ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാന ഘട്ടത്തിലേക്ക് കടന്നു. സ്ഥാനാര്‍ഥികളാകട്ടെ വാഹന പര്യടനത്തിന്റെ തിരക്കിലും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടം കൊഴുപ്പിക്കാനുള്ള പരിശ്രമത്തിലാണ് മുന്നണി നേതൃത്വവും പ്രവര്‍ത്തകരും. 14ന് വൈകുന്നേരം അഞ്ചോടെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കും. ഏതാണ്ട് രണ്ടു മാസത്തോളം നീണ്ട തെരഞ്ഞെടുപ്പ് പ്രചരണത്തിനാണ് കൊട്ടിക്കലാശത്തോടെ അന്ന് അവസാനമാകുക. ഭവന സന്ദര്‍ശനങ്ങളും കുടുംബയോഗങ്ങളും പൊതുയോഗങ്ങളുമായി കഴിഞ്ഞ ആഴ്ചകളില്‍ സജീവമായിരുന്ന സ്ഥാനാര്‍ഥികള്‍ പ്രചാരണം അവസാനിക്കുന്നതിന് പത്തുദിവസങ്ങള്‍ക്ക് മുമ്പാണ് വാഹന പര്യടനം ആരംഭിച്ചത്.
മണ്ഡലത്തിലെ ഓരോ മേഖലയും കേന്ദ്രീകരിച്ച് രാവിലെ ആരംഭിക്കുന്ന പര്യടനം അര്‍ധരാത്രിയോടെയാണ് പലയിടങ്ങളിലും സമാപിക്കുക. അഭ്യര്‍ഥന നോട്ടീസുകളുമായി ബൂത്ത് അടിസ്ഥാനത്തില്‍ പ്രവര്‍ത്തകര്‍ വീടുകളില്‍ ഒന്നിലേറെ തവണ ഇതോടൊപ്പം തന്നെ സന്ദര്‍ശനം നടത്തിക്കഴിഞ്ഞു. ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലെയും പ്രമുഖ മുന്നണി സ്ഥാനാര്‍ഥികള്‍ അവസാന വട്ട പ്രചാരണത്തിന്റെ ഓട്ടപ്പാച്ചിലിലാണ്.
ചില മണ്ഡലങ്ങളില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളും അവസാനഘട്ടത്തില്‍ വാഹന പ്രചരണം നടത്തുന്നുണ്ട്. വിവിധ മുന്നണികളുടെ പ്രചരണങ്ങള്‍ക്കായി പ്രധാനമന്ത്രി മുതലുള്ള നേതാക്കളാണ് ജില്ലയിലെത്തിയത്. എല്‍ഡിഎഫിനുവേണ്ടി പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, സിപിഐ നേതാക്കളായ കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍, എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറി പ്രഫൂല്‍ പട്ടേല്‍ തുടങ്ങിയവരാണ് ജില്ലയില്‍ പ്രചാരണത്തിനെത്തിയത്.
യുഡിഎഫിനുവേണ്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും വിവിധ മണ്ഡലങ്ങളില്‍ പ്രചാരണങ്ങളില്‍ പങ്കെടുത്തു കഴിഞ്ഞു. രാഹുല്‍ ഗാന്ധിയടക്കമുള്ള ദേശീയ നേതാക്കള്‍ അവസാനഘട്ട പ്രചാരണത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രചരണത്തിനായി കുട്ടനാട്ടിലേക്കെത്തിച്ചതിന്റെ ആവേശത്തിലാണ് എന്‍ഡിഎ മുന്നണി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജനാഥ് സിംഗ്, ജെ.പി. നദ്ദ തുടങ്ങിയവരും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനടക്കമുള്ള സംസ്ഥാന നേതാക്കളെയും എന്‍ഡിഎ പ്രചാരണത്തിനായി ജില്ലയിലെത്തിച്ചിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഞായറായ ഇന്നലെ എല്ലാ മണ്ഡലങ്ങളിലും ശക്തമായ പ്രചാരണമാണ് നടന്നത്. ആരാധനാലയങ്ങളിലടക്കമെത്തിയാണ് സ്ഥാനാര്‍ഥികള്‍ വോട്ട് അഭ്യര്‍ഥന നടത്തിയത്. അവസാന വട്ട പ്രചരണ ഭാഗമായി ദേശീയ നേതാക്കളെ പങ്കെടുപ്പിച്ചുള്ള റോഡ് ഷോകളും സംഘടിപ്പിച്ചിട്ടുണ്ട്. ഇനിയുള്ള ആറുദിനങ്ങള്‍ നാടും നഗരവും തെരഞ്ഞെടുപ്പ പ്രചരണാവേശത്തിന്റെ കൊടുമുടിയിലാകും.