പെരുമ്പാവൂര്‍: വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്ന പെരുമ്പാവൂര്‍ ട്രാവന്‍കൂര്‍ റയോണ്‍സ് കമ്പനി സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. പുതിയ സര്‍ക്കാരിന്റെ ആദ്യ ബജറ്റിലാണ് ട്രാവന്‍കൂര്‍ റയോണ്‍സ് സര്‍ക്കാര്‍ ഏറ്റെടുത്തതായുള്ള പ്രഖ്യാപനം വന്നത്. ഇതിനായി 72 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുൂള്ളതെന്ന് സ്ഥലം എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി അറിയിച്ചു. സര്‍ക്കാര്‍ ഏറ്റെടുക്കുന്ന കമ്പനിയുടെ പ്രദേശത്ത് ആയിരം കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പിലാക്കാനാണ് തീരുമാനം.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കമ്പനി കിന്‍ഫ്രക്ക് നല്‍കിയിരുന്നു. ഐടി വ്യവസായ മേഖലകള്‍ക്ക് സ്ഥലം കൈമാറാനാണ് തീരുമാനം. എന്നാല്‍ അമിതമായ ബാധ്യതയുള്ളതിനാല്‍ ഇതിന്റെ തുടര്‍നടപടികള്‍ മന്ദഗതിയിലായിരുന്നു. ഇതിനിടെയാണ് പുതിയ സര്‍ക്കാരിന്റെ പ്രഖ്യാപനം. റയോണ്‍സിന്റെ നിലവിലുള്ള എല്ലാ ബാധ്യതകളും സര്‍ക്കാര്‍ ഏറ്റെടുക്കും. 71 കോടിയിലധികം രൂപയാണ് നിലവില്‍ ബാധ്യതയുള്ളത്. 2,000 തൊഴിലാളികള്‍ ഉണ്ടായിരുന്ന റയോണ്‍സില്‍ 1,200 ഓളം തൊഴിലാളികള്‍ ജോലി ചെയ്തിരുന്നു.
കമ്പനി 15 വര്‍ഷം മുമ്പ് 2001 ജൂലൈ നാലിനാണ് വൈദ്യുതി ലൈന്‍ വലിക്കുന്നതിന്റെ പേരില്‍ ലേ ഓഫ് പ്രഖ്യാപിക്കുകയും തുടര്‍ന്ന് അനിശ്ചിതമായി അടച്ചിടുകയും ചെയ്തത്. 2012ല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് കിന്‍ഫ്രക്ക് കമ്പനി കൈമാറിയത്. തുടര്‍ന്ന് കമ്പനിയിലെ ദൈനംദിന കാര്യങ്ങള്‍ക്ക് കിന്‍ഫ്രയാണ് പണം നല്‍കി കൊണ്ടിരുന്നത്. 74 ഏക്കറോളം വരുന്ന കമ്പനിയുടെ അഞ്ച് ഏക്കര്‍ സ്ഥലം വൈദ്യുതി വകുപ്പിനും നല്‍കിയിട്ടുണ്ട്.