നഗരത്തെ അടുത്തറിയാന്‍ ‘സന്തോഷ തെരുവ് ” പദ്ധതിയുമായി കെഎംആര്‍എല്‍

ekm-kmrlകൊച്ചി: തെരുവുകളെ സന്തോഷഭരിതമാക്കുന്നതിനു രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ വിജയകരമായി നടപ്പിലാക്കുന്ന സന്തോഷ തെരുവ് പദ്ധതി കൊച്ചി മെട്രോയുടെ ഭാഗമായി കൊച്ചിയിലും നടപ്പിലാക്കുന്നു. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) എറണാകുളം ജില്ലാ ഭരണകൂടത്തിന്റെയും കൊച്ചി സിറ്റി ട്രാഫിക് പോലീസിന്റെയും വിശാല കൊച്ചി വികസന അഥോറിറ്റിയുടെയും കൊച്ചി ബിനാലെ ഫൗണേ്ടഷന്റെയും വിവിധ സംഘടനകളുടേയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഡല്‍ഹി അടക്കമുള്ള 15 ഇന്ത്യന്‍ നഗരങ്ങളില്‍ രാഹ് ഗിരി എന്ന പേരില്‍ നടപ്പിലാക്കിവരുന്ന പരിപാടിയുടെ ചുവടു പിടിച്ചാണ് പുതിയ ഉദ്യമം. ഇതിന്റെ ഭാഗമായുള്ള ആദ്യ പരിപാടി എറണാകുളം ഷണ്‍മുഖം റോഡില്‍ മേയ് ഒന്നിന് രാവിലെ 6.30 മുതല്‍ 10.30 വരെ സംഘടിപ്പിക്കുമെന്ന് കെഎംആര്‍എല്‍ അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

ഞായറാഴ്ചകളില്‍ പുലര്‍ച്ചെ നഗരത്തിലെ ഒരു പ്രധാന റോഡില്‍ മോട്ടോര്‍ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് വഴിയാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രികര്‍ക്കും യന്ത്രരഹിത വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്കുമായി പൂര്‍ണമായും വിട്ടുകൊടുത്ത് ആഘോഷഭരിതമാക്കുന്ന പദ്ധതിയാണ് സന്തോഷ തെരുവ് എന്ന പേരില്‍ നടപ്പിലാക്കുന്നത്. സമാധാനപൂര്‍ണവും സന്തോഷഭരിതവും ഉത്സവത്തിമര്‍പ്പോടും കൂടി തെരുവുകള്‍ സ്വന്തമാക്കുന്ന വേളയാകുമിത്.

കായിക വിനോദങ്ങള്‍ക്കും സാംസ്കാരിക പരിപാടികള്‍ക്കും ഈ സമയത്ത് അവസരമൊരുക്കും. ഡല്‍ഹി, ഗുഡ്ഗാവ്, ഭോപ്പാല്‍, ഹൈദരാബാദ്, നവി മുംബൈ തുടങ്ങി പ്രമുഖ നഗരങ്ങളിലും നിലവിലിത് വളരെ വിജയകരമായി നടത്തുന്നുണ്ട്. ഡല്‍ഹിയില്‍ നാല് കേന്ദ്രങ്ങളിലാണ് ഞായറാഴ്ചകളില്‍ ഇതു നടത്തുന്നത്.

വടക്കേ ഇന്ത്യന്‍ നഗരങ്ങളില്‍ രാഹ് ഗിരി നടപ്പിലാക്കിയതോടെ സൈക്കിള്‍ യാത്രികരുടെയും മറ്റും എണ്ണം വര്‍ധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതു മാത്രമല്ല, നടത്തവും മറ്റും കൂടുതല്‍ ശീലമാക്കുന്നതിന് നഗരവാസികളെ ആകര്‍ഷിക്കുകയും ചെയ്യും. അതുപോലെ യന്ത്രരഹിത വാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതിനും സഹായിക്കും.

കൊച്ചി നഗരത്തില്‍ യന്ത്രരഹിത വാഹനങ്ങള്‍ വ്യാപിപ്പിക്കാന്‍ കെഎംആര്‍എല്‍ ആഗ്രഹിക്കുന്നുണ്ട്. ജനങ്ങളില്‍ ഇതുസംബന്ധിച്ച അവബോധം വര്‍ധിപ്പിക്കുന്നതിനാണ് സന്തോഷ തെരുവ് പദ്ധതി നടപ്പിലാക്കുന്നത്. നഗരത്തിലെ വിവിധ ക്ലബുകളുടെയും എന്‍ജിഒകളുടെയും കലാസാംസ്കാരിക പ്രസ്ഥാനങ്ങളുടെയും സഹകരണം ഇതിനായി തേടിയിട്ടുണ്ട്. റോഡിന്റെ ഇരുവശങ്ങളും അടച്ചുകൊണ്ടായിരിക്കും പരിപാടി നടത്തുക. ആളുകള്‍ക്ക് കാല്‍നടയാത്രികരെന്നും സൈക്കിള്‍ യാത്രികരെന്ന നിലയില്‍ നഗരത്തെ കൂടുതല്‍ അടുത്തറിയുന്നതിനുള്ള അവസരവും പരിപാടിയിലൂടെ ലക്ഷ്യമിടുന്നു. വടക്കേ ഇന്ത്യന്‍ നഗരങ്ങളില്‍ രാഹ് ഗിരി നടപ്പിലാക്കുന്നതിന് സഹായം നല്‍കിയ എംബാര്‍ക്ക് എന്ന എന്‍ജിഒയുടെ സഹായവും കൊച്ചിയിലെ സന്തോഷ തെരുവ് പദ്ധതി ക്കുണ്ടായിരിക്കും.

Related posts