നാഗമ്പടം റെയില്‍വേ നടപ്പാലം അറ്റകുറ്റപ്പണിക്ക് ടെന്‍ഡര്‍ പോലും ആയില്ല; ദുരിതമനുഭവിച്ച് യാത്രക്കാര്‍

ktm-overbridgeകോട്ടയം: നാഗമ്പടം റെയില്‍വേ നടപ്പാലം അടച്ചിട്ട് ആഴ്ചകള്‍ പിന്നിട്ടിട്ടും അറ്റകുറ്റപണി തുടങ്ങാന്‍ നടപടിയായിട്ടില്ല. അറ്റകുറ്റപണി എന്നു തുടങ്ങുമെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത നിലനില്‍ക്കുകയാണ്. ഇതോടെ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടുകയാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തുക കോട്ടയം നഗരസഭ അടച്ചെങ്കിലും ടെണ്ടര്‍ നടപടിപോലും ഇതുവരെ റെയില്‍വേ അധികൃതര്‍ ആരംഭിച്ചിട്ടില്ല. ജോലി ആരംഭിക്കുന്നതിനു റെയില്‍വേ ആവശ്യപ്പെട്ട തുക നഗരസഭ അടച്ചെങ്കിലും നടപടികള്‍ താളത്തിലാണ്.

ആഴ്ചകള്‍ക്കുമുമ്പു തകര്‍ന്ന പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി ഉടന്‍ തുറന്നുകൊടുക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. മുന്നോട്ടുള്ള പണികളുടെയും മറ്റും മേല്‍നോട്ടം ഡിവിഷന്‍ ഓഫീസിലാണെന്നിരിക്കെ ഇവിടെനിന്ന് ഒരു നിര്‍ദേശവും ലഭിച്ചിട്ടില്ലെന്നു റെയില്‍വേ അധികൃതര്‍ വ്യക്തമാക്കുന്നു. നിലവിലെ സാഹചര്യത്തില്‍ ടെണ്ടര്‍ നടപടികള്‍ക്കുശേഷമേ ജോലികള്‍ ആരംഭിക്കാന്‍ സാധിക്കു.

പാലം പണിക്കായി 28.70 ലക്ഷം രൂപ ചെലവാകുമെന്നാണു റെയില്‍വേയുടെ വാദം. ഇതില്‍ 15 ലക്ഷം രൂപ പാലത്തിന്റെ ജോലികള്‍ക്കും ബാക്കി തുക റെയില്‍വേക്കുള്ള നടത്തിപ്പു തുകയുമാണ്. ഇതില്‍ പാലം പണിക്കുള്ള തുക നഗരസഭ നേരത്തെ അടച്ചിരുന്നെങ്കിലും ബാക്കി തുക സംബന്ധിച്ച് റെയില്‍വേ – നഗരസഭ അധികൃതര്‍ തമ്മിലുണ്ടായ തര്‍ക്കം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നീളാന്‍ കാരണമായി.

റെയില്‍വേ ആവശ്യപ്പെട്ട തുക കൂടുതലാണെന്നും തുക കുറയ്ക്കണമെന്നും നഗരസഭ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ആറുലക്ഷത്തോളം രൂപ കുറച്ചു. ബാക്കിവന്ന ഏഴു ലക്ഷത്തിലധികം തുക അടച്ചതായി നഗരസഭ അധികൃതരും വ്യക്തമാക്കി. എന്നിട്ടും പണികള്‍ നീളുന്നതു യാത്രക്കാര്‍ക്കിടയില്‍ വന്‍ പ്രതിഷേധത്തിനു കാരണമായിരിക്കുകയാണ്. നിലവില്‍ നാഗമ്പടം ഹോമിയോ ആശുപത്രിക്കു സമീപത്തെ മതിലിന്റെ വിടവിലൂടെയാണ് കാല്‍നട യാത്രക്കാര്‍ പാളം മുറിച്ചുകടന്നു യാത്രചെയ്യുന്നത്. ഇത് വന്‍ അപകടഭീഷണി സൃഷ്ടിക്കുന്നുണ്ട്.

നാഗമ്പടം നടപ്പാലത്തിന്റെ അറ്റകുറ്റപണികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ടു നാളെ രാവിലെ ഒമ്പതിനു റെയില്‍വേ സ്റ്റേഷനിലേക്കു കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തും. നടപ്പാലം പണിയുന്നതിനു റെയില്‍വേ അധികൃതര്‍ ആവശ്യപ്പെട്ട തുക കോട്ടയം നഗരസഭ നല്‍കി ആഴ്ചകള്‍ പിന്നിട്ടിട്ടും നടപ്പാലത്തിന്റെ പണി ആരംഭിക്കാത്തതിനാലാണ് കോണ്‍ഗ്രസ് കോട്ടയം ഈസ്റ്റ്, വെസ്റ്റ് ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കാന്‍ തീരുമാനിച്ചതെന്നു ബ്ലോക്ക് പ്രസിഡന്റുമാരായ ടി.സി. റോയി, എസ്. രാജീവ് എന്നിവര്‍ അറിയിച്ചു.

Related posts