നെയ്യാറ്റിന്‍കര: കായികതാരങ്ങളെ ഉയര്‍ത്തി കൊണ്ടുവരുന്ന വേദിയായി ചെങ്കല്‍ വലിയകുളത്തെ മാറ്റുന്നതിനോടനുബന്ധിച്ച് ഒക്‌ടോബര്‍ 11 ന് നീന്തല്‍ പരിശീലനം ആരംഭിക്കുമെന്ന് കെ. ആന്‍സലന്‍ എംഎല്‍എ പറഞ്ഞു. ഇതിന്റെ മുന്നോടിയായി ഫ്രീ ഫാബ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ ക്രമീകരണം ഉടന്‍ തുടങ്ങും. കനായിംഗ്, കയാക്കിംഗ് പരിശീലനം സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുമെന്നും ആന്‍സലന്‍ കൂട്ടിച്ചേര്‍ത്തു.
നെയ്യാര്‍ മേളയുടെ ഭാഗമായി ചെങ്കല്‍ വലിയകുളത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും ചെങ്കല്‍ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കനായിംഗ്, കയാക്കിംഗ് എന്നിവയുടെ പ്രദര്‍ശന മത്സരോദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചെങ്കല്‍ പഞ്ചായത്ത് പ്രസിഡന്റ് വട്ടവിള രാജ്കുമാര്‍ അധ്യക്ഷനായിരുന്ന യോഗത്തില്‍ സിപിഐ എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബി. ശ്രീകുമാര്‍, പഞ്ചായത്ത് അംഗങ്ങളായ അഡ്വ. പൂഴിക്കുന്ന് ശ്രീകുമാര്‍, പുഷ്പറാണി, ജി.വി അജിത, മേള ജനറല്‍ കണ്‍വീനര്‍ എം. ഷാനവാസ്, ജലോത്സവ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എന്‍. പ്രേംകുമാര്‍, ചെങ്കല്‍ പഞ്ചായത്ത് സെക്രട്ടറി തുളസീധരന്‍നായര്‍, മേളയുടെ ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിച്ചു.
ഉദ്ഘാടനത്തിനു ശേഷം കായികതാരങ്ങളുടെ മാര്‍ച്ച് പാസ്റ്റ് നടന്നു. മത്സരങ്ങളുടെ ഫ്‌ളാഗ് ഓഫ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി സഞ്ജയന്‍കുമാര്‍ നിര്‍വഹിച്ചു. കനായിംഗ്, കയാക്കിംഗ് മത്സരങ്ങള്‍ ചെങ്കല്‍ ഗ്രാമത്തിന് തികച്ചും നവ്യാനുഭവമായി. അന്താരാഷ്ട്ര തലത്തില്‍ ജേതാക്കളായവരടക്കം ഇന്നലെ ചെങ്കല്‍ വലിയകുളത്തില്‍ പ്രദര്‍ശന മത്സരത്തില്‍ പൊരുതാനെത്തിയിരുന്നു.
വൈഷ്ണവ് രാജ്, അനൂപ് അപ്പുക്കുട്ടന്‍, വിപിന്‍. പി, യദു പ്രസാദ്, ബെറ്റി ജോസഫ്, ഷാലു പ്രസാദ്, ശില്‍പ്പ ശിശുപാലന്‍, ജെറിന്‍ തോമസ്, നന്ദു ഉത്തമന്‍, ശ്രീഹരി, അഖില്‍ പൊന്നപ്പന്‍, ഗോപിക .കെ എസ്, വിനീത .പി, അനന്ദു ഷാജി, ഷാലു പ്രകാശ്, കരീഷ്മ സുരേഷ്, വിഷ്ണു പ്രസന്നന്‍, ഹരിക്യഷ്ണന്‍, അതുല്യ. എസ്, ശ്യാമകുമാര്‍, ആല്‍വിന്‍ അപ്പുക്കുട്ടന്‍, ഗിരീഷ് കെ.ഡി മുതലായ താരങ്ങള്‍ മത്സരങ്ങളില്‍ പങ്കെടുത്തു. തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിലെ കലാകാരന്മാര്‍ അണിനിരന്ന ഭാരതീയം രംഗോത്സവം, കലാഭാരതി രാജീവും സംഘവും അവതരിപ്പിച്ച തായമ്പക, കലാഭവന്‍ മണി സ്മൃതി സന്ധ്യ എന്നിവ അരങ്ങേറി.