൂര്‍: എഴുന്നള്ളിപ്പുചിട്ടകള് മനപ്പാഠമാ ക്കിയ യുവ കൊമ്പനായിരുന്നു ഇന്നലെ ചരിഞ്ഞ കേശവന്‍കുട്ടി. നാടന്‍ ആനയായ കേശവന്‍കുട്ടി ഇക്കഴിഞ്ഞ ഉത്സവ എഴുന്നള്ളിപ്പുകള്‍ക്കു സജീവമായി പങ്കെടുത്ത അരോഗദൃഢഗാത്രനായിരുന്ന കേശവന്‍കുട്ടിയുടെ വേര്‍പാട് ആനപ്രേമികളെ ദുഃഖത്തിലാഴ്ത്തി. 2015ലെ ഉത്സവത്തിന് ആനയോട്ടത്തില്‍ ഒന്നാം സ്ഥാനക്കാരനായിരുന്നു കേശവന്‍കുട്ടി.
അന്നു പള്ളിവേട്ട, ആറാട്ട് ദിവസങ്ങളില്‍ ഗുരുവായൂരപ്പന്റെ തിടമ്പേറ്റി ഓട്ടപ്രദക്ഷിണം നടത്തുന്നതിനുള്ള അപൂര്‍വ ഭാഗ്യവും കേശവന്‍കുട്ടിക്കു ലഭിച്ചിരുന്നു. 1982ല്‍ ഡല്‍ഹിയില്‍ നടന്ന ഏഷ്യാഡില്‍ പങ്കെടുത്തിട്ടുണ്ട്. ഉയര്‍ന്ന മസ്തകവും നീളംകൂടിയ തുമ്പിക്കൈ, വലിയ ചെവികള്‍ തുടങ്ങി എല്ലാ ലക്ഷണവുമുള്ള നാടന്‍ ആനയായിരുന്നു. ആരോടും വാശിയില്ലാത്ത ശാന്തസ്വഭാവക്കാരനായിരുന്നു. തൃശൂര്‍ പൂരത്തിനു പാറമേക്കാവ് വിഭാഗത്തിനായി എഴുന്നള്ളിപ്പിനു പങ്കെടുക്കേണ്ടതായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച കൊയിലാണ്ടി പിഷാരിക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിന് എഴുന്നള്ളിപ്പിനായാണ് കൊണ്ടുപോയത്. ചൊവ്വാഴ്ച എരണ്ടക്കെട്ട് തുടങ്ങിയതോടെയാണ് ആന അവശനായത്. ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ചികിത്സ നടത്തിയെങ്കിലും ഇന്നലെ രാത്രിയോടെ ചരിയുകയായിരുന്നു. ആനയ്ക്കു പത്തു വയസുള്ളപ്പോള്‍ 1976 സെപ്റ്റംബറില്‍ ചേറ്റുപുഴ പ്രകാശ് ടിംബര്‍ ആന്‍ഡ് സോമില്‍ ഉടമ പള്ളിയാക്കല്‍ അയ്യപ്പനാണ് ആനയെ ഗുരുവായൂരപ്പനു നടയിരുത്തിയത്. കേശവന്‍കുട്ടി ചരിഞ്ഞതോടെ ദേവസ്വത്തില്‍ ആനകളുടെ എണ്ണം 54 ആയി.