പത്തനംതിട്ട: കെഎസ്ആര്‍ടിസിക്കു ജില്ലയില്‍ മൂന്ന് പ്രധാന ഡിപ്പോകളും നാല് ഓപ്പറേറ്റിംഗ് സെന്ററുകളുമുണ്ടെങ്കിലും ഡീസല്‍ ലഭിക്കുന്നത് അടൂരും തിരുവല്ലയിലും മാത്രം. ഇന്ധനം നിറയ്ക്കാന്‍ വേണ്ടി അഡീഷണല്‍ യാത്ര വേണ്ടിവരുന്ന ബസുകള്‍ക്ക് ഇതുവഴി നഷ്ടകണക്ക്. ജില്ല ആസ്ഥാനമായ പത്തനംതിട്ട ഡിപ്പോയ്ക്കുവേണ്ടി ബസ് ടെര്‍മിനലിന്റെ പുനര്‍ നിര്‍മാണ ജോലികള്‍ നടക്കുകയാണ.് ഇതോടെയാണ് പമ്പിന്റെ പ്രവര്‍ത്തനവും നിലച്ചത്. ബസ് സ്റ്റേഷന് നിലവില്‍ താത്കാലികാടിസ്ഥാനത്തില്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിച്ചുവരികയാണ്. കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനിലുണ്ടായിരുന്ന പമ്പ് പൊളിച്ചുമാറ്റി. ബസ് ടെര്‍മിനലിനോടനുബന്ധിച്ച് പമ്പ് പ്രവര്‍ത്തിപ്പിക്കാനും സംവിധാനമുണ്ടാകും.
പന്തളം, മല്ലപ്പള്ളി, കോന്നി, റാന്നി എന്നിവിടങ്ങളില്‍ ഓപ്പറേറ്റിംഗ് സെന്ററുകളായാണ് ഡിപ്പോകളുടെ പ്രവര്‍ത്തനം. ബസുകളും ജീവനക്കാരും ഉണ്ടെന്നതൊഴിച്ചാല്‍ ഡീസല്‍ അടിക്കാനുള്ള സൗകര്യങ്ങളൊന്നുമില്ല. പന്തളം അടൂര്‍ ഡിപ്പോയുടെ കീഴിലും മല്ലപ്പള്ളി തിരുവല്ലയോടു ചേര്‍ന്നു റാന്നി പത്തനംതിട്ടയുമായി ബന്ധിപ്പിച്ചുമാണ് പ്രവര്‍ത്തനം. കോന്നി ഓപ്പറേറ്റിംഗ് സെന്ററിനെ പത്തനാപുരം ഡിപ്പോയോടാണ് ബന്ധിപ്പിച്ചിരിക്കുന്നത്. പത്തനംതിട്ട ഡിപ്പോയില്‍ നിലവില്‍ പ്രതിദിനം ഓപ്പറേറ്റ് ചെയ്യുന്ന എഴുപതിലധികം ഷെഡ്യൂളുകള്‍ക്കും അന്യ ഡിപ്പോകളെയാണ് ആശ്രയം.
ദീര്‍ഘദൂര ബസുകള്‍ കടന്നുപോകുന്ന പ്രധാന ഡിപ്പോകളെ ബന്ധപ്പെടുത്തി ഡീസല്‍ അടിക്കും. ഓര്‍ഡിനറി ബസുകള്‍ക്ക് അടൂര്‍, പുനലൂര്‍, തിരുവല്ല എന്നിവിടങ്ങളിലേക്ക് അഡീഷണല്‍ ട്രിപ്പ് നല്‍കിയാണ ്ഇന്ധനം ശേഖരിക്കുന്നത്. റാന്നിയിലെ ബസുകളിലധികവും നേരത്തെ പത്തനംതിട്ടയിലെത്തിയാണ് ഡീസല്‍ നിറച്ചിരുന്നത്. പത്തനംതിട്ടയിലെ പമ്പ് ഇല്ലാതായതോടെ ബസുകള്‍ തിരുവല്ലയിലേക്ക് അഡീഷണല്‍ ട്രിപ്പ് നടത്തുകയാണ്. ഡീസല്‍ അടിക്കുന്നതിനുവേണ്ടിയുള്ള അധികയാത്ര കെഎസ്ആര്‍ടിസിക്കു നഷ്ടമുണ്ടാക്കുന്നു. മല്ലപ്പള്ളിയിലെ ബസുകള്‍ തിരുവല്ല, കോട്ടയം ഡിപ്പോകളെ ആശ്രയിച്ചാണ് ഡീസല്‍ നിറയ്ക്കുന്നത്.
പന്തളം ബസുകള്‍ക്ക് അടൂര്‍ ഡിപ്പോയാണ് ശരണം. കോന്നിയിലെ ബസുകള്‍ പത്തനാപുരം, പുനലൂര്‍ ഡിപ്പോകളെ ആശ്രയിച്ചുവരുന്നു. കഴിഞ്ഞസര്‍ക്കാരിന്റെ കാലത്ത് സ്വകാര്യ പമ്പുകളുമായി ചേര്‍ന്ന് കെഎസ്ആര്‍ടിസി ബസുകളില്‍ ഇന്ധനം നിറയ്ക്കാന്‍ ക്രമീകരണം ചെയ്തിരുന്നു. അധികയാത്ര ഒഴിവാക്കി ഡീസല്‍ നിറയ്ക്കാനുള്ള സൗകര്യം ചെയ്താല്‍ കെഎസ്ആര്‍ടിസിക്കു വരുമാന വര്‍ധന പ്രതീക്ഷിക്കാനാകുമെന്ന് ജീവനക്കാരും പറയുന്നു.