ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരാണ് ദീപിക പദുകോണും സൊനാക്ഷിസിന്‍ഹയും. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ പത്താമതാണ് ദീപികയുടെ സ്ഥാനം. എന്നാല്‍ ഈ താരങ്ങള്‍ ഉത്തര്‍പ്രദേശിലെ ഫറൂഖാബാദില്‍ നിന്ന് സബ്‌സിഡിയോടെ പ്രതിമാസം ഇപ്പോഴും റേഷന്‍ വാങ്ങുന്നവരാണത്രേ…
യുപിയിലെ ഖെയ്മാഗഞ്ച് താലൂക്കിലെ സഹാബ് ഗഞ്ച് ഗ്രാമത്തിലെ റേഷന്‍ കടയില്‍ നിന്നാണ് കോടീശ്വരികളായ താരങ്ങള്‍ റേഷന്‍ വാങ്ങുന്നത്. ബോളിവുഡ് താരങ്ങളായ ജാക്വലിന്‍ ഫെര്‍ണാണ്ടസ്, റാണി മുഖര്‍ജി, തുടങ്ങിയവരും റേഷന്‍ വാങ്ങുന്നവരില്‍പ്പെടും. റാണി മുഖര്‍ജിയുടെ ഭര്‍ത്താവിന്റെ പേര് രാം സ്വരൂപ്, സൊനാക്ഷിയുടെ ഭര്‍ത്താവ് രമേഷ് ചന്ദ് എന്നിങ്ങനെയാണ് നല്‍കിയിരിക്കുന്നത്. ദീപികയെ ജനറല്‍ കാറ്റഗറിയിലും മറ്റു നടിമാരെ പിന്നോക്ക വിഭാഗത്തിലുമാണ് പെടുത്തിയിരിക്കുന്നത്. സംഭവം തട്ടിപ്പാണെന്നു മനസ്സിലായതിനെ തുടര്‍ന്ന് റേഷന്‍ കട ഉടമയ്‌ക്കെതിരേ ഗ്രാമവാസികളില്‍ ചിലര്‍ പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടിട്ടുണ്ട്.