നാട്ടിക ഫര്‍ക്ക സമഗ്ര കുടിവെള്ളപദ്ധതി നവീകരണത്തിനു ടെണ്ടര്‍ അടുത്തമാസം

TCR-NATTIKAവാടാനപ്പള്ളി: നാട്ടിക, മണലൂര്‍, ഗുരുവായൂര്‍, കൊടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തുകളിലെ നാട്ടിക ഫര്‍ക്ക സമഗ്ര കുടിവെള്ള പദ്ധതിയുടെ പുനര്‍ നവീകരണത്തിനു വേണ്ടി 22 കോടി അനുവദിച്ചു. ടെണ്ടര്‍ നടപടികള്‍ 16നു നടത്തും. ഇതുസംബന്ധിച്ച് ഇന്നുരാവിലെ വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ എംഎല്‍എമാര്‍, ത്രിതല ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍ തീരുമാനിച്ചു. മുരളി പെരുനെല്ലി എംഎല്‍എ അധ്യക്ഷനായിരുന്നു. ഗീതാ ഗോപി എംഎല്‍എ വിശദീകരണം നടത്തി.

വെള്ളാനിയിലെ പ്രധാന ജലസംഭരണി 12നു രാവിലെ എട്ടിനു തീരദേശത്തെ അഞ്ച് എംഎല്‍എമാരും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും സന്ദര്‍ശിക്കാനും പഞ്ചായത്തുകളിലെ ടാങ്കുകള്‍ പരിശോധിക്കാനും തീരുമാനിച്ചു. തുടര്‍ന്നു ഗണേശമംഗലത്തെ വാട്ടര്‍ ടാങ്ക് എംഎല്‍എമാരായ മുരളി പെരുനെല്ലി, ഗീതാ ഗോപി എന്നിവരുടെ നേതൃത്വത്തില്‍ ഇന്നുരാവിലെ പത്തരയോടെ സന്ദര്‍ശിച്ചു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.

നിലവിലുള്ള നാട്ടിക ഫര്‍ക്ക ശുദ്ധജല പദ്ധതി 2011ല്‍ കാലഹരണപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് പൈപ്പുകള്‍ കേടുവരികയും പൊട്ടുകയും ചെയ്തിരുന്നു. പമ്പ് ഹൗസും ജലശുദ്ധീകരണശാലയും ജീര്‍ണിച്ചു. ഇതിനെ തുടര്‍ന്ന് പദ്ധതിയുടെ ഒന്നാംഘട്ട നവീകരണത്തിനു കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ 22 കോടി രൂപയുടെ സാമ്പത്തിക അനുമതി ലഭിച്ചത്.ഈ പദ്ധതിപ്രകാരം പമ്പ് ഹൗസ്, ജലശുദ്ധീകരണശാല എന്നിവ നവീകരിക്കും. വെള്ളാനിയിലെ പ്രധാന ജലസംഭരണിയില്‍നിന്നും സി.വി.സെന്റര്‍ വരെയുള്ള 6250 മീറ്റര്‍ ദൂരം വരെയുള്ള പൈപ്പുകള്‍, സി.വി.സെന്റര്‍ മുതല്‍ വലപ്പാട് ജലസംഭരണി വരെയുള്ള 3700 മീറ്റര്‍ വരെയുള്ള പൈപ്പുകള്‍ എന്നിവയും മാറ്റി സ്ഥാപിക്കും. തളിക്കുളം പഞ്ചായത്തിലെ വിതരണ ശൃംഖലയിലെ കാലപ്പഴക്കം ചെന്ന പൈപ്പുകളും മാറ്റും.

ഓഗസ്റ്റ് 20നു പുതിയ ടെണ്ടര്‍ തുറക്കും. പിന്നീടുള്ള നവീകരണ പ്രവര്‍ത്തികള്‍ക്കുള്ള എസ്റ്റിമേറ്റ് സാങ്കേതികാനുമതിക്കും സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പറഞ്ഞു.പുതുക്കുളങ്ങരയിലെ അപകടഭീണിയായ ടാങ്ക് പൊളിച്ചു നീക്കാനുള്ള നടപടിയായെന്നും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വ്യക്തമാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുള അരുണന്‍, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍.സുഭാഷിണി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷിജിത്ത് വടക്കുംഞ്ചേരി – വാടാനപ്പള്ളി, കെ.കെ. രജനി – തളിക്കുളം, തോമസ് മാസ്റ്റര്‍ – വലപ്പാട് ഉള്‍പ്പെടെയുള്ള ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, വാട്ടര്‍ അതോറിറ്റി എക്‌സി. എന്‍ജിനീയര്‍മാരായ സജിത്ത് സജി – നാട്ടിക, പോളി പീറ്റര്‍ – ഇരിങ്ങാലക്കുട, അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വി.എം.രാജേഷ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Related posts