പാലക്കാട്: ദയ ചാരിറ്റബിള്‍ ട്രസ്റ്റ് പെരിങ്ങോട്ടുകുറുശിയുടെ വൈവാഹിക പദ്ധതിയായ “ദയ മംഗല്യദീപം” വഴിയുള്ള ആദ്യവിവാഹം ഇന്ന്. പെരിങ്ങോട്ടുകുറുശി ഗ്രാമപഞ്ചായത്ത് പരുത്തിപ്പുള്ളി കാവുതിയാംപറമ്പ് പരേതനായ അശോകന്റെ മകള്‍ അശ്വതി യുടെ വിവാഹമാണു ദയ ചാരിറ്റബിള്‍ ട്രസ്റ്റ് ഏറ്റെടുത്ത് നടത്തുന്നത്. കൊല്ലങ്കോട്ടുകാരനാണു വരന്.
അശ്വതിയുടെ അച്ഛന് അശോകന് ആറുവര്‍ഷംമുമ്പ് അസുഖം ബാധിച്ചു മരിച്ചിരുന്നു. തുടര്‍ന്ന് അശ്വതിയെ ഉപേക്ഷിച്ചുപോയ അമ്മയെക്കുറിച്ചു നാളിതുവരെ വിവരമില്ല. അനാഥത്വത്തിലേക്ക് തള്ളിവിടാതെ അന്നുമുതല്‍ അശ്വതിയെ സംരക്ഷിച്ചത്് ചെറിയച്ഛന് ശെല്‍വനാണ്. വീടിനു സമീപത്തുതന്നെ പെട്ടിക്കട നടത്തി ഉപജീവനം നടത്തുന്ന ശെല്വനു മറ്റു വരുമാനമാര്‍ഗങ്ങളൊന്നുമില്ല. കടമെടുത്തു സഹോദരന്റെ മകളുടെ വിവാഹം നടത്തണമെന്നുണെ്ടങ്കിലും കടബാധ്യതകള്‍ ഏറെയാണ്. ഇതിനു പുറമേ ആകെയുള്ള മൂന്നുസെന്റ് സ്ഥലത്തിനു പ്രമാണവുമില്ല.
ഗൃഹസന്ദര്‍ശനം നടത്തിയ അംഗങ്ങള്‍ ഐക്യകണ്ഠേന മംഗല്യദീപത്തിന്റെ ആദ്യ ഗുണഭോക്താവായി അശ്വതിയെ തെരഞ്ഞെടുക്കുകയായിരുന്നു. അഞ്ചുപവന്‍ സ്വര്‍ണാഭരണങ്ങളും വിവാഹ വസ്ത്രങ്ങളും വിവാഹസദ്യയും ദയയാണ് ഒരുക്കുന്നത്. സോഷ്യല്‍മീഡിയ ഗുണഫലമാക്കി മൂന്നു ദയാഭവനങ്ങള്‍ ഉള്‍പ്പടെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഈ കൂട്ടായ്മയിലൂടെ നടത്തിയിട്ടുണ്ട്.