നാലു പതിറ്റാണ്ടായി ജീവനോപാധി പുസ്തകവില്പന! 40 വര്‍ഷമായി പുസ്തക വില്പനയിലൂടെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന ആലപ്പുഴ സ്വദേശി പി.വി. മഹാദേവന്‍

KTM-booksകോട്ടയം: ഒരു വായനാദിനം കൂടി വന്നെത്തുമ്പോള്‍ കഴിഞ്ഞ 40 വര്‍ഷമായി മുടങ്ങാതെ പുസ്തക വില്പനയിലൂടെ ജീവിതം മുന്നോട്ടു കൊണ്ടുപോകുകയാണ് ആലപ്പുഴ എ.എന്‍. പുരം മഹേഷ്ഭവനില്‍ പി.വി. മഹാദേവന്‍. 40 വര്‍ഷമായി മുടങ്ങാതെ അക്ഷരനഗരയില്‍ കുട്ടികള്‍ക്കുള്ള പുസ്തകങ്ങളാണു ഇയാള്‍ വില്പന നടത്തിവരുന്നത്.

കോട്ടയത്തെ പഴയ ബസ് സ്റ്റാന്‍ഡില്‍ ആരംഭിച്ച പുസ്തക കച്ചവടം ഏറെ നാളുകളായി നാഗമ്പടം ബസ് സ്റ്റാന്‍ഡിനുള്ളിലാണ്. ദിവസവും രാവിലെ 11ന് സ്റ്റാന്‍ഡിലെത്തി പുസ്തക കച്ചവടം നടത്തി വൈകുന്നേരം ആറോടെ തിരികെ ആലപ്പുഴയ്ക്കു മടങ്ങുകയും ചെയ്യും. കുട്ടികള്‍ക്കുള്ള പൊതുവിജ്ഞാന പുസ്തങ്ങള്‍ക്കാണു എപ്പോഴും ആവശ്യാക്കാരുള്ളത്.

കോട്ടയം വേളൂര്‍ സ്വദേശിയായിരുന്ന മഹാദേവന്‍ ഏതാനുംവര്‍ഷങ്ങള്‍ക്കു മുമ്പാണു ആലപ്പുഴയിലേക്കു താമസം മാറ്റിയത്. ഒട്ടുമിക്കപ്പോഴും അച്ഛനമ്മമാര്‍ക്കൊപ്പം എത്തുന്ന കുട്ടികളാണു പുസ്തകങ്ങള്‍ വേണമെന്നു വാശിപിടിക്കുന്നത്. ഇന്റര്‍നെറ്റിന്റെ വളര്‍ച്ചയും വിവരം സാങ്കേതിക വിദ്യയുടെ കുതിപ്പും ഒരുതരത്തിലും തന്റെ പുസ്തക വില്പനയെ ബാധിച്ചിട്ടില്ലെന്നും മഹാദേവന്‍ പറഞ്ഞു.

Related posts