ചാമ്പ്യന്‍സ് ലീഗില്‍ ഇനി ക്വാര്‍ട്ടര്‍ പോര്

sp-championsസ്പാനിഷ് ലാ ലിഗയില്‍ പരമ്പരാഗത വൈരികളായ റയല്‍ മാഡ്രിഡില്‍ നിന്നും ന്യൂകാമ്പിലെ സ്വന്തം കാണികള്‍ക്കു മുന്നിലേറ്റ തോല്‍വിക്കുശേഷം ബാഴ്‌സലോണ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിലെ ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ റയലിന്റെ നഗരവാസികളായ അത്‌ലറ്റിക്കോ മാഡ്രിഡിനെ നേരിടും. സ്പാനിഷ് ലീഗിലെ ഏറ്റവും മികച്ച ആക്രമണനിരയും ഏറ്റവും മികച്ച പ്രതിരോധനിരയും തമ്മിലുള്ള പോരാട്ടത്തിനാണ് ബാഴ്‌സലോണ-അത്‌ലറ്റികോ മാഡ്രിഡ് മത്സരം സാധ്യമാക്കുക. ആദ്യ പാദം സ്വന്തം ഗ്രൗണ്ടിലാണെന്നത് ബാഴ്‌സലോണയ്ക്ക് ആശ്വാസം നല്കുന്നു. ഇന്ത്യന്‍ സമയം രാത്രി 12.15നാണ് മത്സരം

ലാലിഗയില്‍ റയലില്‍നിന്നേറ്റ തോല്‍വിയോടെ ബാഴ്‌സയുടെ 39 മത്സരങ്ങളിലെ തോല്‍വി അറിയാതെയുള്ള കുതിപ്പാണ് തീര്‍ന്നത്. ഇതിനു മുമ്പ് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിന് സെവിയ്യയില്‍നിന്നാണ് തോല്‍വി നേരിട്ടത്. അത്‌ലറ്റിക്കോയ്‌ക്കെതിരെ ഇറങ്ങുമ്പോള്‍ റയലില്‍നിന്നേറ്റ തോല്‍വിയില്‍നിന്നു കരകയറാന്‍ മികച്ച വിജയമാണ് കറ്റാലന്‍ ടീമിന്റെ ലക്ഷ്യമിടുന്നത്. സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണ ഒന്നാമതും അത്‌ലറ്റിക്കോ രണ്ടാം സ്ഥാനത്തുമാണ്. റയലിനെതിരെയുള്ള മത്സരത്തിനു മുമ്പ് വരെ ബാഴ്‌സയുടെ കരുത്ത് എംഎസ്എന്‍ (ലയണല്‍ മെസി, ലൂയിസ് സുവാരസ്, നെയ്മര്‍) ത്രയത്തിലായിരുന്നു. ലീഗില്‍ സുവാരസ് 26ഉം മെസി 22ഉം നെയ്മര്‍ 21 ഗോള്‍ വീതവും നേടിയിട്ടുണ്ട്. എന്നാല്‍, ഈ ത്രയം കഴിഞ്ഞ മത്സരത്തില്‍ റയലിന്റെ വല ലക്ഷ്യമാക്കി ആക്രമണം നടത്തിയെങ്കിലും ഗോള്‍ നേടാനായില്ല.

അത്‌ലറ്റിക്കോയാണെങ്കില്‍ കഴിഞ്ഞ കളിയില്‍ റയല്‍ ബെറ്റിസിനെതിരെ വന്‍ വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ബാഴ്‌സയെ നേരിടാനെത്തുന്നത്. ഫെര്‍ണാണേ്ടാ ടോറസ്, ആന്റോണിയോ ഗ്രീസ്മാന്‍ എന്നിവര്‍ മികച്ച ഫോമിലാണ്. ഗ്രീസ്മാന്‍ ലീഗില്‍ 19 തവണ എതിര്‍വല കുലുക്കിയിട്ടുണ്ട്. ഈ സീസണിലെ ലീഗ് മത്സരങ്ങളിലെല്ലാം ബാഴ്‌സലോണയ്ക്കായിരുന്നു ജയം. ലീഗില്‍ നേടിയ ജയങ്ങള്‍ ബാഴ്‌സയ്ക്ക് അത്‌ലറ്റിക്കോയ്‌ക്കെതിരെ ആത്മവിശ്വാസമാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍, ചാമ്പ്യന്‍സ് ലീഗില്‍ തീര്‍ത്തും വ്യത്യസ്തമായ മത്സരം അത്‌ലറ്റിക്കോയില്‍നിന്നും ബാഴ്‌സ നേരിടേണ്ടിവരും. യൂറോപ്പിലെ ഏറ്റവും മികച്ച പ്രതിരോധനിരകളില്‍ ഒന്നുള്ള അത്‌ലറ്റിക്കോയുടെ വലയില്‍ ഗോളെത്തിക്കുക എന്നത് ബാഴ്‌സയ്ക്ക് അത്ര എളുപ്പമുള്ള കാര്യമല്ല.

ന്യൂകാമ്പില്‍ സമനില അല്ലെങ്കില്‍ ഒരു ഗോളെങ്കിലുമടിച്ച്് എവേ ഗോളിന്റെ ആനുകൂല്യം രണ്ടാം പാദം മാഡ്രിഡിലെ സ്വന്തം സ്‌റ്റേഡിയം വിസന്റെ കാല്‍ഡെറോണില്‍ വിനിയോഗിക്കാന്‍ വേണ്ടിയാണ് അത്‌ലറ്റിക്കോ ശ്രമിക്കുക. 2013-14 ചാമ്പ്യന്‍സ് ലീഗ് സീസണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ അത്‌ലറ്റിക്കോ രണ്ടു പാദങ്ങളിലുമായി ബാഴ്‌സലോണയെ 2-1 ന് തകര്‍ത്തിരുന്നു. അന്ന് ബാഴ്‌സലോണയില്‍ നടന്ന ആദ്യ പാദം 1-1ന് സമനിലയാകുകയും രണ്ടാം പാദത്തില്‍ അത്‌ലറ്റിക്കോ വിജയിക്കുകയും ചെയ്തു. അത്‌ലറ്റിക്കോയുടെ ആ മുന്നേറ്റം ഫൈനലിലെത്തിയശേഷമാണ് അവസാനിച്ചത്. അതുപോലൊരു കുതിപ്പാണ് ഡിയോഗോ സിമിയോണിയുടെ ടീം ഇത്തവണയും പ്രതീക്ഷിക്കുന്നത്. പരിക്ക് ഭേദമായി ഡിയേഗോ ഗോഡിന്‍ അത്‌ലറ്റിക്കോ നിരയിലേക്കു തിരിച്ചെത്തുന്നത് ടീമിന്റെ പ്രതിരോധം ശക്തമാക്കും.

ബയേണ്‍ മ്യൂണിക്-ബെന്‍ഫിക്ക

ബയേണ്‍ മ്യൂണിക് പോര്‍ച്ചുഗീസ് ചാമ്പ്യന്‍മാര്‍ ബെന്‍ഫിക്കയെ ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യപാദ ക്വാര്‍ട്ടറില്‍ നേരിടും. മ്യൂണിക്കിലെ സ്വന്തം ഗ്രൗണ്ട് അലയന്‍സ് അരീനയിലാണ് പോരാട്ടം. ഇരു ക്ലബ്ബും ആഭ്യന്തര ലീഗില്‍ നിലവില്‍ ഒന്നാം സ്ഥാനക്കാരായി കിരീടം ലക്ഷ്യമാക്കി കുതിക്കുകയാണ്. സ്വന്തം കാണികളുടെ മുന്നില്‍ കളിക്കുന്നതിന്റെ ആനുകൂല്യം വന്‍തോതില്‍ വിനിയോഗിക്കാനാണ് ബവേറിയന്‍സ് കളത്തിലിറങ്ങുന്നത്. ഇന്ത്യന്‍ സമയം രാത്രി 12.15നാണ് മത്സരം.

പ്രീക്വാര്‍ട്ടറില്‍ യുവന്റസിനെ 6-4ന്റെ അഗ്രഗേറ്റില്‍ തകര്‍ത്താണ് ബയേണ്‍ ക്വാര്‍ട്ടറിലെത്തിയത്. ബെന്‍ഫിക്കയാണെങ്കില്‍ സെനിത് സെന്റ് പീറ്റേഴ്‌സ്ബര്‍ഗിനെ (3-1) തോല്‍പ്പിച്ചുകൊണ്ടും. വിവിധ മത്സരങ്ങളിലായി ഇതുവരെ 36 ഗോള്‍ നേടിയ റോബര്‍ട്ട് ലെവന്‍ഡോസ്കിയുടെ മികവാണ് ബയേണിന്റെ കരുത്ത്. 32 തവണ എതിര്‍ വല കുലുക്കിയിട്ടുള്ള യോനാസാണ് ബെന്‍ഫിക്കയുടെ പ്രധാന പോരാളി. ഇരു ക്ലബ്ബും യൂറോപ്പിലെ വിവിധ മത്സരങ്ങളില്‍ ആറു തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ നാലിലും ജയം ജര്‍മന്‍ ക്ലബ്ബിനായിരുന്നു. രണെ്ടണ്ണം സമനിലയാകുകയും ചെയ്തു.

കഴിഞ്ഞ എട്ട് കളിയിലും ജയിച്ച് മികച്ച ഫോമിലാണ് ബെന്‍ഫിക്ക ജര്‍മനിയിലെത്തുന്നത്. ബയേണ്‍ പ്രീക്വാര്‍ട്ടറില്‍ യുവന്റസിനോടു പിന്നില്‍ നിന്നശേഷം ജയിച്ചു കയറുകയായിരുന്നു. കൂടാതെ ബുണേ്ടസ്‌ലീഗയില്‍ മാനിസിനോടു തോറ്റു. ബൊറൂസിയ ഡോര്‍ട്മുണ്ടുമായി സമനിലയില്‍ പിരിയേണ്ടിവന്നു. അതിനുശേഷം നടന്ന മൂന്നു മത്സരങ്ങളില്‍ വിജയത്തോടെ ബയേണ്‍ തിരിച്ചെത്തി. ലെവന്‍ഡോസ്കിക്കൊപ്പം തോമസ് മ്യൂളറും ചേരുമ്പോള്‍ ബയേണിന്റെ മുന്നേറ്റനിര കരുത്താകും. പിന്നെ മധ്യനിരയില്‍ തിയാഗോ അലകാന്‍ട്ര, ഫ്രാങ്ക് റിബറി, ആര്‍തുറോ വിദാല്‍, ഡഗ്ലസ് കോസ്റ്റ എന്നിവരും ഗോള്‍കീപ്പര്‍ മാനുവല്‍ നുയറും ചേരുമ്പോള്‍ ബയേണ്‍ ഏതൊരെതിരാളിക്കും പേടിസ്വപ്നമാകുകയും ചെയ്യും. ഈ ചാമ്പ്യന്‍സ് ലീഗ് സീസണിലെ നാല് ഹോം മത്സരങ്ങളിലും ബയേണിനായിരുന്നു ജയം. എതിര്‍വല പതിനെട്ട് തവണയാണ് കുലുങ്ങിയത്. അതുകൊണ്ട് ബെന്‍ഫിക്ക കരുതിയിരിക്കേണ്ടിവരും.

Related posts