ചൂടുകൂടുന്നു; ചെറുനാരങ്ങാവില കുതിക്കുന്നു; കിലോഗ്രാമിന് 140 രൂപ

ktm-narangaകോട്ടയം: ചെറുനാരങ്ങാ വില കുതിക്കുന്നു. ഏറ്റവും നല്ല നാരങ്ങാ ചില്ലറ വില്പന കിലോഗ്രാമിന് 140 രൂപയിലെത്തി. ചെറുതിന് 120-130 രൂപ വരെയാണു ചില്ലറ വില്പന വില. ചൂട് കൂടുന്നതനുസരിച്ച് നാരങ്ങാ വിലയും കുതിക്കുകയാണ്. വേനല്‍ ആരംഭത്തില്‍ 50 രൂപയുണ്ടായിരുന്ന നാരങ്ങാ വിലയാണ് ഇപ്പോള്‍ 140ല്‍ എത്തി നില്‍ക്കുന്നത്. തമിഴ്‌നാട്, ആന്ധ്ര എന്നീ സംസ്ഥാനങ്ങളില്‍നിന്നാണു കേരളത്തില്‍ ചെറുനാരങ്ങാ എത്തുന്നത്. തമിഴ്‌നാട്ടിലെ തിരുനല്‍വേലി ജില്ലയിലെ മുളിയാംകുടിയില്‍നിന്നാണ് ഏറ്റവുമധികം നാരങ്ങാ കേരളത്തിലേക്ക് എത്തുന്നത്.

കോട്ടയം മാര്‍ക്കറ്റില്‍ ദിവസേന മൂവായിരം കിലോഗ്രാം നാരങ്ങാ എത്തുന്നുണ്ടെന്നാണ് കണക്ക്. ഏറ്റവും നല്ലനാരങ്ങാ തമിഴ്‌നാട്ടിലേതാണെന്നു കച്ചവടക്കാര്‍ പറയുന്നു. വില ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് നാരങ്ങാ മൊത്തകച്ചവടക്കാര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷമാണ് നാരങ്ങാ വില റിക്കാര്‍ഡിലെത്തിയത്. 160 രൂപയായിരുന്നു ഒരു കിലോഗ്രാം നാരങ്ങയുടെ വില. നാരങ്ങാ വിലയും പഞ്ചസാര വിലയും വര്‍ധിച്ചത് നാരങ്ങാവെള്ളത്തിന്റെ വില വര്‍ധിപ്പിക്കാന്‍ കച്ചവടക്കാര്‍ നിര്‍ബന്ധിതരായിട്ടുണ്ട്. ഒരു മാസം മുമ്പു വരെ കിലോഗ്രാമിന് 33 രൂപയുണ്ടായിരുന്ന പഞ്ചാസാര വില ഇപ്പോള്‍ 40 രൂപയിലെത്തി.

Related posts