നാദാപുരം: ബസ്സ്റ്റാന്‍ഡ് പരിസരത്ത് കട കത്തി നശിച്ച സംഭവത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് സാധ്യത മങ്ങുന്നു. സ്റ്റാന്‍ഡിലെ ബുഹാരി വെസ്സല്‍സ് കടയാണ് നാലാം തീയതി പുലര്‍ച്ചെ ദുരൂഹ സാഹചര്യത്തില്‍ കത്തിനശിച്ചത്.കോടിക്കണക്കിനുരൂപയുടെ സാധന സാമഗ്രികളാണ് തീപിടിത്തത്തില്‍ കത്തിച്ചാമ്പലായത്. തിങ്കളാഴ്ച രാവിലെ കടയിലെ കത്തിനശിച്ച സാധന സാമഗ്രികളും മറ്റും നീക്കംചെയ്ത് കടയുടെ ഉള്‍ഭാഗം വൃത്തിയാക്കിയപ്പോഴാണ് തീപിടിത്തത്തെപ്പറ്റി ദുരൂഹത വര്‍ധിച്ചത്. കടയുടെ ഉള്‍ഭാഗത്ത് തറയിലെ ടൈലുകള്‍ കത്തി നശിച്ചതും ദുരൂഹത വര്‍ധിപ്പിക്കുന്നു. കട പൂര്‍ണമായി കത്തി നശിച്ചിരുന്നെങ്കിലും മറ്റിടങ്ങളിലെ ടൈലുകള്‍ കത്താതെ ഈ ഭാഗത്തെ രണ്ട് ടൈലുകള്‍ മാത്രം കത്തിയതാണ് സംശയം ബലപ്പെടുത്തുന്നത്.
കടയുടെ പിന്‍ ഭാഗത്തെ എക്‌സോസ്റ്റ് ഫാനിനോടുചേര്‍ന്ന് ചുമരില്‍നിന്ന് അരമീറ്റര്‍ മാറിയുള്ള തറയിലെ ടൈലുകളാണ് ഭാഗികമായി കത്തിനശിച്ചത്. ഇക്കാര്യം ഇന്നലെ രാവിലെയാണ് കടയുടമുടേയും മറ്റും ശ്രദ്ധയില്‍പ്പെടുന്നത്. ചുവരിലെ ഇരുമ്പ്് ഗ്രില്‍സിനിടയില്‍ കൂടി പെട്രോളോ മറ്റ് രാസവസ്്തുക്കളോ മറ്റോ ഒഴിച്ച് തീവച്ചതാണോയെന്ന സംശയം ഇതോടെ നാട്ടുകാരിലും ഉണ്ടായിട്ടുണ്ട്്. കൂടാതെ ഈ ഭാഗങ്ങളില്‍ ഒന്നുംതന്നെ വയറിംഗ് ഇല്ലാത്തതും സംശയം ബലപ്പെടുത്തുന്നു.
ഒന്നര വര്‍ഷം മുമ്പാണ് ലക്ഷങ്ങള്‍ ചിലവഴിച്ച് കട ആധുനിക രീതിയില്‍ നവീകരിച്ചത്. ഷോര്‍ട്ട് സാധ്യത ഉണ്ടായാല്‍ കടയിലെ ഫ്യൂസ് കത്തിനശിക്കണമായിരുന്നു. മൂന്ന് ഫ്യൂസുകളാണ് കടയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഈ ഫ്യൂസുകളില്‍ ഒന്നിലും ഷോര്‍ട്ട് സര്‍ക്യൂട്ടിന്റെ സാധ്യതകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് വിദഗധര്‍ പറയുന്നു. ഇക്കാര്യവും ദുരൂഹത വര്‍ധിപ്പിക്കുന്നു. പോലീസും ഫോറന്‍സിക് വിഭാഗവും കടയില്‍ പരിശോധനകള്‍ നടത്തിയിരുന്നു. അടുത്ത ദിവസം തന്നെ ഫോറന്‍സിക് പരിശോധനയുടെ ഫലം പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് പോലീസ്.