പറവൂര്‍: ഗോതുരുത്തില്‍ ഇന്നലെ ഉച്ചയോടെ കാണാതായ ഏഴു വയസുകാരന്റെ മൃതദേഹം തെക്കേപുഴയില്‍ ഇന്നു രാവിലെ എട്ടോടെ കണ്ടെത്തി. ഗോതുരുത്ത് തെക്കേക്കടവ് കടത്ത് കടവിനു സമീപം ചേരമാന്‍തുരുത്തി ബിജുവിന്റെ മകനും പറവൂര്‍ മാര്‍ ഗ്രിഗോറിയോസ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയുമായ അലന്‍ (ഏഴ്) ആണ് ഇന്നലെ കാണാതായത്.
ഇന്നലെ കുട്ടി പള്ളിയില്‍ പോയി മതപഠനവും കഴിഞ്ഞു വീട്ടില്‍ വന്നതിനു ശേഷം സൈക്കിളില്‍ പോകുന്നതു കണ്ടവരുണ്ട്. ഒന്നോടെ അലനെ കാണാതാവുകയായിരുന്നു. സംഭവമറിഞ്ഞ് പറവൂരില്‍നിന്നും ഫയര്‍ഫോഴ്‌സും പോലീസുമെത്തി. മുങ്ങല്‍ വിദഗ്ധരും അന്വേഷണം നടത്തിയെങ്കിലും രാത്രി വരെ വിവരമൊന്നും ലഭിച്ചില്ല. അലന്‍ ഓടിച്ചിരുന്ന സൈക്കിള്‍ പുഴയരികില്‍ വച്ചിട്ടുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് കുട്ടി പുഴയില്‍ വീണതാണോയെന്ന് സംശയമുയര്‍ന്നത്.
എന്നാല്‍ സ്ത്രീ വേഷം കെട്ടി ചുറ്റിക്കറങ്ങിയ അന്യസംസ്ഥാനക്കാരായവര്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയോയെന്നും ചിലര്‍ സംശയിച്ചിരുന്നു. ഇത്തരം വേഷക്കാരെ കഴിഞ്ഞ ദിവസം കണ്ടെത്തിയപ്പോള്‍ നാട്ടുകാര്‍ ഇവരെ ഓടിച്ചുവിട്ടിരുന്നു.
കുട്ടിക്കുവേണ്ടി നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും അന്വേഷണം നടത്തുന്നതിനിടയില്‍ കുട്ടിയുടെ വീടിനു ഒരു കിലോമീറ്ററോളം പടിഞ്ഞാറു മാറി ഇന്നു രാവിലെ എട്ടോടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. വടക്കേക്കര പോലീസെത്തി നടപടികള്‍ സ്വീകരിച്ചു.പറവൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സംസ്ക്കരിക്കും.