കൂത്താട്ടുകുളം: മോഷണം പോയ പെട്രോള്‍ പമ്പു ജീവനക്കാരന്റെ കാഷ് ബാഗ് റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവമാണ് ആറൂര്‍ ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിലെ ജീവനക്കാരന്റെ കൈയില്‍ നിന്നു 36,000 രൂപ അടങ്ങുന്ന കളക്ഷന്‍ ബാഗ് നഷ്ടപ്പെട്ടത്. പെട്രോള്‍ നിറയ്ക്കാനെത്തിയ വാഹനം പമ്പില്‍ നിന്നു മടങ്ങിയതിനുശേഷമാണ് ബാഗ് നഷ്ടപ്പെട്ടതെന്നു പമ്പ് ജീവനക്കാരന്‍ പോലീസിനോട് പറഞ്ഞു. ബാഗ് നഷ്ടപ്പെട്ട വിവരം ഉടന്‍ തന്നെ ഹൈവേ പോലീസിനെ അറിയിക്കുകയും ഇവരുടെ സഹായത്തോടെ വാഹനങ്ങള്‍ തടഞ്ഞ് പരിശോധന നടത്തുകയും ചെയ്യുന്നതിനിടെയാണ് ഓട്ടോ ഡ്രൈവര്‍ക്ക് റോഡരികില്‍ നിന്നു ബാഗ് ലഭിക്കുന്നത്.
തുടര്‍ന്നു ബാഗ് ഓട്ടോ ഡ്രൈവര്‍ ഏലിയാസ് പോലീസിനു കൈമാറി. പോലീസ് ബാഗ് പരിശോധിച്ചപ്പോള്‍ ഇതില്‍ നിന്നു 3000 രൂപ നഷ്ടപ്പെട്ടതായും കണ്ടെത്തി. ആറൂര്‍ പെട്രോള്‍ പമ്പിനു നൂറുമീറ്റര്‍ മാറി റോഡരികിലാണ് ബാഗ് ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തിയത്.കൂത്താട്ടുകുളം എസ്‌ഐ ജി.പി. മനുരാജിന്റെ സാന്നിധ്യത്തില്‍ ആറൂര്‍ പമ്പ് ഉടമ ജോര്‍ജ് ചാന്ദ്യത്തിന് ഓട്ടോ ഡ്രൈവറായ ഏലിയാസ് പണം അടങ്ങിയ ബാഗ് തിരികെ ഏല്‍പ്പിച്ചു.
വാഴക്കുളം: ഓട്ടോറിക്ഷയില്‍ മറന്നുവച്ച 75,000 രൂപ ഉടമസ്ഥനു തിരികെ നല്‍കി ഓട്ടോഡ്രൈവര്‍മാതൃകയായി. ഓട്ടം അവസാനിപ്പിച്ച് വാഹനം വൃത്തിയാക്കുന്നതിനിടെയാണ് മടക്കത്താനം കാപ്പ് അമ്പാട്ട് സജീവിന്റെ ഓട്ടോയില്‍ പണപ്പൊതി കണ്ടെത്തിയത്.തുടര്‍ന്നു പണം വാഴക്കുളം പോലീസ് സ്‌റ്റേഷനില്‍ എല്പിക്കുകയായിരുന്നു.പണം കളഞ്ഞുകിട്ടിയ വിവരം സംബന്ധിച്ചു പോലീസ് നല്‍കിയ അറിയിപ്പിനെ തുടര്‍ന്ന് കുമാരമംഗലം വെങ്ങല്ലൂര്‍ സ്വദേശിയായ കൊട്ടാരത്തില്‍ ദിലീപ് കുമാര്‍ വാഴക്കുളം സ്റ്റേഷനിലെത്തി പണം കൈപ്പറ്റുകയായിരുന്നു.
വസ്തുവിറ്റ പണവുമായി ഓട്ടോയില്‍ യാത്ര ചെയ്യുന്നതിനിടെ ഒരു കെട്ട് വണ്ടിയില്‍ വീഴുകയായിരുന്നുവെന്നാണ് ദിപീല് പറയുന്നത്. തൊടുപുഴയില്‍ നിന്നു മടക്കത്താനത്തേക്ക് യാത്രചെയ്യുന്നതിനിടെയാണ് സംഭവം. കളഞ്ഞുകിട്ടിയ പണം തിരികെ നല്‍കി മാതൃകയായ ഓട്ടോ ഡ്രൈവര്‍ സജീവിനെ നാട്ടുകാരുടെ നേതൃത്വത്തില്‍ അനുമോദിച്ചു. വാഴക്കുളം സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ഡി. സുവര്‍ണകുമാറിന്റെ സാന്നിധ്യത്തിലാണ് ഉടമയ്ക്ക് പണം തിരികെ നല്‍കിയത്.