ആലുവ: പെരുമ്പാവൂര്‍ ജിഷവധക്കേസിലെ പ്രതി കൈയ്യെത്തും ദൂരത്തെന്ന് തോന്നിപ്പിക്കുന്നതരത്തില്‍ അന്വേഷണം പുരോഗമിക്കുമ്പോഴും ദുരൂഹതയുടെ ചുരുളഴിക്കാനാകാതെ പോലീസ്. യഥാര്‍ഥ പ്രതിയിലേക്ക് എത്തേണ്ട സാഹചര്യ തെളിവുകളില്‍ പ്രധാനപ്പെട്ടതെല്ലാം നഷ്ടമായതിനാല്‍ കേസ് ആദ്യം അന്വേഷിച്ച കുറുപ്പംപടി പോലീസിന്റെ വീഴ്ചകള്‍ പരിശോധിക്കാന്‍ പ്രത്യേകം സംഘത്തെ ചുമതലപ്പെടുത്തിയതായി സൂചന. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ രൂക്ഷവിമര്‍ശനത്തിനു പുറമെ ലോക്കല്‍ പോലീസിനെതിരേ കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പുവിന്റെ കൂടി പരാതി കണക്കിലെടുത്തതാണ് ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഉന്നതങ്ങളില്‍ നിന്നുള്ള ഉത്തരവ് ഉണ്ടായിരിക്കുന്നത്.
അവിവാഹിതയായ ഒരു യുവതി അതിക്രൂരമായി കൊല്ലപ്പെട്ട കേസില്‍ സ്വീകരിക്കേണ്ട അടിയന്തിര നടപടികള്‍ കുറുപ്പംപടി പോലീസ് കൈക്കൊണ്ടിരുന്നില്ലായെന്നു പരാതി നേരത്തെ ഉയര്‍ന്നിരുന്നു. കൊല്ലപ്പെട്ട ജിഷയും മാതാവ് രാജേശ്വരിയും പലകുറി പരാതിയുമായി ഈ സ്റ്റേഷനില്‍ കയറിയിറങ്ങിയിട്ടും യാതൊരു പരിഗണനയും നല്‍കുകയോ എതിര്‍കക്ഷികളെ വിൡച്ചുവരുത്തി ബന്ധപ്പെട്ട വിഷയങ്ങളില്‍ പരിഹാരം ഉണ്ടാക്കാനോ പോലീസ് ശ്രമിച്ചിരുന്നില്ലായെന്നും കണ്ടെത്തിയിരുന്നു. എന്നാല്‍, കൊലപാതകത്തിനുശേഷം പോലീസ് കൈക്കൊണ്ട പല നടപടികളും ദുരൂഹമായ ഈ കേസിന്റെ ഇപ്പോഴത്തെ അന്വേഷണങ്ങള്‍ക്ക് തടസമായിരിക്കുകയാണ്.
ആദ്യഘട്ടത്തിലെ അന്വേഷണത്തിലെ പാളിച്ചകളെക്കുറിച്ച് ആഭ്യന്തരവകുപ്പിന് നേരത്തെ ബോധ്യമായിരുന്നെങ്കിലും പോലീസിനെതിരേ കൂടുതല്‍ പരാതികള്‍ ഉയരാന്‍ തുടങ്ങിയതോടെ നടപടിക്ക് മുതിരാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ദാരുണമായ കൊലപാതകമായിരുന്നു എന്നറിഞ്ഞിട്ടും മൃതദേഹം തിടുക്കത്തില്‍ ദഹിപ്പിക്കാന്‍ പോലീസ് തന്നെ മുന്‍കൈയെടുത്തത് വിവാദമായിരുന്നു. ബന്ധുക്കള്‍ക്ക് ശരിയായ രീതിയില്‍ മരണാനന്തര കര്‍മ്മങ്ങള്‍ പോലും നടത്താന്‍ അനുവദിക്കാതെ രാത്രി ഒന്‍പതുമണിക്ക് തന്നെ ദഹിപ്പിച്ചതിനെതിരെ ജിഷയുടെ പിതാവ് പരാതിയിലൂടെ ചോദ്യം ചെയ്തിട്ടുണ്ട്. ഇങ്ങനെ ദഹിപ്പിച്ചതു മൂലം കേസന്വേഷണത്തിന്റെ ഭാഗമായി റീപോസ്റ്റുമോര്‍ട്ടത്തിനുള്ള സാഹചര്യമാണ് പോലീസ് ഇല്ലാതാക്കിയിരിക്കുന്നതെന്ന ആരോപണവുമുണ്ട്.
ഭീകരമായ കൊല നടന്ന വീടും പരിസരവും തെളിവുകളോടെ ബന്തവസിലാകുന്നതിലും പോലീസ് ജാഗ്രത കാട്ടിയിരുന്നില്ല. സംഭവം നടന്ന് അഞ്ചു ദിവസത്തിനുശേഷമാണ് യഥാര്‍ത്ഥ കൃത്യം പുറംലോകമറിയുന്നതു തന്നെ. പോലീസ് ഇത് ബോധപൂര്‍വം മറച്ചുവയ്ക്കുകയായിരുന്നുവെന്നാണ് മറ്റൊരു ആക്ഷേപം. കൊലപാതകം നടന്ന വീട് സീല്‍ വയ്ക്കാത്തതുമൂലം ബലപ്പെട്ട പല തെളിവുകളും നശിപ്പിക്കപ്പെടാന്‍ ഇടയായിട്ടുണ്ട്. തെളിവുകളെല്ലാം നഷ്ടമാകുകയും ജിഷവധം കൂടുതല്‍ വിവാദമാകുകയും ചെയ്തശേഷം കൊലനടന്ന് 15 ദിവസങ്ങള്‍ കഴിഞ്ഞാണ് വീട് ബന്തവസാക്കിയതും പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയതെന്നും പിതാവ് മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ പറയുന്നുണ്ട്.
കുറുപ്പംപടി പോലീസ് കേസിന്റെ ഗൗരവം കണക്കിലെടുക്കാതെ പോയതാണ് സേനയ്ക്ക് ആകമാനം നാണക്കേടുണ്ടാക്കിയതിനു കാരണമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ നേരത്തെ വിലയിരുത്തിയിരുന്നു. കേസന്വേഷണത്തിന്റെ ഈ വീഴ്ചയെ തുടര്‍ന്ന് എഡിജിപി പത്മകുമാര്‍, റൂറല്‍ എസ്പി യതീഷ് ചന്ദ്രയടക്കമുള്ള പ്രത്യേക സംഘത്തെ തന്നെ മാറ്റിയിരുന്നു. കേസന്വേഷണത്തിന്റെ കൃത്യവിലോപം വരുത്തിയ പെരുമ്പാവൂര്‍ ഡിവൈഎസ്പി അനില്‍കുമാര്‍, കുറുപ്പംപടി സിഐ കെ.എന്‍. രാജേഷ് എന്നിവരെയും അന്വേഷണസംഘത്തില്‍ നിന്നും നീക്കിയിരുന്നു. എന്നാല്‍, ആദ്യ അന്വേഷണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഡിവൈഎസ്പി, സിഐ,എസ്ഐ എന്നിവരെ സസ്പെന്‍ഡ് ചെയ്യണമെന്നാണ് ജിഷയുടെ പിതാവിന്റെ ആവശ്യം. ഇവരില്‍ കുറുപ്പംപടി എസ്ഐ സോണി മത്തായി തുടരുന്നതിനെതിരെയും പിതാവ് പരാതിപ്പെട്ടിട്ടുണ്ട്.
സ്ഥാനമേറ്റശേഷം പെരുമ്പാവൂരിലെ സംഭവസ്ഥലം സന്ദര്‍ശിച്ച പുതിയ ഡിജിപി ലോക്നാഥ് ബഹ്റ പോലീസിന്റെ വീഴ്ചയെക്കുറിച്ച് അന്വേഷണ സംഘവുമായി ചര്‍ച്ച നടത്തിയിരുന്നു. കഴിഞ്ഞ ദിവസം റൂറല്‍ എസ്പിയായി ചുമതലയേറ്റ പി.എന്‍. ഉണ്ണിരാജയോട് ആദ്യ അന്വേഷണത്തിന്റെ വീഴ്ചകളെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ തുടര്‍ന്നുള്ള നടപടികള്‍ സുതാര്യമായിരിക്കുമെന്ന മറുപടിയാണ് ഉണ്ടായത്. വീഴ്ചയെക്കുറിച്ച് പരിശോധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.
അന്വേഷണം സംസ്ഥാനത്തെ ആശുപത്രികളിലേക്കും
പെരുമ്പാവൂര്‍: ജിഷ കൊലക്കേസുമായി ബന്ധപ്പെട്ട അന്വേഷണം സംസ്ഥാനത്തെ ആശുപത്രികളിലേക്ക് വ്യാപിപ്പിച്ചു. സംഭവത്തിനു ശേഷം കൊലയാളി ചികിത്സ തേടി ആശുപത്രിയില്‍ എത്തിയിട്ടുണ്ടാകാം എന്ന നിഗമനത്തിലാണ് ആശുപത്രികളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം ആശുപത്രികളില്‍ അത്യാഹിത വിഭാഗത്തില്‍ പരിശോധനയ്ക്ക് എത്തിയവരെക്കുറിച്ചാണ് പോലീസ് പരിശോധിക്കുന്നത്. ആശുപത്രികളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധനയില്‍ നോക്കുന്നുണ്ട്.
കൊലപാതകത്തിനിടെ കൊലയാളിയുടെ ശരീരത്തില്‍ പരിക്കുകള്‍ ഏറ്റിട്ടുണ്ടെന്ന നിഗമനം പോലീസ് സ്ഥിതീകരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇത്തരത്തിലുള്ള അന്വേഷണത്തിലേക്ക് നീങ്ങുന്നത്. ഇതിനിടെ സംഭവം നടന്ന ദിവസം സമീപ പ്രദേശങ്ങളില്‍ ജോലിക്കെത്തിയ അന്യ സംസ്ഥാന തൊഴിലാളികളുടെ ദേഹ പരിശോധന തുടരുന്നുണ്ട്. പെരുമ്പാവൂര്ട്രാഫിക് സ്റ്റേഷനിലാണ് ഇതു നടക്കുന്നത്. തൊഴിലാളികളെ കോണ്‍ട്രാക്ടര്‍മാര്‍ തന്നെയാണ് പോലീസ് സ്റ്റേഷനില്‍ എത്തിക്കുന്നത്. ഇതിനകം നൂറിലധികം പേരെ പരിശോധന നടത്തി. പരിശോധന വരുന്ന ദിവസങ്ങളില്‍ വ്യാപിപ്പിക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു.