ഞാന്‍ പറഞ്ഞതെന്ത്? സിപിഐ കേട്ടതെന്ത്? കഴുത, ജാരസന്തതി, കപ്പലണ്ടി കമ്യൂണിസ്റ്റ് തുടങ്ങിയ പരാമര്‍ശങ്ങള്‍ ജനയുഗത്തിന്റെ സാംസ്കാരിക നിലവാരം; ഫേസ്ബുക്കിലൂടെ തിരിച്ചടിച്ച് എം. സ്വരാജ്

Swarajകൊച്ചി: സിപിഐ മുഖപത്രത്തിന്റെ വിമര്‍ശനത്തിന് മറുപടിയുമായി എം.സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. “”ഞാന്‍ പറഞ്ഞതെന്ത് സിപിഐ കേട്ടതെന്ത്’ എന്ന തലക്കെട്ടില്‍ തന്റെ ഫേസ്ബുക്ക് പേജിലാണ് ജനയുഗം പത്രത്തിലെ ലേഖനത്തിന് സ്വരാജ് മറുപടി എഴുതിയിരിക്കുന്നത്. തനിക്കെതിരെ ജനയുഗം പത്രത്തിലെ ലേഖനത്തില്‍ വന്ന വിമര്‍ശനങ്ങളെ എടുത്തുപറഞ്ഞാണ് സ്വരാജിന്റെ മറുപടി.

കഴുത, ജാരസന്തതി, കപ്പലണ്ടി കമ്യൂണിസ്റ്റ് തുടങ്ങിയ പരാമര്‍ശങ്ങള്‍ ജനയുഗത്തിന്റെ സാംസ്കാരിക നിലവാരമാണ് കാണിക്കുന്നതെന്ന് സ്വരാജ് പോസ്റ്റില്‍ പറയുന്നു.   ക്യാപിറ്റല്‍ പണിഷ്‌മെന്റ് പരാമര്‍ശത്തിനും സ്വരാജ് പോസ്റ്റിലൂടെ മറുപടി പറഞ്ഞിട്ടുണ്ട്. ഏറെക്കാലം അന്വേഷിച്ച വിവാദം വീണ്ടും എടുത്തുകൊണ്ടുവരാന്‍ ജനയുഗത്തിന് സാധിച്ചിട്ടുണ്ട്. സംഘപരിവാറും കോണ്‍ഗ്രസുമാണ് തനിക്കെതിരെ ഈ പ്രചരണം നടത്തിയിരുന്നത്. ഇത്തവണ അവരോടൊപ്പം ജനയുഗവും ചേര്‍ന്നെന്നും സ്വരാജ് കുറിച്ചു.

പീറക്കൊടിയെന്നു പറഞ്ഞത് സിപിഐയുടെ കൊടിയെക്കുറിച്ചല്ല. കോണ്‍ഗ്രസ് കൊടിയെപ്പറ്റിയാണെന്നു സ്വരാജ് പോസ്റ്റില്‍ പറയുന്നു. ഇത്തരം പ്രചരണങ്ങളെക്കുറിച്ച് വി.എസ്. അച്യുതാനന്ദന്‍ ആലുവയില്‍ പറഞ്ഞത് എതിരാളികളുടെ നെറികെട്ട കുപ്രചരണം എന്നായിരുന്നു. വി.എസിന്റെ പ്രസ്താവനയോടെ എതിരാളികള്‍ കുറെയൊക്കെ പത്തിമടക്കിയെന്നും അദ്ദേഹം പറയുന്നു. ജനയുഗത്തിലെ ലേഖനം അതെഴുതിയ ആളുടെ രാഷ്ട്രീയത്തെയും സംസ്കാരത്തെയും തുറന്നു കാട്ടുന്നുണ്ടെന്ന് സ്വരാജിന്റെ പോസ്റ്റില്‍ പറയുന്നു. പലപ്പോഴും തനിക്ക് സംഘപരിവാറില്‍ നിന്നും കേള്‍ക്കേണ്ടി വന്നിട്ടുള്ള പുലഭ്യങ്ങള്‍ ജനയുഗത്തിലൂടെ ഒരിക്കല്‍ കൂടി കേട്ടു എന്നു മാത്രമുള്ളെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

നെറികേട് അലങ്കാരമായി കാണുന്നവര്‍ വേറെയുണ്ടെന്നും ഇപ്പോള്‍ വ്യക്തമായെന്നും സ്വരാജ് പറയുന്നു. തന്തയ്ക്കു വിളിയും തെറിയഭിഷേകവുമില്ലാതെ രാഷ്ട്രീയ സംവാദം നടത്താനാണ് തന്റെ പാര്‍ട്ടി പഠിപ്പിച്ചിട്ടുള്ളത്. ഈ വിഷയത്തില്‍ ഇനിയെന്ത് പൂരപ്പാട്ട് നടത്തിയാലും മറുപടി പറയാന്‍ തനിക്ക് താല്‍പര്യമില്ല.

ഏകപക്ഷീയമായി തന്തക്ക് വിളിച്ചു ജയിച്ചോളു. വിളി കേള്‍ക്കാന്‍ ഞാനോ എന്റെ പിതാവോ വരുന്നില്ല. എന്നാല്‍, ഏത് അവസരത്തിലും രാഷ്ട്രീയ സംവാദത്തിന് ആരോടും ഞാനൊരുക്കമാണ്. സംവാദത്തിന് വരുമ്പോള്‍ പക്ഷേ, ദയവായി പട്ടിയെ വീട്ടില്‍ തന്നെ പൂട്ടിയിടണം. മറ്റു ജീവികളെയൊക്കെ കാട്ടിലോ മൃഗശാലയിലോ വിട്ടേക്കണം. തന്തയ്ക്കു വിളിക്കും താല്‍ക്കാലിക വിരാമമെങ്കിലുമിടണമെന്നും, ഉന്നത നിലവാരത്തിലുള്ള ‘’ലേഖനങ്ങള്‍ “ ഇനിയും ഞാന്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു.

എറണാകുളം ജില്ലയിലെ സിപിഐ- സിപിഎം തര്‍ക്കം സിപിഐ ജില്ലാ സെക്രട്ടറി പി.രാജുവും  എം. സ്വരാജ് എംഎല്‍എയും തമ്മില്‍ പരസ്യമായ കൊമ്പുകോര്‍ക്കലിന് കരണമായിരുന്നു. തുടര്‍ന്ന് ബിനോയ് വിശ്വം ഉള്‍പ്പടെയുള്ളവര്‍ സ്വരാജിനെതിരെ രംഗത്തുവന്നിരുന്നു.  പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് താന്‍ ആദ്യമായി ഒരു സിപിഐക്കാരനെ നേരിട്ടു കാണുന്നതെന്ന സ്വരാജിന്റെ പരാമര്‍ശം സിപിഐ നേതാക്കളെ പ്രകോപിപ്പിച്ചിരുന്നു. തുടര്‍ന്നു രൂക്ഷവിമര്‍ശനവുമായി ജനയുഗം പത്രം സ്വരാജിനെതിരെ രംഗത്തെത്തിയിരുന്നു.

Related posts