കോട്ടയം: തെരഞ്ഞെടുപ്പ് ഫലം വന്നതോടെ ട്രോളേഴ്‌സ് മുന്നണികളെയും രാഷ്ട്രീയ നേതാക്കളെയും സ്ഥാനാര്‍ഥികളെയും കണക്കിനു കളിയാക്കി. നേമത്ത് വിജയിച്ച ബിജെപി സ്ഥാനാര്‍ഥി ഒ. രാജഗോപാലും പത്താനാപുരത്ത് തോറ്റ ജഗദീഷും അഴീക്കോട് എതിര്‍സ്ഥാനാര്‍ഥിയോട് ഇഞ്ചോടിഞ്ച് മത്സരിച്ച് പരാജയപ്പെട്ട നികേഷ് കുമാറുമാണ് ട്രോളേഴിന്റെ പ്രധാന ഇരകള്‍. ഉമ്മന്‍ ചാണ്ടിയെയും ട്രോളേഴ്‌സ് വെറുതേവിട്ടില്ല. ഇന്‍ഹരിഹര്‍നഗര്‍ എന്ന സിനിമയില്‍ ജഗദീഷ് അവതരിപ്പിച്ച അപ്പുകുട്ടന്‍ എന്ന കഥാപാത്രത്തെ ഉള്‍പ്പെടുത്തിയുള്ള ട്രോളുകളാണ് ജഗദീഷിനെതിരെയുള്ളത്.
ചോര്‍ന്ന വോട്ടുകള്‍ തപ്പി വോട്ടിംഗ് മെഷീനില്‍ കയറി പരിശോധിക്കുന്ന നികേഷാണ് ഒരു ട്രോളില്‍. തന്റെ തോല്‍വി പ്രേക്ഷകരെ അറിയിക്കാന്‍ ന്യൂസ് റൂമില്‍ കയറിയിരിക്കുന്ന നികേഷും ട്രോളായിട്ടുണ്ട്. വെള്ളാപ്പള്ളി നടേശനേയും ബിഡിജെഎസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ കുടത്തെയും ട്രോളന്‍മാര്‍ കണക്കിനു കളിയാക്കി. എല്ലാവരെയും കണക്കിനു പരിഹസിക്കുമ്പോള്‍ പൂഞ്ഞാറില്‍ നിന്നും സ്വതന്ത്രനായി മത്സരിച്ചു ജയിച്ച പി.സി. ജോര്‍ജിനു രാജകീയ പദവിയാണ് ട്രോളന്‍മാര്‍ നല്കുന്നത്. റിക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിച്ച പി.സി. ജോര്‍ജിനെ ഒരു ട്രോളിലും കളിയാക്കുന്നില്ല. മാത്രമല്ല വീരപരിവേഷമാണ് അദ്ദേഹത്തിനു ട്രോളന്‍മാര്‍ നല്കുന്നത്. സ്്‌റ്റൈല്‍ മന്നനായും വെള്ളിമൂങ്ങയിലെ ബിജുമേനോന്‍ അവതരിപ്പിച്ച കഥാപാത്രമായും പിസി ജോര്‍ജ് എത്തുന്നു.