ജലക്ഷാമം രൂക്ഷം; വിലങ്ങാട് നിവാസികള്‍ക്ക് ആശ്വാസമായി കേളപ്പന്‍വൈദ്യരുടെ കുടിവെള്ള വിതരണം

KKD-WATERനാദാപുരം: മയ്യഴി പുഴയുടെ ഉത്ഭവകേന്ദ്രമായ വിലങ്ങാട് പുഴകളും അരുവികളും വറ്റിവരണ്ടു. ആദിവാസികളടക്കമുളള മലയോരവാസികള്‍ കുടിവെള്ളത്തിനായ് നെട്ടോട്ടത്തില്‍. കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവിക്കുന്ന ഉടുമ്പിറങ്ങിമല നിവാസികള്‍ക്ക് പാരമ്പര്യ വൈദ്യന്‍ കേളപ്പന്‍ വൈദ്യര്‍ വിഷുക്കൈനീട്ടമായി കുടിവെള്ളം നല്‍കി.

കുടിവെള്ളക്ഷാമം നേരിടുന്ന ഉടുമ്പിറങ്ങി മലയിലെ ഒമ്പത് കുടുംബങ്ങള്‍ക്കാണ് കേളപ്പന്‍ വൈദ്യര്‍ കുടിവെള്ളം എത്തിച്ചുനല്‍കിയത്. വാണിമേല്‍ ഗ്രാമപഞ്ചായത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് കുടിവെള്ളപദ്ധതികളുടെ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും ഒരു പദ്ധതിയും യാഥാര്‍ഥ്യമായില്ല. മാസങ്ങള്‍ക്കുമുമ്പ് തെങ്ങില്‍നിന്ന് വീണ് നട്ടെല്ലിന് ക്ഷതമേറ്റ് കിടപ്പിലായ കൊച്ചുപറമ്പില്‍ ജെയിംസിനെ ശുശ്രൂഷിക്കാന്‍ ഉടുമ്പിറങ്ങി മലയിലെത്തിയ വൈദ്യര്‍ കുടിവെള്ളക്ഷാമം നേരിട്ടറിഞ്ഞിരുന്നു.

ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജോര്‍ജ്ജ് കുട്ടി മാസ്റ്ററുടേയും, വ്യാപാരി ബിനോയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് വൈദ്യര്‍ വിഷുവിന് കുടിവെള്ളമെത്തിച്ച് നല്‍കിയത്. കുടിവെള്ളത്തിനുളള മൂന്ന് വലിയ ടാങ്കുകളും, പൈപ്പുകളുമാണ് വൈദ്യര്‍ നല്‍കിയത്. കുടിവെള്ളമെത്തിക്കാനുളള ലോറി വിലങ്ങാട് ടൗണിലെ പുളിക്കല്‍ സ്റ്റോര്‍സ് ഉടമകള്‍ സൗജന്യമായി നല്‍കുകയും ചെയ്തു. ഉടുമ്പിറങ്ങിമല നിവാസികള്‍ ഗ്രാമപഞ്ചായത്തില്‍ കുടിവെള്ളമെത്തിക്കാനുളള അപേക്ഷകള്‍ നല്‍കിയെങ്കിലും നാളിതുവരെയായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു മറുപടിയും ലഭിച്ചില്ല. ഇതിനിടയിലാണ് കേളപ്പന്‍ വൈദ്യരുടെ വിഷുക്കൈനീട്ടമായി കുടിവെളളം ലഭിച്ചത്.

Related posts