നഗരവീഥികളില്‍ മാലിന്യനിക്ഷേപം; ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കുന്നു

alp-wasteതിരുവല്ല: ഇരുട്ടിന്റെ മറവില്‍ നഗരത്തിന്റെ പലഭാഗങ്ങളിലും മാലിന്യം തള്ളുന്നത് വ്യാപകമാകുന്നു. പലയിടങ്ങളിലും രാത്രി സമയങ്ങളിലാണ്് മാലിന്യം തള്ളുന്നത്. ടികെ റോഡ്, കായംകുളം – തിരുവല്ല സംസ്ഥാനപാത, എംസി റോഡ് എന്നിവക്ക് പുറമെ ഇടറോഡുകളായ ചെയര്‍മാന്‍സ് റോഡ്, കാവുംഭാഗം ശ്രീവല്ലഭക്ഷേത്രം റോഡ്, അമ്പിളി ജംഗ്ഷന് സമീപമുള്ള കുട്ടികളുടെ പാര്‍ക്കിനോട് ചേര്‍ന്ന റോഡ് എന്നിവിടങ്ങളിലാണ്്പ്രധാനമായും മാലിന്യനിക്ഷേപം വ്യാപകമായിരിക്കുന്നത്.

ചെയര്‍മാന്‍സ് റോഡില്‍ അടുത്തയിടെ കക്കൂസ് മാലിന്യം തള്ളിയത് വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. പൊതുനിരത്തിലെ മാലിന്യനിക്ഷേപം  പ്രദേശവാസികള്‍ക്കും വഴിയാത്രക്കാര്‍ക്കും വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. നഗരത്തിലെ തിരക്കുകള്‍ക്ക് ഇടയില്‍പ്പെടാതെ എളുപ്പത്തില്‍ യാത്രചെയ്യാന്‍  കാല്‍നടക്കാര്‍ തെരഞ്ഞെടുക്കുന്ന റോഡില്‍ മാലിന്യം തള്ളുന്നത്് പതിവായിട്ടും ഇതിനെതിരേ  നഗരസഭാ അധികൃതര്‍ നടപടി സ്വീകരിക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

രാത്രികാലങ്ങളില്‍ പോലീസിന് കാര്യക്ഷമമായ പട്രോളിംഗ് സംവിധാനം ഇല്ലാത്തതും മാലിന്യം തള്ളുന്നവര്‍ക്ക് സഹായകമായിട്ടുണ്ട്. പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലുമായി വാഹനങ്ങളില്‍ കൊണ്ടുവരുന്ന മാലിന്യം തെരുവ് നായ്ക്കളും പക്ഷികളും കടിച്ചെടുത്ത് സമീപത്തുള്ള പറമ്പുകളിലും കിണറുകളിലും കൊണ്ടിടാറുമുണ്ട്.  മാലിന്യം നിക്ഷേപിക്കുന്നത് മൂലം തെരുവ് നായ്ക്കളുടെയും കൊതുകുകളുടെയും ആവാസകേന്ദ്രമായി മാറിയിരിക്കുകയാണ്. മാലിന്യനിക്ഷേപത്തിനെതിരേ നഗരസഭ ശക്തമായ നടപടി സ്വീകരിക്കുകയും ഇത്തരം സ്ഥലങ്ങളില്‍ നിരീക്ഷണ കാമറ സ്ഥാപിക്കുകയും ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Related posts