ജില്ലയില്‍ ചൂട് ഉയരുന്നു; പകര്‍ച്ചവ്യാധികള്‍ സൂക്ഷിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

pkd-sunപാലക്കാട്: ജില്ലയില്‍ കനത്ത വേനല്‍ തുടങ്ങിയതോടെ നാടും നഗരവും ചൂടില്‍ പൊള്ളി പിടയുമ്പോള്‍ സൂര്യാഘാതം, ചിക്കന്‍പോക്‌സ്, എന്നുതുടങ്ങി വിവിധ അസുഖങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്നും മുന്‍ കരുതല്‍ വേണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ കെ പി റീത്ത മുന്നറിയിപ്പു നല്‍കി.അന്തരീക്ഷ ഊഷ്മാവ് കൂടുന്നതുകൊണ്ട് മനുഷ്യരിലും മറ്റു ജീവജാലങ്ങളിലും നിരവധി രോഗങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ട്. കൃഷി, തൊഴിലുറപ്പ്, നിര്‍മ്മാണ ജോലികള്‍ ചെയ്യുന്നവരുടെ ജോലി സമയം സര്‍ക്കാര്‍ ക്രമീകരിച്ചെങ്കിലും സൂര്യതാപം ഏല്‍ക്കുന്നവരുടെ എണ്ണം കൂടിവരികയാണെന്നും ഇതിന് ജനങ്ങള്‍ സ്വയം ശ്രദ്ധിക്കണമെന്നും  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുന്നറിയിപ്പു നല്‍കി.

അന്തരീക്ഷതാപം പരിധിക്കപ്പുറം ഉയരുന്നതുമൂലം ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകുന്നതുമൂലം സംഭവിക്കുന്നതാണ് സൂര്യാഘാതം. വലിയതോതിലുള്ള സൂര്യഘാതങ്ങള്‍ ജില്ലയില്‍ ഈ വര്‍ഷം റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. എന്നാല്‍ സൂര്യാഘാതം സംഭവിക്കാതെ ജനങ്ങള്‍ കരുതലെടുക്കണമെന്നും അവര്‍ പറഞ്ഞു. കൂടുതല്‍ സമയം തുറസ്സായ സ്ഥലങ്ങളില്‍ പണിയെടുക്കുമ്പോഴാണ് ഇതിനുള്ള സാധ്യതയുണ്ടാകുന്നത്. വളരെ ഉയര്‍ന്ന ശരീരതാപത്തെ തുടര്‍ന്ന് ശരീരം ചൂടായി വറ്റിവരണ്ട് നാഡിയിടിപ്പ് വേഗതയിലാവും. തുടര്‍ന്ന് ശക്തിയായ തലവേദനയും തുടര്‍ന്ന് തലകറക്കം സംഭവിക്കാം.

രോഗി അബോധാവ സ്ഥയിലെത്തു ന്നതിനും സാധ്യതയുണ്ട്. കൂടുതല്‍ സമയം വെയിലത്ത് ജോലിചെയ്യുന്നതുമൂലം ശരീരം വിയര്‍ത്ത് ജലവും ലവണവും നഷ്ടപ്പെടുന്നതുമൂലം സംഭവിക്കുന്ന അവസ്ഥയാണ് പേശീവലിവ്. ഇത് സാധാരണചൂടു കൂടുമ്പോള്‍ കണ്ടുവരുന്നതാണ്. കൈകാലുകളെയും ഉദരപേശികളെയുമാണ് പേശീവലിവ് കൂടുതലായി ബാധിക്കുന്നത്. വെയിലേല്‍ക്കാതെ തണുപ്പുള്ള സ്ഥലത്തേക്കു മാറിനില്‍ക്കുക, ഉപ്പിട്ട കഞ്ഞി- നാരാങ്ങാവെള്ളം എന്നിവ ഉപയോഗിക്കുക എന്നിവ പേശീവലിവിനു ആശ്വാസമേകും. ശരീരം ചൊറിഞ്ഞ് തിണര്‍ക്കുന്നതിനെയാണ് ഹീറ്റ് റാഷ് അഥവാ ശരീര തിണര്‍പ്പ് എന്നു പറയുന്നത്.

ശരീരത്തിലെ ഗുഹ്യഭാഗങ്ങളെയാണ് ഇത് ഏറെ ബാധിക്കുന്നത്. തിണര്‍പ്പുള്ള ഭാഗങ്ങള്‍ ഉണങ്ങിയ അവസ്ഥയില്‍ സൂക്ഷിക്കുന്നത് തിണര്‍പ്പ് കുറയാന്‍ സഹായിക്കുമെന്നും മെഡിക്കല്‍ കുറിപ്പില്‍ പറയുന്നു. എല്ലാവിഭാഗം ജനങ്ങളും ചൂടിനെ പ്രതിരോധിക്കാന്‍ തിളപ്പിച്ചാറ്റിയ ജലം അധികമായി ഉപയോഗിക്കണമെന്നും തണലില്‍ വിശ്രമിക്കണമെന്നും പകര്‍വ്യാധികളെ സൂക്ഷിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുന്നറിയിപ്പു നല്‍കി.

Related posts