ജോപ്പന്‍ 100% ലവ് & ഫണ്‍

joppanകുട്ടിത്തം നിറഞ്ഞ മമ്മൂട്ടിയെ ഏറ്റവും നന്നായി സ്ക്രീനില്‍ നിറച്ചിട്ടുള്ളയാളാണ് ജോണി ആന്റണി. മമ്മൂട്ടിക്കൊപ്പം നാലാം തവണ കൂട്ടുചേരുമ്പോഴും അദ്ദേഹം പ്രതീക്ഷ തെറ്റിച്ചില്ല. നൂറു ശതമാനം പ്രണയവും നന്മയും നിറച്ച തോപ്രാംകുടിക്കാരന്‍ തോപ്പനെയാണ് (തോപ്പില്‍ ജോപ്പന്‍) സംവിധായകന്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. കബഡിയും സുഹൃത്തുക്കളും ആനിയും കുടുംബവും പിന്നെ അല്പം മദ്യവും ഒക്കെയായി തോപ്പന്‍ തീയറ്ററില്‍ നിറഞ്ഞാടുകയാണ്. ഉറപ്പാണ് ഈ തോപ്പന്‍ തീയറ്ററില്‍ തോല്‍ക്കില്ല.

തോപ്പില്‍ ജോപ്പന്‍ ഒരു മമ്മൂട്ടി ഷോയാണ്. തോപ്പന്റെ പ്രണയത്തില്‍ തുടങ്ങി വിവാഹത്തില്‍ അവസാനിക്കുന്ന ലവ് * ഫണ്‍ ഷോ. മമ്മൂട്ടി–ജോണി ആന്റണി ടീം ഒന്നിക്കുമ്പോള്‍ പ്രതീക്ഷിക്കുന്നത് എല്ലാം കാഴ്ചക്കാര്‍ക്ക് തീയറ്ററില്‍ നിന്നും ലഭിക്കും. അച്ചായന്‍ വേഷങ്ങള്‍ അവിസ്മരണീയമാക്കുന്ന മമ്മൂട്ടി മാജിക് ജോപ്പനിലും നിറഞ്ഞുനില്‍ക്കുന്നു. തോപ്പന്റെ പ്രണയമാണ് ചിത്രത്തെ മുന്നോട്ടുനയിക്കുന്നതെങ്കിലും തീയറ്ററില്‍ ചിരി നിറയ്ക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

തോപ്പന്റെ സുഹൃത്തുക്കളായി എത്തുന്ന അലന്‍സിയര്‍, പാഷാണം ഷാജി, ശ്രീജിത്ത് രവി, സോഹന്‍ സീനുലാല്‍ എന്നിവരും ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. ഒരിടവേളയ്ക്ക് ശേഷം വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ നടന്‍ സലീം കുമാറിന്റെ വൈദിക വേഷവും സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് ചെയ്ത തോമസുകുട്ടി എന്ന കഥാപാത്രവും പ്രേക്ഷക ഹൃദയങ്ങളില്‍ സ്ഥാനം നേടും. ഹരീശ്രീ അശോകന്‍, രഞ്ജി പണിക്കര്‍, കവിയൂര്‍ പൊന്നമ്മ എന്നിവരും അവരവരുടെ വേഷങ്ങള്‍ ഭംഗിയാക്കി.

രണ്ടു ഘട്ടങ്ങളിലായി തോപ്പന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന ആനിയും മരിയയുമാണ് ചിത്രത്തിലെ നായികമാര്‍. തെന്നിന്ത്യന്‍ താരം ആന്‍ഡ്രിയ ജെര്‍മിയ, മംമ്ത മോഹന്‍ദാസ് എന്നിവരാണ് ഈ കഥാപാത്രങ്ങളായി എത്തുന്നത്.

തോപ്പന്റെ കൗമാരകാലത്തെ പ്രണയം മനോഹരമായാണ് സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെയും ആന്‍ഡ്രിയയുടെയും കൗമാരക്കാലം അവതരിപ്പിച്ച നവാഗതരും പ്രേക്ഷക ഹൃദയങ്ങളില്‍ സ്ഥാനം നേടും. കുടുംബ പശ്ചാത്തലത്തില്‍ കഥപറയുന്ന ചിത്രത്തില്‍ മനംനിറച്ച സംഗീതവുമായി വിദ്യാസാഗര്‍ ഒരിക്കല്‍ കൂടി മലയാളിക്ക് പ്രിയങ്കരനായി.

പ്രണയ പരാജയത്തെ തുടര്‍ന്ന് മദ്യപാനത്തിലേക്ക് മാറുന്ന നായകനാണ് തോപ്പനെങ്കിലും ചിത്രത്തില്‍ അത്തരം രംഗങ്ങള്‍ കുറയ്ക്കുന്നതില്‍ സംവിധായകന്‍ പൂര്‍ണമായും വിജയിച്ചു. മദ്യം വിഷമാണെന്ന് തിരിച്ചറിവ് അവസാനം നായകനും സുഹൃത്തുക്കള്‍ക്കും വരുന്നതിലൂടെ ലഹരിക്കെതിരായ സന്ദേശവും കൂടി നല്‍കാന്‍ സംവിധായകന് സാധിച്ചു. ത്രോപ്രാംകുടിയിലെ കബഡി സ്ഥാപകനായ പാപ്പിയുടെ മകനാണ് നായകന്‍ ജോപ്പനെങ്കിലും രണ്ടു സീനില്‍ മാത്രമാണ് കബഡിയുള്ളത്. കബഡി ചിത്രീകരിച്ചപ്പോള്‍ സംഘട്ടനം പോലെയായി എന്നതാണ് ചിത്രത്തിലെ ന്യൂനത.

തുറുപ്പുഗുലാന്‍, ഈ പട്ടണത്തില്‍ ഭൂതം, താപ്പാന എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച മമ്മൂട്ടി–ജോണി ആന്റണി സഖ്യം തോപ്പില്‍ ജോപ്പനിലും പ്രതീക്ഷ തെറ്റിച്ചില്ല. എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ രസിപ്പിക്കാന്‍ ഈ തോപ്പന് കഴിയും.

Related posts