നവീകരിച്ച മലമ്പുഴ അതിഥിമന്ദിരം അതിഥികള്‍ക്കായി തുറന്നു

PKD-MALAMPUZHAപാലക്കാട്: മലമ്പുഴ ഉദ്യാനത്തിനും ഡാമിനും സമീപമുളള വിനോദസഞ്ചാര വകുപ്പിന് കീഴിലുളള നവീകരിച്ച അതിഥി മന്ദിരം മലമ്പുഴ എംഎല്‍എയും ഭരണപരിഷ്ക്കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്‍ അതിഥികള്‍ക്കായി തുറന്നു കൊടുത്തു. അതിഥി മന്ദിരം കോമ്പൗണ്ടില്‍ നടന്ന പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര രാമചന്ദ്രന്‍ അദ്ധ്യക്ഷയായി. നാല് എ.സി മുറികളും, മൂന്ന് സ്യൂട്ട് മുറികളും അതോടനുബന്ധിച്ചുളള ഡ്രോയിംഗ് മുറികളും ഡൈനിംഗ്, സ്‌റ്റോര്‍, സ്റ്റാഫ് മുറികളും ഉള്‍പ്പെട്ട മന്ദിരം 52.25 ലക്ഷം രൂപ ചിലവില്‍ പൈതൃക തനിമ കൈവിടാതെയാണ് നവീകരിച്ചിട്ടുളളത്.

നിലം വെട്രിഫൈഡ് ടൈല്‍സ് കൊണ്ട് അലങ്കരിക്കുകയും മേല്‍ക്കൂര പൂര്‍ണ്ണമായും നീക്കി ആധുനികരീതീയില്‍ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. ഇലക്ട്രിക്കല്‍ വയറുകളും നീക്കി പുതിയവ സ്ഥാപിച്ചു. മന്ദിരത്തില്‍് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പുറമെ സ്വകാര്യ വ്യക്തികള്‍ക്കും മുറികള്‍ വാടകക്ക് ലഭ്യമാണ്.

പരിപാടിയില്‍ ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡി.കമലമ്മ സ്വാഗതം പറഞ്ഞു. പൊതു മരാമത്ത് വകുപ്പ് അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ രാജേഷ് ചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ ബാബു, സി.പി.ഐ(എം) ഏരിയ സെക്രട്ടറി ഗോകുല്‍ ദാസ്, സി.പി.ഐ മണ്ഡലം സെക്രട്ടറി വി.എസ് രാമചന്ദ്രന്‍, ജനതാദള്‍ എസ് ജില്ല വൈസ് പ്രസിഡന്റ് ജബ്ാര്‍ അലി, മന്ദിരം മാനേജര്‍ കെ.വി സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related posts