തൊടുപുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ സര്‍വീസുകള്‍ അട്ടിമറിക്കുന്നു

ktm-ksrtcതൊടുപുഴ: ലാഭകരമായ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തലാക്കി സ്വകാര്യ ബസ് സര്‍വീസുകളെ സഹായിക്കാന്‍ നീക്കം നടക്കുന്നതായി ആക്ഷേപം. ഇതിന്റെ ഭാഗമായി തൊടുപുഴ ഡിപ്പോയില്‍ നിന്ന് നടത്തിയിരുന്ന ലാഭകരമായ നിരവധി സര്‍വീസുകള്‍ നിര്‍ത്തലാക്കി.എറണാകുളത്ത് നിന്നും രാവിലെ നാലിന് തൊടുപുഴയ്ക്ക് പുറപ്പെട്ടിരുന്ന തൊടുപുഴ ഡിപ്പോയിലെ ബസ് ഉള്‍പ്പടെയുള്ളവയാണ് നിര്‍ത്തിയത്. ഡിപ്പോയിലെ ഏറ്റവും ലാഭമുള്ള സര്‍വീസുകളില്‍ ഒന്നാണിത്. വയനാട് പുല്‍പ്പള്ളിയില്‍ നിന്നും ഒരു ദീര്‍ഘദൂര ബസ് എറണാകുളം വഴി ഈ സമയത്ത് തൊടുപുഴ വഴി പത്തനംതിട്ടയ്ക്കു വരുന്നുണ്ടെന്ന കാര്യം പറഞ്ഞാണ് ഈ സര്‍വീസ് നിറുത്തിയത്. എന്നാല്‍ ഈ ബസിന്റെ സമയംപോലും ഡിപ്പോര്‍ ക്കാര്‍ക്ക് അറിയില്ല.

ഈ ബസ് രാവിലെ മൂന്നുമുതല്‍ ഏതു സമയത്തും എറണാകുളം വഴി കടന്നുപോകാം. പല ദിവസങ്ങളിലും ഈ ബസുണ്ടാകാറുമില്ല. രാത്രികാലങ്ങളില്‍ ട്രെയിനില്‍ വന്നിറങ്ങി തൊടുപുഴ ഭാഗത്തേയ്ക്ക് വരുന്ന യാത്രക്കാരാണ് ഇതുമൂലം ദുരിതത്തിലായത്. ഇതിനൊടൊപ്പം വൈകിട്ട് 6.30 ന് ആലപ്പുഴയിലേക്കുള്ള സര്‍വീസ്, 2.45 ന് ഇവിടെനിന്ന് ആരംഭിച്ചിരുന്നതും പിന്നീട് മൂലമറ്റം ഡിപ്പോയ്ക്ക് കൈമാറിയതുമായ മലപ്പുറം, വെറ്റിലപ്പാറ സര്‍വീസ് എന്നിവയെല്ലാം നിര്‍ത്തിയതില്‍ ഉള്‍പ്പെടുന്നു.

രാവിലെ 5.20 ന് പോകുന്ന ഒരു തോപ്രാംകുടി ബസ് കഴിഞ്ഞാല്‍ പിന്നെ ഇടുക്കി ഭാഗത്തേക്കുള്ള അടു ത്ത ബസ് ഏഴിനാണ്. ഇടുക്കി ഭാഗത്തേക്കുള്ള രണ്ട് എ.സി ലോഫ്‌ളോര്‍ ബസുകള്‍ നിര്‍ത്തി പകരം ഏത് റൂട്ടിലാണ് സര്‍വീസ് എന്നും അറിയില്ല. വൈകിട്ട് ആറിന് ശേഷം ഒരു മണിക്കൂറിനുശേഷമാണ് ബസ് കിട്ടുന്നത്.തൊടുപുഴ ഡിപ്പോയില്‍ നിന്നും മറ്റു ഡിപ്പോകളില്‍ പോയി തങ്ങുന്ന ബസുകളാണ് കൂടുതലും നിര്‍ത്തലാക്കുന്നത്. ചില സ്വകാര്യ ബസുകളെ സഹായിക്കാന്‍ ഉദ്യോഗസ്ഥര്‍ ചേര്‍ന്നുള്ള നടപടി യാണെന്നും ആക്ഷേപമുണ്ട്.ധാരാളം സര്‍വീസുകള്‍ ഇടയ്ക്ക് നിര്‍ത്തലാക്കുന്നതുകൊണ്ട് യാത്രക്കാരും അധികാരികളും തമ്മില്‍ വാക്കേറ്റം ഉണ്ടാകുന്നു. എറണാകുളം സോണില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിച്ചിരുന്ന ഡിപ്പോയാണിത്.

Related posts