നവാഗതരെ വരവേല്ക്കാന്‍ അണിഞ്ഞൊരുങ്ങി സ്കൂളുകള്‍

alp-schoolആലപ്പുഴ: രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം വിദ്യാലയങ്ങള്‍ തുറക്കാനൊരുങ്ങുന്നു. സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായുള്ള നവീകരണ പ്രവര്‍ത്തനങ്ങളും അറ്റകുറ്റപണികളും അവസാന ഘട്ടത്തിലാണ്. നവാഗതരെ വരവേല്ക്കാനായി എല്‍പി സ്കൂളുകള്‍ അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും വന്യമൃഗങ്ങളുമടക്കമുള്ളവയുടെ ചിത്രങ്ങളുമായാണ് ക്ലാസ് മുറികള്‍ നവാഗതരെ വരവേല്ക്കുന്നത്.

പുത്തന്‍ കളിപ്പാട്ടങ്ങളും നവാഗതര്‍ക്കായി സ്കൂളുകളില്‍ ഒരുങ്ങുന്നുണ്ട്. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെല്ലാം അത്യാവശ്യം നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കഴിഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി കനത്ത ചൂടുമൂലം എസ്എസ്എല്‍സി വെക്കേഷന്‍ ക്ലാസുകള്‍ കുറഞ്ഞദിവസം മാത്രമേ ജില്ലയിലെ വിദ്യാലയങ്ങളില്‍ നടത്തിയിരുന്നുള്ളു. മറ്റു ക്ലാസുകളിലുള്ളവര്‍ക്ക് ഇത്തവണത്തെ വേനല്‍ അവധി ശരിക്കും അവധി തന്നെയായിരുന്നു. മേയ് മാസം സമാന്തര പഠന കേന്ദ്രങ്ങളില്‍ അധ്യയനം ആരംഭിച്ചെങ്കിലും കനത്ത വേനലിനെത്തുടര്‍ന്ന് ക്ലാസുകള്‍ നിര്‍ത്തിവച്ചിരുന്നു.

സ്കൂളിലേക്ക് പോകുന്നതിനുള്ള മുന്നൊരുക്കം കുട്ടികള്‍ ആഴ്ചകള്‍ക്ക് മുമ്പുതന്നെ ആരംഭിച്ചിരുന്നു. സ്കൂള്‍ വിപണിയും ആഴ്ചകള്‍ക്ക് മുമ്പുതന്നെ സജീവമായിരുന്നു. നവാഗതരെ പ്രവേശനോത്സവങ്ങള്‍ സംഘടിപ്പിച്ചാണ് വിദ്യാലയങ്ങളിലേക്ക് വരവേല്ക്കുന്നത്. ആലപ്പുഴ ജില്ലാതല പ്രവേശനോത്സവം എസ്എല്‍പുരം ജിഎസ്എംഎം ഹയര്‍സെക്കന്‍ഡറി സ്ൂകളിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. പഞ്ചായത്ത് തലത്തിലും നഗരസഭാതലത്തിലും സ്കൂളുകളില്‍ പ്രവേശനോത്സവങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. വര്‍ണ ബലൂണുകളും മധുരവുമായി സ്കൂളിലേക്കെത്തുന്ന പുത്തന്‍ കൂട്ടുകാരെ വരവേല്ക്കാനുള്ള കാത്തിരിപ്പിലാണ് വിദ്യാര്‍ഥികള്‍.

Related posts