മുതലമട: തേക്കടിയില്‍നിന്നും ചെമ്മണാംപതിയിലേക്ക് നടപ്പാത നിര്‍മിക്കുന്നതിനായി തേക്കടിയില്‍നിന്നും മലമ്പാതയിലൂടെ പഠനസംഘം ചെമ്മണാംപതിയില്‍ എത്തി. മുതലമട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബിസുധയുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ പത്തരയ്ക്കാണ് തേക്കടി കോളനിയില്‍ നിന്നും സംഘം മലയിറങ്ങിയത്.കൊല്ലങ്കോട് ഫോറസ്റ്റര്‍ സതീശന്, എഎഫ്ഒ അശോകന്, പഞ്ചായത്തംഗം ശ്രീധരന്, തിരുചന്ദ്രന്‍, കോളനി—വാസികളുടെ പ്രതിനിധികളായ ചന്ദ്രന്, ചന്ദ്രിക, കുഞ്ചന്‍ ഉള്‍പ്പെടെ മുപ്പതോളംപേര്‍ അന്വേഷണസംഘത്തെ അനുഗമിച്ചു.
ഉച്ചയ്ക്ക് പന്ത്രണ്ടോടെ പഠനസംഘം ചെമ്മണാംപതിയിലെത്തി. നടപ്പാത നിര്‍മാണത്തിനുള്ള പദ്ധതി ശിപാര്ശയ്്ക്കാണ് മലമ്പാതയിലൂടെ സഞ്ചരിച്ച് കണക്കെടുപ്പ് നടത്തിയത്. ഇക്കഴിഞ്ഞ ശനിയാഴ്ച തേക്കടികോളനിയില് കെ.ബാബു എംഎല്‍എയുടെ നേതൃത്വത്തില്‍ നടപ്പാത നിര്‍മാണത്തിനു ആലോചനായോഗം നടന്നിരുന്നു. യോഗത്തില്‍ ഏകദേശം രണ്ടരകിലോമീറ്റര്‍ നീളത്തില്‍ നടപ്പാത നിര്‍മിക്കാനും തീരുമാനമെടുത്തിരുന്നു.യോഗത്തില്‍ പറമ്പിക്കുളം, നെന്മാറ ഡിഎഫ്ഒമാരും പങ്കെടുത്തിരുന്നു.
തേക്കടിയിലെ നാലുകോളനികളിയിലായി 1200-ഓളം പേര്‍ക്ക് മുതലമടയില്‍ എത്തുന്നതിനു സഞ്ചാരസൗകര്യം ഏര്‍പ്പെടുത്താന്‍ ധൃതഗതിയില്‍ ശ്രമങ്ങള്‍ നടക്കുന്നതായി മുതലമട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബിസുധ പറഞ്ഞു.