ജൂലൈ ഒന്ന്, വാതില്‍ തുറന്നിടേണ്ട… തുറന്ന വാതിലുകളുമായി ഇനി ബസുകള്‍ സര്‍വീസ് നടത്തിയാല്‍ പിടിവീഴും. കര്‍ശന നടപടി സ്വീകരിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ്

pkd-busകോട്ടയം: തുറന്ന വാതിലുകളുമായി ഇനി ബസുകള്‍ സര്‍വീസ് നടത്തിയാല്‍ പിടിവീഴും. സിറ്റി, ടൗണ്‍ ബസുകള്‍ക്കും ഡോര്‍ ഷട്ടര്‍ നിര്‍ബന്ധമാക്കി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പുതുക്കിയ ഉത്തരവ് ഇറക്കി. പുതിയ ഉത്തരവ് ജൂലൈ ആദ്യം മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും.  ജില്ലയില്‍ നൂറോളം സ്വകാര്യ ബസുകളാണ് തുറന്നുവച്ചിരിക്കുന്ന വാതിലുകളുമായി സര്‍വീസ് നടത്തുന്നത്. പ്രധാനപ്പെട്ട ടൗണുകളില്‍നിന്നും 15 കിലോമീറ്ററില്‍ താഴെയുള്ള സ്ഥലങ്ങളിലേക്കാണ് സിറ്റി, ടൗണ്‍ ബസുകള്‍ സര്‍വീസ് നടത്തിവരുന്നത്. ഇവയ്ക്കു മുമ്പിലും പുറകിലും ഡോറുകള്‍ക്ക് അടപ്പുകളില്ല. ഡോറുകളില്‍നിന്ന് യാത്രക്കാര്‍ തെറിച്ചു വീഴുകയും മരണപ്പെടുകയും ചെയ്ത നിരവധി സംഭവങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പരിശോധന നടത്തുകയും ഡോര്‍ ഇല്ലാത്ത വാഹനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.

മോട്ടോര്‍ വാഹനനിയമത്തിലെ വകുപ്പുപ്രകാരം സിറ്റി ബസുകള്‍ക്ക് ഡോറിനു അടുപ്പ് വേണ്ടെന്ന നിയമത്തിന്റെ പിന്‍ബലത്തി ല്‍ സിറ്റി, ടൗണ്‍ ബസുകള്‍ ഡോര്‍ ഫിറ്റ് ചെയ്തിരുന്നില്ല. ഇതിനെത്തുടര്‍ന്ന് 1989ലെ മോട്ടോര്‍ വാഹന ചട്ടം ഭേദഗതി വരുത്തിയാണ് പുതിയ ഉത്തരവ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരി ഇറക്കിയിരിക്കുന്നത്.  അടുത്തമാസം ഒന്നു മുതല്‍ സിറ്റി, ടൗണ്‍ ബസുകള്‍ സര്‍വീസുകള്‍ നടത്തുമ്പോള്‍ ഡോറുകള്‍ അടച്ചിട്ടുള്ളതായി ഉറപ്പുവരുത്തേണ്ടതും ഡോറുകള്‍ അടയ്ക്കാതെയും തുറന്നു കെട്ടിവച്ചും സര്‍വീസ് നടത്തുന്ന എല്ലാ ബസുകള്‍ക്കും എതിരെ പ്രത്യേക പരിശോധന നടത്തി നടപടികള്‍ സ്വീകരിക്കണമെന്നുമാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എല്ലാ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍മാര്‍ക്കും റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാരും എല്ലാ ജോയിന്റ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുന്നത്.

സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ ഡോറില്ലാത്ത ബസുകളുടെ വാതിലുകളില്‍ തൂങ്ങി നിന്നു യാത്ര ചെയ്യുന്നത് നഗരത്തിലെ പതിവു കാഴ്ചയാണ്. അപകടകരമായ ഈ സംഭവത്തെ പലപ്പോഴും യാത്രക്കാര്‍ ചോദ്യം ചെയ്തിട്ടുണ്ട്. രാഷ്്ട്രദീപിക ഉള്‍പ്പെടെ മാധ്യമങ്ങള്‍ തുറന്ന ഡോറുകളുമായി ബസുകള്‍ ചീറിപ്പായുന്ന ചിത്രം ഉള്‍പ്പെടെ പലതവണ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവിന്‍ പ്രകാരം ബസുടമകള്‍ ഡോര്‍ പിടിപ്പിക്കാനുള്ള തയാറെടുപ്പുകള്‍ ആംരഭിച്ചു കഴിഞ്ഞു.

Related posts