ചേനയും ചേമ്പും രുചിച്ച് കാളവണ്ടിയില്‍ സുധീരന്റെ ജൈവയാത്ര

ktm-sudheeranകടുത്തുരുത്തി: ചേനയും ചേമ്പും  രുചിച്ച് കാളവണ്ടിയില്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരിന്റെ ജൈവയാത്ര. മാഞ്ഞൂര്‍ പഞ്ചായത്ത് ചാമക്കാലായിലെ ഓണാഘോഷ പരിപാടിയുടെ ഭാഗമായി നടന്ന മാഞ്ഞൂര്‍ മണ്‍സൂണ്‍ മേള യുടെയും  നാട്ടുപച്ചയുടെയും ഉദ് ഘാടനത്തിനെത്തിയപ്പോഴാണ് വി.എം. സുധീരന്‍ കാളവണ്ടി യാത്ര നടത്തിയത്. ഡിസിസി പ്രസിഡന്റ് ടോമി കല്ലാനി, വാര്‍ഡ് മെമ്പര്‍ ബിനോയ് ഇമ്മാനുവേല്‍ എന്നിവരും സഹയാത്രകാരായിരുന്നു.     അയല്‍സഭാ കണ്‍വീനര്‍ ഗിരിജാദേവിയുടെ വസതിയില്‍ വച്ചാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ കൃഷി ചെയ്ത ജൈവപച്ചക്കറി വിഭവങ്ങള്‍ സുധീരന്‍ ഭക്ഷിച്ചത്.

തുടര്‍ന്ന് മാഞ്ഞൂര്‍ പഞ്ചായത്തിലെ ആദ്യ പട്ടികജാതി അംഗവും സമുദായ നേതാവുമായിരുന്ന പി.എ. ചോതിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തി. പാറപ്പുറത്തുനിന്നു മത്സരവേദിയായ നാട്ടുപച്ചയിലേക്കു കാളവണ്ടിയിലായിരുന്ന സുധീരന്റെ യാത്ര നടത്തിയത്. നെല്ലച്ചന്‍ ചെറുവയല്‍ രാമനെയും, ജൈവയാത്രയ്ക്കുപയോഗിച്ച കാളവണ്ടിയുടെ ഉടമ പാറേശരി ചാക്കോച്ചനെയും വിവിധ വിഭാഗങ്ങളില്‍പെട്ട കര്‍ഷകരെയും യോഗത്തില്‍ കെപിസിസി പ്രസിഡന്റ് ആദരിച്ചു. കുഴിയാഞ്ചാല്‍ തോട്ടില്‍ മോന്‍സ് ജോസഫ് എംഎല്‍എയ്‌ക്കൊപ്പം ചൂണ്ടയിട്ടുക്കൊണ്ടാണ് പരിപാടിയുടെ ഭാഗമായി നടന്ന ചൂണ്ടയിടീല്‍ മത്സരം വി.എം. സുധീരന്‍ ഉദ്ഘാടനം ചെയ്തത്.

ഉദ്ഘാടന സമ്മേളനത്തില്‍ മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.സി. മാത്യു അധ്യക്ഷത വഹിച്ചു. ടി ജോസഫ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സഖറിയാസ് കുതിരവേലി, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോളി ലൂക്കാ, മാഞ്ഞൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ചു അജിത്ത്, കോണ്‍ഗ്രസ് കടുത്തുരുത്തി ബ്ലോക്ക് പ്രസിഡന്റ് ബേബി തൊണ്ടാംകുഴി, മേരി ജോസ്, സുനു ജോര്‍ജ്, ലൂക്കോസ് മാക്കീല്‍, സി.എം. ജോര്‍ജ്, ജെയിംസ് പുല്ലാപ്പള്ളി, സി.ജെ. തങ്കച്ചന്‍ എന്നിവര്‍ പങ്കെടുത്തു. ഭക്ഷ്യമേള, പായസമേള, നാട്ടുചന്ത, കര്‍ഷകരെ ആദരിക്കല്‍, സെമിനാര്‍ തുടങ്ങിയ വിവിധ പരിപാടികളും മേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

Related posts