തൃപ്പന്നൂര്‍ എയുപി സ്കൂളില്‍ പച്ചക്കറി വിളവെടുപ്പ്

pkd-krishischoolവടക്കഞ്ചേരി: പച്ചക്കറികള്‍കൊണ്ട് ഹരിതാഭമാണ് തൃപ്പന്നൂര്‍ എയുപി സ്കൂള്‍ മുറ്റം. പച്ചമുളക് മുതല്‍ ഒരു ഡസനില്‍പരം പച്ചക്കറികളെല്ലാം കരുത്തോടെ തലയുയര്‍ത്തി നില്ക്കുന്നത് സ്കൂളിലെത്തുന്നവരുടെ ആകര്‍ഷണമാണ്. വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍, അമര, ചീര, ചുരക്ക, മത്തന്‍, കുമ്പളം, വെള്ളരി തുടങ്ങി ജൈവ പച്ചക്കറികളെല്ലാം വിളവെടുപ്പിനു പാകമായി.

പാഠപുസ്തകങ്ങളിലെ കൃഷി അറിവുകള്‍ക്കപ്പുറം കൃഷിയില്‍ പ്രായോഗിക പരിശീലനം നല്കുകയാണ് ഇവിടെ ചെയ്യുന്നത്. കാന്‍സര്‍ പോലെയുള്ള മാറരോഗങ്ങള്‍ വ്യാപകമാകുമ്പോള്‍ ജൈവപച്ചക്കറികളും വിഷവിമുക്ത ഭക്ഷണവും അനിവാര്യമാണെന്ന തിരിച്ചറിവിലാണ് കുട്ടികള്‍ക്കൊപ്പം അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് മാതൃകാ പച്ചക്കറിത്തോട്ടം ഒരുക്കിയിട്ടുള്ളത്. സ്റ്റുഡന്റസ് ഫാര്‍മേഴ്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ് 35 സെന്റ് സ്ഥലത്ത് പച്ചക്കറി കൃഷി നടത്തുന്നത്.

കൃഷിപാഠം എന്നപേരിലാണ് ഇതിന്റെ പ്രവര്‍ത്തനം. വിഎഫ്പിസികെയുടെ ആലത്തൂരിലുള്ള വിത്തുത്പാദന കേന്ദ്രത്തില്‍നിന്നും കിഴക്കഞ്ചേരി കൃഷിഭവനില്‍നിന്നുമാണ് വിത്തും ചെടികളും ശേഖരിച്ചത്. തോട്ടത്തിലെ ആദ്യ വിളവെടുപ്പിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കവിതാ മാധവന്‍ നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് ചന്ദ്രിക മുരളീധരന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ബിജു എം.ഏബ്രഹാം, രമണിവിജയന്‍, പ്രധാനാധ്യാപിക എന്‍.വി.ഫാത്തിമകുട്ടി എന്നിവര്‍ പ്രസംഗിച്ചു. കിഴക്കഞ്ചേരി കൃഷി ഓഫീസര്‍ റസൂല്‍ ഹാരീസ് ക്ലാസെടുത്തു.

Related posts