ജിഷകൊലക്കേസില്‍ കൂടുതല്‍ സാക്ഷികള്‍; കൊലയ്ക്കുശേഷം പ്രതി രക്ഷപ്പെട്ടത് ഓട്ടോറിക്ഷയില്‍; ഓട്ടോ ഡ്രൈവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചു

prathi1കൊച്ചി: ജിഷകൊലക്കേസ് പ്രതി അമീറുള്‍ ഇസ്‌ലാമിനെതിരെ കൂടുതല്‍ സാക്ഷികള്‍. ജിഷ കൊല്ലപ്പെട്ടതിന് ശേഷം രക്ഷപ്പെട്ട തന്നെ ഒന്നിലധികം പേര്‍ കണ്ടതായി അമീറുള്‍ തന്നെയാണ് പോലീസിനോട് വെളിപ്പെടുത്തിയത്. ജിഷയെ കൊലപ്പെടുത്തിയശേഷം അവിടെ നിന്നും രക്ഷപ്പെട്ടത് ഒരു ഓട്ടോറിക്ഷയിലാണെന്ന് അമീറുള്‍ മൊഴി നല്‍കിയിട്ടുണ്ട്. അവിടെ നിന്നും രക്ഷപ്പെട്ട പ്രതി ഓട്ടോറിക്ഷയില്‍ താമസസ്ഥലത്ത് എത്തി എന്നാണ് മൊഴി.

ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ ഈ ഓട്ടോ ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഓട്ടോഡ്രൈവര്‍ അമീറുളിനെ തിരച്ചറിഞ്ഞാല്‍ അത് കേസില്‍ വഴിത്തിരിവാകും. ഇയാളെ കേസില്‍ മുഖ്യസാക്ഷിയാക്കാന്‍ സാധ്യതയുണ്ട്. ജിഷയുടെ വീടിനടുത്ത് പശുവിനെ മേയ്ച്ചു കൊണ്ട് നിന്നിരുന്ന ആളും വീടിന് സമീപം കലുങ്കില്‍ ഇരുന്നയാളും തന്നെ കണ്ടതായി അമീറുള്‍ മൊഴി നല്‍കിയിട്ടുണ്ട്.

കേസില്‍ സാക്ഷികളില്ലാതെ വലഞ്ഞിരുന്ന പോലീസിന് ഈ മൊഴി ഏറെ സഹായകമാണ്. ഇയാളെ കണ്ടു എന്നു പറയുന്ന ആള്‍ക്കാരെ ഉടന്‍ കണ്ടെത്തി മൊഴി രേഖപ്പെടുത്താനുള്ള ശ്രമങ്ങള്‍ പോലീസ് ആരംഭിച്ചു. എന്നാല്‍, അമീറുള്‍ ഇടയ്ക്കിടെ മൊഴി മാറ്റുന്നതിനാല്‍ ഈ കാര്യങ്ങളും എത്രത്തോളം വിശ്വസിക്കാനാകും എന്നത് സംബന്ധിച്ചും പോലീസിന് സംശയമുണ്ട്.

Related posts