തൃശൂര്‍: മത്സരവും പ്രചാരണവും രാഷ്ട്രീയമായല്ല, ആഘോഷമായാണ് കാണുന്നതെന്നു തൃശൂര്‍ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പദ്മജ വേണുഗോപാല്‍. ജീവിച്ചപ്പോഴും മരണശേഷവും തൃശൂരിന്റേതായ കരുണാകരന്റെ മകളായി മത്സരിക്കാനാണ് എനിക്കിഷ്ടം. അച്ഛന്റെ കൈപിടിച്ചുനടന്ന വഴികള്‍, കുഞ്ഞുനാള്‍മുതല്‍ കൂടെപ്പഠിച്ചവര്‍, അച്ഛന്റേയും എന്റേയും സൗഹൃദങ്ങള്‍, മുരളീമന്ദിരത്തില്‍ കണ്ടുപരിചയിച്ച തിരക്കുകളുടെ ആവര്‍ത്തനം…എല്ലാം വ്യക്തിപരമായ ആഘോഷങ്ങളാണ്. തൃശൂര്‍ പ്രസ്ക്ലബ് സംഘടിപ്പിച്ച “പോരിന്റെ പൂരം’ മുഖാമുഖത്തില്‍ പങ്കെടുക്കുകയായിരുന്നു പദ്മജ.
മന്ത്രിയുടെ മകള്‍, ദന്തഗോപുരത്തില്‍ ജനിച്ചവള്‍ എന്നിങ്ങനെയൊക്കെയാണ് തനിക്കെതിരേയുള്ള ആരോപണങ്ങള്‍. വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ് ഞാന്‍. അച്ഛന്‍ മന്ത്രിയായിരുന്നപ്പോഴും മന്ത്രിമാളികയില്‍ വളര്‍ന്നപ്പോഴും സാധാരണ ജീവിതമായിരുന്നു ഞങ്ങളുടേത്. ഒന്നും മറക്കാതെയാണ് ഇതുവരെയെത്തിയത്. വോട്ടുതേടിയുള്ള യാത്രയില്‍, എന്തുചെയ്യാന്‍ കഴിയുമെന്ന ചോദ്യത്തിന്, നിങ്ങള്‍ക്ക് എന്താണാവശ്യം അതു ചെയ്യുമെന്നാണ് മറുപടി. കാര്യങ്ങള്‍ പഠിച്ചിട്ടുതന്നെയാണ് തൃശൂരില്‍ മത്സരത്തിനിറങ്ങിയത്. തൃശൂരിന്റെ വികസനമാണ് മനസിലെ ലക്ഷ്യം.
പക്വതയും നമുക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന വിശ്വാസവും ഉണ്ടാകുമ്പോഴേ ഇനി മത്സരരംഗത്തേക്കുള്ളൂവെന്നു നേരത്തെ മത്സരിച്ചു പരാജയപ്പെട്ടപ്പോള്‍ മനസിലുറപ്പിച്ചിരുന്നു. ആ പക്വത കൈവന്നിട്ടുണ്ടെന്നാണ് വിശ്വാസം. രാഷ്ട്രീയപക്വത നേരത്തേ ഉണ്ടായിരുന്നു. അച്ഛന്റെ കൂടെനിന്ന ഏതൊരാള്‍ക്കും അതുണ്ടാകുമെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ ഞാന്‍ ജനിച്ച സ്ഥലത്ത്, എന്റെ അച്ഛന്റെ സ്ഥലത്തു മത്സരിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. മാളയില്‍ മത്സരിച്ചാല്‍ എന്തെന്നു പലരും ചോദിച്ചിരുന്നു. മാള അച്ഛനു ബന്ധമുള്ള സ്ഥലമാണ്. തൃശൂരുമായാണ് എനിക്കു ബന്ധം. തൃശൂരില്ലെങ്കില്‍ മത്സരിക്കാനും ഇല്ലായിരുന്നു.
കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്തിരുന്ന് എനിക്കു പലതും ചെയ്യാന്‍ സാധിച്ചില്ല. ഇനിയുമൊരു കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം വേണ്ട. സ്ഥാനമാനങ്ങള്‍ ഇല്ലെങ്കില്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചോളാമെന്നാണ് നേതൃത്വത്തെ അറിയിച്ചത്. മത്സരരംഗത്തു വനിതകള്‍ക്കു വ്യക്തമായ പ്രാതിനിധ്യമുണ്ടായില്ലെന്നു പദ്മജ പറഞ്ഞു. നിരവധി ചെറുപ്പക്കാര്‍ക്ക് ഇത്തവണ അവസരം കിട്ടിയിട്ടുണ്ട്. 28 ചെറുപ്പക്കാരാണ് മത്സരരംഗത്തുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലം അച്ഛനെ പിറകില്‍നിന്നും കുത്തിയെന്നു തോന്നിയിട്ടില്ല. തൃശൂരും ഒല്ലൂരും അച്ഛനു ലീഡ് നേടിക്കൊടുത്ത സ്ഥലങ്ങളാണ്. തൃശൂര്‍ പാര്‍ലമെന്റ് നിയോജകമണ്ഡലത്തെ കുറിച്ചാണെങ്കില്‍ ആരോപണം ശരിയാണ്.
തൃശൂരില്‍ ഗ്രൂപ്പിസം കണ്ടിട്ടില്ല. ഗ്രൂപ്പിസം മൂലം തനിക്കും പ്രശ്‌നങ്ങളുണ്ടായിട്ടില്ല. അതിന്റെയൊക്കെ സമയം കഴിഞ്ഞെന്നു പ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. ഗ്രൂപ്പ് കളിച്ച് പാര്‍ട്ടിയില്‍ നില്ക്കാന്‍ കഴിയില്ലെന്നും, ഗ്രൂപ്പുകൊണ്ടുള്ള ബുദ്ധിമുട്ടും എല്ലാവരും മനസിലാക്കിയിട്ടുണ്ട്. അച്ഛനും എ.കെ. ആന്റണിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും വാഗ്വാദങ്ങളും പലപ്പോഴും നേരില്‍ കണ്ടിട്ടുണ്ട്. അതുകഴിഞ്ഞാല്‍ അവര്‍ തോളില്‍ കൈയിട്ടുനടക്കും. തൃശൂര്‍ എന്നെ കൈവിടില്ലെന്നു വിശ്വാസമുണ്ട്. ജയം ഒരു വോട്ടിനായാലും ജയം മാത്രമാണ് പ്രധാനം. പായസത്തില്‍ നെയ്യ് അല്പം കൂടിയാല്‍ കുഴപ്പമില്ലെന്നതു പോലെ ഭൂരിപക്ഷത്തിലും ആഗ്രഹമുണ്ടെന്നും പദ്മജ കൂട്ടി ച്ചേര്‍ത്തു.