നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം..! ആനുകൂല്യത്തിനായി സമരം ചെയതവര്‍ക്ക് നോട്ട് പിന്‍വലിക്കല്‍ അനുഗ്രഹമായി; ചോദിച്ചതിനെക്കേള്‍ കൂടുതല്‍ കിട്ടി ; ഒപ്പം മുതലാളിമാരുടെ പണവും വെളുത്തു

rupeesആലപ്പുഴ: കറന്‍സി നിരോധനം തൊഴിലാളികള്‍ക്ക് ലോട്ടറിയായി. കയര്‍മേഖലയുമായി ബന്ധപ്പെട്ടുപ്രവര്‍ത്തിക്കുന്ന ചില സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കാണ് കഴിഞ്ഞദിവസം കറന്‍സി നിരോധനം ലോട്ടറിയടിച്ചതുപോലെയായത്. ആനുകൂല്യങ്ങള്‍ക്കും കൂലി വര്‍ധനവിനുമായി സ്ഥാപനത്തിന് മുന്നില്‍ മാസങ്ങള്‍ നീണ്ട സമരങ്ങള്‍ വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചെങ്കിലും വിട്ടുവീഴ്ചയ്ക്ക് ഉടമകള്‍ തയാറായിരുന്നില്ല.

എന്നാല്‍ 500-ന്റെയും 1000-ത്തിന്റെയും കറന്‍സികള്‍ നിരോധിച്ച് ഒരാഴ്ച പിന്നിട്ടപ്പോഴേക്കും തൊഴിലാളികള്‍ ആവശ്യപ്പെടാതെ തന്നെ മുഴുവന്‍ ആനുകൂല്യങ്ങളും ലഭ്യമായതോടെയാണ് കറന്‍സി നിരോധനം ഇവര്‍ക്കു ലോട്ടറിയായി അനുഭവപ്പെട്ടത്. പലര്‍ക്കും 25,000വും 30,000 രൂപയുമാണ് കുടിശിക അടക്കം ലഭിച്ചത്. ലഭിച്ച പണം 500 ന്റെയും 1000ത്തിന്റേതുമായിരുന്നുവെന്ന് മാത്രം.

തൊഴിലാളി സംഘടനകള്‍ ശക്തമായ സമ്മര്‍ദ്ദം നടത്തിയിട്ടും സാധിക്കാത്ത കാര്യം പെട്ടെന്ന് നടപ്പായപ്പോള്‍ തൊഴിലാളികളും അല്‍പമൊന്ന് ആശ്ചര്യപ്പെട്ടിരുന്നു. കിട്ടിയ പണം പലരും അക്കൗണ്ടുകളില്‍ നിക്ഷേപിച്ച് മാറിയെടുക്കുകയാണ് ചെയ്തത്. നഗരത്തിലെ മറ്റ് പല സ്ഥാപനങ്ങളിലും ഇത്തരത്തില്‍ തൊഴിലാളികള്‍ക്ക് അപ്രതീക്ഷിത ബോണസുകള്‍ ലഭിച്ചിരുന്നു.

Related posts