വടക്കഞ്ചേരി: തേങ്ങാവില കിലോയ്ക്ക് 25 ല്‍ നിന്നും 27 രൂപ ആയി ഉയര്‍ത്തിയെങ്കിലും പത്ത് രൂപയ്ക്കുപോലും തേങ്ങ എടുക്കാന്‍ ആളില്ലാതെ തോട്ടങ്ങളില്‍ മഴകൊണ്ട് നശിക്കുന്നു. കൃഷിഭവനുകള്‍ വഴിയുള്ള നാളികേര സംഭരണം കാര്യക്ഷമമല്ലാത്തതാണ് കേരകര്‍ഷകരെ വറുതിയിലാക്കുന്നത്. കൃഷിഭവനുകളിലെല്ലാം ഡിസംബര്‍ മാസം വരെ നാളികേരം എടുക്കാനുള്ള ബുക്കിംഗ് കഴിഞ്ഞെന്നാണ് കൃഷിഭവന്‍ അധികൃതര്‍ പറയുന്നത്. ഇത്രയും മാസം നാളികേരം സൂക്ഷിച്ചുവെയ്ക്കാനുള്ള സംവിധാനങ്ങളൊന്നും കര്‍ഷകര്‍ക്കോ കൃഷിഭവനുകള്‍ക്കോ ഇല്ല.
താങ്ങുവില 27 രൂപയാക്കി ഉയര്‍ത്തി എന്നല്ലാതെ ഇതിന്റെ ഗുണം കര്‍ഷകര്‍ക്കാര്‍ക്കും ലഭിക്കാനിടയില്ലെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ആഴ്ചയില്‍ പത്തും പതിനഞ്ചും ടണ്‍ നാളികേരമാണ് പച്ചത്തേങ്ങ സംഭരിക്കുന്ന കൃഷിഭവനുകളിലെത്തുന്നത്. എന്നാല്‍ സംഭരിക്കുന്ന നാളികേരം ആഴ്ചയിലെ രണ്ട് ദിവസങ്ങളിലായി ആറ് ടണ്‍ മാത്രമാണെന്ന് വടക്കഞ്ചേരി കൃഷി ഓഫീസര്‍ എം.വി രശ്മി പറഞ്ഞു. സംഭരിക്കുന്ന നാളികേരം തന്നെ കേരഫെഡ് കൊണ്ടുപോകുന്നുമില്ല. ഇതു സൂക്ഷിക്കേണ്ട അധികബാധ്യത കൂടി ചില കൃഷിഭവനുകള്‍ക്ക് വരുന്നുണ്ട്. സംഭരിക്കുന്ന നാളികേരത്തിന്റെ വിലയും ഭീമമായ കുടിശികയാണ്.
രണ്ട് മാസത്തിലേറെയായി നാളികേരവില കര്‍ഷകര്‍ക്ക് നല്കാനുണ്ട്. വടക്കഞ്ചേരി കൃഷിഭവനില്‍ മാത്രം പത്തുലക്ഷം രൂപ നാളികേര കര്‍ഷകര്‍ക്ക് വിതരണം ചെയ്യാനുണ്ട്. മറ്റു കൃഷിഭവനുകളുടെ സ്ഥിതിയും മറിച്ചല്ല. കൃഷിഭവനുകള്‍ക്ക് കീഴിലുള്ള കേരകര്‍ഷകരുടെ മുഴുവന്‍ നാളികേരവും സംഭരിക്കാന്‍ സംഭരണശേഷി കൂട്ടണമെന്നാണ് കര്‍ഷകരുടെ പ്രധാന ആവശ്യം. ഇപ്പോള്‍ ആഴ്ചയില്‍ ആറുടണ്‍ സംഭരിക്കാനാണ് നിര്‍ദേശമുള്ളത്. സംഭരിക്കുന്ന നാളികേരത്തിന്റെ വില വൈകിപ്പിക്കാതെ കര്‍ഷകര്‍ക്കു നല്കാനും നടപടിയുണ്ടാകണം. എല്ലാ കൃഷിഭവനുകളിലും നാളികേരം സംഭരിക്കാന്‍ സംവിധാനം ആരംഭിക്കണം.
ഇപ്പോള്‍ രണ്ടു പഞ്ചായത്തുകളിലെ കേരകര്‍ഷകര്‍ ഏതെങ്കിലും ഒരു കൃഷിഭവനിലാണ് എത്തിക്കുന്നത്. ഇത് ചെലവ് കൂട്ടി കര്‍ഷകരുടെ നഷ്ടം പെരുപ്പിക്കുകയാണ്. സംഭരണ നടപടികളിലെ നൂലാമാലകള്‍ മൂലം പകുതി കര്‍ഷകര്‍പോലും ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നതാണ് മറ്റൊരു വസ്തുത. ഇതിനാല്‍ നാളികേരം എടുക്കുന്ന സ്വകാര്യ കച്ചവടക്കാര്‍ കര്‍ഷകരുടെ ഈ ഗതികേട് മുതലെടുത്ത് ചുളുവിലയ്ക്ക് നാളികേരം വാങ്ങുകയാണ്.
കിലോയ്ക്ക് പത്തുരൂപയ്ക്കുപോലും ഈ കച്ചവടക്കാര്‍ തേങ്ങ എടുക്കാത്ത അവസ്ഥയാണ്. തേങ്ങയുടെ പ്രധാനസീസണ്‍ കഴിഞ്ഞിരിക്കെ വിലത്തകര്‍ത്തയില്‍ വലിയ പ്രഹരമാണ് കേരകര്‍ഷകര്‍ക്കുണ്ടായിരിക്കുന്നത്. കിട്ടിയ വിലയ്ക്ക് നാളികേരം വിറ്റില്ലെങ്കില്‍ മഴയില്‍ ഇവ മുളച്ച് നശിക്കും. കയറ്റുകൂലി, നാളികേരം പൊളിക്കാനുള്ള ചാര്‍ജ്, പൊളിച്ച തേങ്ങ വില്പനയ്ക്കായി എത്തിക്കുന്നതിന്റെ വാടക ഇവയെല്ലാം കൂടിയാകുമ്പോള്‍ കര്‍ഷകരുടെ നട്ടെല്ലൊടിയുന്ന സ്ഥിതിയാണുള്ളത്.