കാഞ്ഞിരപ്പള്ളി: വയോധികരായ ചെല്ലമ്മക്കും കുഞ്ഞുമോള്‍ക്കും ഇത് പുനര്‍ ജന്മം. രക്ഷകനായത് വിഴിക്കത്തോട് ആറ്റുതൊടുകയില്‍ മുനീര്‍ യൂസഫ്. ഇന്നലെ ഉച്ചക്ക് 1.30ന് കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡിലാണ് സംഭവം. പ്ലസ്ടു കഴിഞ്ഞ മുനീര്‍ സഹോദരന്റെ വിദ്യാഭ്യാസ ആവശ്യത്തിനായിട്ടാണ് കാഞ്ഞിരപ്പള്ളിയിലെത്തിയത്. വിഴിക്കത്തോടിന് ബസ് കാത്തു നില്‍ക്കുമ്പോഴാണ് കെഎസ്ആര്‍ടിസി ബസ് അമിത വേഗത്തില്‍ പിന്നോട്ടു പാര്‍ക്കു ചെയ്യാന്‍ വരുന്നത് കണ്ടത്. പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലസിന്റെ തൂണിനോടു ചേര്‍ന്ന് ബസ് കാത്തുനിന്ന കുളപ്പുറം കണ്ടത്തില്‍പറമ്പില്‍ കുഞ്ഞുമോളെയും അഞ്ചിലിപ്പ സ്വദേശിനി ചെല്ലമ്മയെയും ഒരുനിമിഷം വൈകാതെ, ബസ് ഇടിക്കാതെ മുനീര്‍ തള്ളിമാറ്റി. മുനീര്‍ കൈവലിച്ചെടുക്കുന്നതിനു മുമ്പുതന്നെ നടുവിരല്‍ ബസിനും തൂണിനുമിടയില്‍ ഞെരിഞ്ഞമര്‍ന്നു. ഇവരെ തള്ളി മാറ്റിയില്ലായിരുന്നെങ്കില്‍ വന്‍ ദുരന്തം ഉണ്ടാകുമായിരുന്നുവെന്ന് കണ്ടുനിന്നവര്‍ പറഞ്ഞു.
ഇതേ സമയം പൊന്‍കുന്നം ഡിപ്പോയിലെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഓടി രക്ഷപെട്ടു. കുഞ്ഞുമോളും ചെല്ലമ്മയും റബര്‍തടി വെട്ടുന്ന സ്ഥലത്തെത്തി ചുള്ളി കോന്തുന്ന ജോലിചെയ്യുന്നവരാണ്. ഇന്നലെ ജോലി ഇല്ലാത്തതുമൂലം ഉച്ചവരെ യൂണിയന്‍ ഓഫീസില്‍ ഇരുന്നതിനുശേഷം വീട്ടിലേക്ക് പോകാന്‍ ബസ് കാത്തുനില്‍ക്കുമ്പോഴായിരുന്നു അപകടം. തള്ളി മാറ്റിയപ്പോള്‍ കുഞ്ഞുമോളുടെ ദേഹത്തേക്കാണ് ചെല്ലമ്മയും മറ്റൊരു സ്ത്രീയും വീണത്. വീഴ്ചയുടെ ആഘാതത്തില്‍ ചെല്ലമ്മയുടെ കൈക്ക് പരിക്കേറ്റു. ബസ് കണ്ടക്ടറും നാട്ടുകാരും ചേര്‍ന്നാണ് മുനീറിനെയും ചെല്ലമ്മയെയും കുഞ്ഞുമോളെയും കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെത്തിച്ചത്. മുനീറിന്റെ വിരല്‍ ചതഞ്ഞരഞ്ഞതിനാല്‍ തുന്നലിടാന്‍ കഴിഞ്ഞില്ല.
സംഭവ സ്ഥലത്തെത്തി പോലീസ് ബസ് കസറ്റഡിയിലെടുത്തു. കേസ് വേണെ്ടന്നു പറഞ്ഞ് മടങ്ങാന്‍ ഒരുങ്ങിയ ഇവരെ പോലീസിന്റെ നിര്‍ദേശപ്രകാരമാണ് പരാതി നല്‍കാന്‍ മൂവരും കാഞ്ഞിരപ്പള്ളി സ്റ്റേഷനിലെത്തിയത്. മണിക്കൂറോളം കാത്തുനിന്നതിനുശേഷമാണ് ബസിന്റെ ഡ്രൈവര്‍ സ്‌റ്റേഷനിലെത്തിയത്. ഡ്രൈവര്‍ മോശമായ ഭാഷയിലാണ് സംസാരിച്ചതെന്നും നക്കാപ്പിച്ചക്കുവേണ്ടിയാണ് പരാതി നല്‍കുന്നതെന്നു പറഞ്ഞ ഡ്രൈവറുടെ വാക്കുകള്‍ വേദനയുളവാക്കിയെന്നും മുനീര്‍ പറഞ്ഞു. ഡ്രൈവര്‍ അലക്ഷ്യമായിട്ടാണ് ബസ് അമിതവേഗതയില്‍ പിന്നോട്ടെടുത്തതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതായി പോലീസ് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ അലക്ഷ്യമായി വാഹനമോടിച്ചതിന് ഡ്രൈവര്‍ക്കെതിരേ കേസെടുത്തു.