തമിഴ്നാട്ടിലെ വലിയൊരു സാമൂഹ്യ പ്രശ്നമാണ്, തുടര്‍ പരമ്പരയായി അരങ്ങേറുന്ന നവദമ്പതികളുടെ ആത്മഹത്യ. രാഷ്ട്രീയപ്രമുഖര്‍ പോലും ഇടപെട്ടിട്ടും ശമനം കാണാത്ത ഈ വിപത്തിനെതിരേ വിരല്‍ ചൂണ്ടുകയാണ് ‘നനയാതെ മഴയെ’ എന്ന സിനിമ. കോയമ്പത്തൂര്‍ സ്വദേശിയായ മഹേന്ദ്രഗണപതി, കഥ, തിരക്കഥ, സംഭാഷണം , സംവിധാനം നിര്‍വഹിക്കുന്ന ഈ സിനിമ ഷിമോഗ സിനിമ തിയറ്ററിലെത്തിക്കും. മലയാളികളായ, അരുണ്‍ പത്മനാഭന്, വൈദേഹി എന്നിവരാണ് നായികാനായകന്മാരായി വേഷമിടുന്നത്. കാശ് ….. പണം, ദുട്ട്…… മണി…മണി’ എന്ന സൂപ്പര്‍ഹിറ്റ് ഗാനം പാടി അഭിനയിച്ച ഗാനബാല ഈ സിനിമയിലും പുതുമയുള്ളൊരു ഗാനം പാടി അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
റെയില്‍വേസ്റ്റേഷന്റെ പരിസരത്ത്, താമസിക്കുന്നവനാണ് തമിഴ് ശെല്വന് (അരുണ്പത്മനാഭന്). കീഴ്ജാതിയില്‍ പിറന്നവനാണെങ്കിലും, വിദ്യാസമ്പന്നനായിരുന്നു അവന്. നന്നായി കവിത എഴുതും. എല്ലാം സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളാണ് കൈകാര്യം ചെയ്തിരുന്നത്. ട്രെയിന്‍ തട്ടി മരിക്കുന്നവര്‍ക്കുവേണ്ടി ആദ്യം രംഗത്തിറങ്ങുന്നത് ശെല്‍വനായിരുന്നു. അവരുടെ ആഭരണങ്ങളും, പണവും മറ്റാരെങ്കിലും കൊള്ളയടിക്കുന്നതിന് മുമ്പ്, ശെല്വന് കൈക്കലാക്കും. പിന്നെ, അത്, സുരക്ഷിതമായി ബന്ധുവിന് കൈമാറും. വര്‍ഷങ്ങളായി ശെല്വന് ഈ സേവനം ചെയ്യുന്നു. അതുകൊണ്ട് ശെല്വന് നാട്ടുകാര്‍ക്കെല്ലാം പ്രിയപ്പെട്ടവനായിരുന്നു.
ശെല്‍വന്റെ കവിതകള്‍ സ്ഥിരമായി വായിക്കുന്നവളായിരുന്നു മണിമൊഴി (വൈദേഹി). ഒരു ദിവസം, ആരാധന മൂത്ത്, മണിമൊഴി ശെല്‍വനെ കാണാനെത്തി. ആദ്യ ദര്‍ശനത്തില്‍തന്നെ അവര്‍ പ്രണയത്തിലായി. ഒടുവില്‍ വിവാഹിതരാകാന്‍ ശ്രമിച്ചപ്പോള്‍ പ്രശ്നമായി. ശെല്വന് കീഴ്ജാതിക്കാരനായതിനാല്‍, വിവാഹത്തിന് സമ്മതിക്കില്ലെന്ന്, മണിമൊഴിയുടെ വീട്ടുകാര്‍ തറപ്പിച്ചു പറഞ്ഞു. ഒടുവില്‍, ശെല്‍വനും, മണിമൊഴിയും രജിസ്റ്റര്‍ മാര്യേജ് ചെയ്യാന്‍ തീരുമാനിച്ചു. ആരും അറിയാതെ അവര്‍ വിവാഹിതരായി.
പിന്നെയാണ് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടായത്. അതിനെയെല്ലാം തരണം ചെയ്യാന്‍ ശെല്‍വനും, മണിമൊഴിയും, രണ്ടും കല്‍പ്പിച്ച് രംഗത്ത് വന്നു. അതോടെ, പ്രശ്നങ്ങള്‍ കൂടുതല്‍ വഷളായി. ഷിമോഗ ക്രിയേഷന് അവതരിപ്പിക്കുന്ന ‘നനയതെ മഴയെ’. മഹേന്ദ്രഗണപതി രചന, സംവിധാനം, നിര്‍മ്മാണം നിര്‍വഹിക്കുന്നു. കാമറ – കിച്ചാസ്, സംഗീതം – സൗന്ദര്യന്, പി. ആര്. ഒ. – അയ്മനം സാജന്, വിതരണം – ഷിമോഗ റിലീസ്.അരുണ്‍ പത്മനാഭന്, വൈദേഹി, അനു മോഹന്‍, ശങ്കര്‍, ഗാനബാല എന്നിവര്‍ അഭിനയിക്കുന്നു.
–അയ്മനം സാജന്