കോട്ടയം: റെയില്‍വേ പോലീസിന്റെ നേതൃത്വത്തില്‍ ട്രെയിനിലുടനീളം നടത്തിയ പരിശോധനയില്‍ വിവിധ കുറ്റകൃത്യങ്ങള്‍ നടത്തിയ 150 പേരില്‍ നിന്നുമായി 75,000രൂപ പിഴയീടാക്കി. കഴിഞ്ഞ ഒന്നു മുതല്‍ 20വരെ മാവേലിക്കര മുതല്‍ പിറവം റോഡ് റെയില്‍വേ സ്‌റ്റേഷന്‍ വരെയുള്ള ഭാഗങ്ങളിലാണു പരിശോധന നടത്തിയത്.
ലേഡീസ് കംപാര്‍ട്ടുമെന്റില്‍ യാത്ര ചെയ്ത പുരുഷന്‍മാര്‍, ശാരീരിക ന്യുനതയുള്ളവര്‍ക്കായി സംവരണം ചെയ്തിരിക്കുന്ന കോച്ചുകളില്‍ സഞ്ചരിച്ചവര്‍, മദ്യപിച്ചു ട്രെയിനില്‍ ബഹളമുണ്ടാക്കിയവര്‍, ട്രെയിനിന്റെ ഫുട്‌ബോഡില്‍ യാത്ര ചെയ്തവര്‍, റെയില്‍വേയുടെ നോ പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്തവര്‍ തുടങ്ങിയവരെയാണു പിടികൂടി പിഴയിടാക്കിയത്. കഴിഞ്ഞ ദിവസം കോട്ടയത്ത് കൊല്ലം റെയില്‍വേ മജിസ്‌ട്രേറ്റ് എസ്. സുരേഷിന്റെ നേതൃത്വത്തില്‍ നടത്തിയ സിറ്റിംഗിലാണു പിഴ ശിക്ഷ വിധിച്ചത്. ആര്‍പിഎഫ് സിഐ സാബു ജേക്കബ്, എഎസ്‌ഐ ആര്‍. വിജയകുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ ഫിലിപ്പ് ജോണ്‍, അജയ്‌ഘോഷ് എന്നിവരടങ്ങിയ സംഘമാണു പരിശോധന നടത്തിയത്.