ചെങ്ങന്നൂരില്‍ വഴിയോര കച്ചവടക്കാര്‍ നടപ്പാത കയ്യേറുന്നു

alp-footpathചെങ്ങന്നൂര്‍: വഴിയോര കച്ചവടക്കാര്‍ നടപ്പാതകള്‍ കയ്യേറി അനധികൃതമായി കച്ചവടം നടത്തുമ്പോള്‍ കാല്‍നടയത്രികര്‍ അപകടഭീതിയില്‍.  നഗരത്തിലെ ചെറുതും വലുതുമായ റോഡുകളില്‍ വഴിയോര വാണിഭം പൊടിപൊടിക്കുകയാണ്. ഭക്ഷണ പദാര്‍ത്ഥങ്ങള്‍, കളികോപ്പു കള്‍, മറ്റ് അവശ്യ വസ്തുക്കള്‍ എന്നിവയാണ് ഇവരുടെ വില്‍പ്പന ചരക്കുകള്‍. കച്ചവടക്കാര്‍ റോഡുകളിലെ നടപ്പാതകള്‍ പൂര്‍ണമായി കയ്യേറിയാണ് കച്ചവടം നടത്തുന്നത്. മണിക്കൂറില്‍ ആയിരക്കണക്കിനു കാല്‍നടയാത്രികര്‍ വന്നുപോകുന്നതും ഗതാഗത പ്രശ്‌നങ്ങളും റോഡിന്റെ വീതികുറവും പ്രധാന പ്രശ്‌നമായ ചെങ്ങന്നൂരില്‍ ഇത്തരം വഴിയോരക്കച്ചവടങ്ങള്‍ വലിയ അപകടങ്ങള്‍ക്കു തന്നെ വഴിവെച്ചിരിക്കയാണ്.

പ്രധാനമായും റെയിവേ സ്റ്റേഷന്‍ പരിസരത്താണ് വഴിയോരക്കച്ചവടങ്ങള്‍ അപകട ഭീഷണി ഉയര്‍ത്തുന്നത്. റയില്‍വേസ്റ്റേഷന്‍, മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ്, കെഎസ്ആര്‍ടിസി ബസ് സ്റ്റോപ്പ് എന്നിവയും കൂടാതെ ടാക്‌സി സ്റ്റാന്റ്, മുനിസിപ്പാലിറ്റി എന്നിവ ഉള്‍ക്കൊളളുന്നയിടത്തെ പ്രധാന നടപ്പാത പൂര്‍ണമായും വഴിയോര കച്ചവടക്കാര്‍ കയ്യേറിയ നിലയിലാണ്. ശബരിമല സീസണ്‍ എത്തുമ്പോള്‍ പോലീസും റവന്യൂവകുപ്പും നഗരസഭയും ചേര്‍ന്ന് കച്ചവടക്കാരെ ഈ പ്രദേശത്തുനിന്നും ഒഴിപ്പിക്കുമെങ്കിലും  രണ്ടോ മൂന്നോ ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇവര്‍ വീണ്ടും ഇവിടെ കച്ചവടം പുനരാരംഭിക്കുന്നതായും നാട്ടുകാര്‍ പറയുന്നു.

വഴിയോരക്കച്ചവടക്കാരെ പൂര്‍ണമായി ഒഴിപ്പിച്ച് ഇവരില്‍ കച്ചവടം നടത്താന്‍ താത്പര്യമുള്ളവരെ ശാസ്താപുറം ചന്തയിലേക്ക് പുനരധിവസിപ്പിക്കാമെന്ന് പലകോണുകളില്‍ നിന്ന് ആവശ്യങ്ങള്‍ ഉയര്‍ന്നു വന്നിരുന്നെങ്കിലും ഇതില്‍ നടപടികളൊന്നും കൈക്കൊള്ളാന്‍ അധികാരികളോ ഉദ്യോഗസ്ഥരോ തയ്യാറായിട്ടില്ലത്രേ.  വഴിയോര കച്ചവടങ്ങള്‍ നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമായിട്ട് പതിറ്റാണ്ടുകളായിട്ടും നടപടികളെടുക്കാന്‍ മാറിമാറി വരുന്ന നഗരസഭ ഭരണാധികരികള്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ സാധിക്കുന്നില്ലെന്നാണ് ആക്ഷേപം.

Related posts