ഡിപ്പോയില്‍ നിന്നും കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്കു മറിഞ്ഞു; പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ktm-accidentപൊന്‍കുന്നം: ഡിപ്പോയില്‍നിന്നും നിയന്ത്രണം വിട്ടോടിയ സൂപ്പര്‍ഫാസ്റ്റ് പുനലൂര്‍-മൂവാറ്റുപുഴ റോഡ് മുറിച്ചുകടന്ന് കുഴിയില്‍ വീണു. ഡ്രൈവര്‍ക്കു പരിക്കേറ്റു.    ഇടക്കുന്നം സ്വദേശി പി.സി. ചാക്കോ (53) യെ പരിക്കുകളോടെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം വഴി തിരുവനന്തപുരത്തേക്കു പോകേണ്ടിയിരുന്ന സൂപ്പര്‍ഫാസ്റ്റ് ഇന്നു രാവിലെ 5.50ന് സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് ഓടുകയായിരുന്നു.

സംസ്ഥാന പാതയും കടന്ന് എതിര്‍വശത്തുള്ള ചീരംവേലില്‍ സാലി ചെറിയാന്റെ പുരയിടത്തിലെ തേക്കുമരം ഒടിച്ചു വീട്ടിലേക്കു കയറി ഇടിച്ചാണ് ബസ് നിന്നത്. കണ്ടക്ടര്‍ ബസില്‍ കയറിയിരുന്നില്ല. റോഡിലെ ഓടയുടെ സമീപം സ്ഥാപിച്ചിരുന്ന സംരക്ഷണ തൂണ്‍ തകര്‍ന്നു. ബസ് സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ടതായും പ്രഷര്‍ കുറഞ്ഞുപോയതായും ചികിത്സയില്‍ കഴിയുന്ന ഡ്രൈവര്‍ പറയുന്നു. ഇതിനു മുമ്പും ഡിപ്പോയില്‍നിന്നും ബസുകള്‍ നിയന്ത്രണംവിട്ട് ഓടി അപകടമുണ്ടായിട്ടുണ്ട്. വിവരം അറിഞ്ഞ് പൊന്‍കുന്നം പോലീസ് സ്ഥലത്തെത്തി.

Related posts