തളിപ്പറമ്പ്: ഗോവയില്‍ വിനോദയാത്രക്ക് പോയി ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിന്റെ മരണം കൊലപാതകമെന്ന് സൂചന. ഇന്നലെ രാത്രി വൈകി തളിപ്പറമ്പിലെത്തിച്ച മൃതദേഹം രാവിലെ ഏഴോടെ തന്നെ തളിപ്പറമ്പ് വലിയജുമാഅത്ത് പള്ളി കബര്‍സ്ഥാനില്‍ കബറടക്കി. കഴിഞ്ഞ 17 നാണ് തളിപ്പറമ്പ് കെ.വി കോംപ്ലക്‌സിലെ റെഡിമെയ്ഡ് ഷോപ്പ് ജീവനക്കാരന്‍ ഞാറ്റുവയല്‍ വട്ടപ്പാറയിലെ മീത്തലെപാത്ത് ഇസഹാഖ് (24) ട്രെയിനില്‍ തളിപ്പറമ്പിലെയും എറണാകുളത്തേയും ചില സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്രയ്ക്കു പോയത്. 18ന് പുലര്‍ച്ചെ നാലു വരെ അഞ്ജുന ബീച്ചിലെ യുവി ഡാന്‍സ് ബാറില്‍ സുഹൃത്തുക്കളോടൊപ്പം ഉണ്ടായിരുന്ന ഇസഹാഖിനെ പിന്നീട് കാണാതാവുകയായിരുന്നു.
കൂടെയുണ്ടായിരുന്നവര്‍ പല സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനാവാത്തതിനാല്‍ അഞ്ജുന പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് 20ന് രാവിലെ പനാജിയിലെ ജിഎംസി ആശുപത്രിയില്‍ മലയാളിയായ യുവാവ് അവശനിലയില്‍ അഡ്മിറ്റായത് അറിഞ്ഞത്. സുഹൃത്തുക്കളെത്തി അത് ഇസഹാഖ് ആണെന്ന് തിരിച്ചറിയുകയായിരുന്നുവെന്ന് അഞ്ജുന പോലീസ് ഇന്‍സ്‌പെക്ടര്‍ പരേഷ്‌നായിക് പറഞ്ഞു.
108 ആംബുവന്‍സ് ഡ്രൈവറാണ് അബോധാവസ്ഥയില്‍ കാണപ്പെട്ട ഇസഹാഖിനെ ആശുപത്രിയിലെത്തിച്ചതത്. ശരീരത്തില്‍ വെട്ടും കുത്തുമേറ്റ നിരവധി പാടുകള്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. മദ്യമോ മറ്റന്തോ ലഹരി വസ്തുവോ കഴിച്ച് അബോധാവസ്ഥയിലാണ് ഇയാളെ ആശുപത്രിയിലെത്തിച്ചതെന്ന് പോലീസ് പറഞ്ഞു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഗോവയിലേക്ക് പോകുകയായിരുന്ന മറ്റൊരു സംഘത്തെ ട്രെയിനില്‍ നിന്ന് പരിചയപ്പെട്ടതായി സുഹൃത്തുക്കള്‍ പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്.
അബോധാവസ്ഥയിലായിരുന്ന ഇസഹാഖ് ശനിയാഴ്ച രാത്രിയിലാണ് മരിച്ചത്. ഗോവയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷമാണ് മൃതദേഹം തളിപ്പറമ്പില്‍ എത്തിച്ചത്. ആന്തരാവയവങ്ങള്‍ ഹൈദരാബാദിലെ ഫോര്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും പരിശോധനാഫലം വന്നശേഷമേ കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയുള്ളൂവെന്നും അഞ്ജുന പോലീസ് പറയുന്നു. ബീരാന്‍-നബീസ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: അബ്ദുസമദ്, ഷാഹിദ, ഫായിസ, സജീന.