മൊഹാലി: ഇന്ത്യയിലെ ഏറ്റവും മികച്ച ടി20 ബൗളര്‍ ആശിഷ് നെഹ്‌റയുടെ ക്രിക്കറ്റ് കരിയറിന് അവസാനമാകുമോ എന്ന് ആശങ്ക. 15നു കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ നടന്ന മത്സരത്തില്‍ പിന്‍തുടഞരമ്പിനു പരിക്കേറ്റ സണ്‍ റൈസേഴ്‌സ് താരം നെഹ്‌റയുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. ഇതോടെ നെഹ്്‌റയുടെ ക്രിക്കറ്റ് തന്നെ ചോദ്യചിഹ്നമാവുകയാണ്. നെഹ്‌റയ്ക്ക് ഐപിഎലിലെ തുടര്‍ന്നുള്ള മത്സരങ്ങളില്‍ കളിക്കാനാവില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു.
നെഹ്‌റ ഇപ്പോള്‍ പ്രത്യേക നിരീക്ഷണത്തിലാണെന്നു ഫ്രാഞ്ചൈസി അധികൃതര്‍ വ്യക്തമാക്കി. ഗ്രേഡ് ഒന്നില്‍ വരുന്ന പരിക്ക് ഭേദമാകാന്‍ സാധാരണഗതിയില്‍ മൂന്നുമുതല്‍ ആറുമാസം വരെ സമയം വേണ്ടിവരുമെന്നാണ് നിഗമനം. അതുകൊണ്ടുതന്നെ 37കാരനായ നെഹ്‌റയ്ക്ക് ഇനിയൊരു മടങ്ങിവരവു സാധ്യമാണോ എന്നതാണു പ്രശ്‌നം. എട്ടു മത്സരങ്ങള്‍ കളിച്ച നെഹ്‌റ ഒമ്പതു വിക്കറ്റ് സ്വന്തമാക്കി. 15 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് നേടിയ പ്രകടനമാണ് മികച്ചത്.