കടയ്ക്കല്‍: ചിതറ ഗ്രാമപഞ്ചായത്തിലെ പക്കമല ബൗണ്ടര്‍മുക്ക് മേഖലയില്‍ പെരുമ്പാമ്പുകളുടെ ശല്യം വര്‍ധിക്കുന്നതായി പരാതി. കഴിഞ്ഞ രണ്ടാഴ്ചക്കിടെ പ്രദേശത്തെ നിരവധി വീടുകളില്‍ നിന്നും കോഴി, ആട് എന്നിവ മോഷണം പോയിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞദിവസം രാത്രി പ്രദേശവാസിയായ ബാബുവിന്റെ വീടിനോടുചേര്‍ന്നുള്ള ആട്ടിന്‍കൂടിനു സമീപത്തുനിന്നും പെരുമ്പാമ്പിനെ പിടികൂടിയത്.
പ്രദേശവാസികളായ ഷിജു, സജിത്ത്, ബാപ്പു, വിജിത്ത് എന്നിവരുടെ ഏറെനേരത്തെ ശ്രമഫലമായാണ് പെരുമ്പാമ്പിനെ ചാക്കിലാക്കിയത്. പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പെരുമ്പാമ്പ് രണ്ടുതവണ സജിത്തിന്റെ കൈയില്‍ കൊത്തിയതിനെ തുടര്‍ന്ന് ഇയാള്‍ പിന്നീട് കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി.പാമ്പിനെ പിടികൂടിയ ശേഷം നാട്ടുകാര്‍ വിവരം അഞ്ചല്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ അറിയിച്ചു.
തുടര്‍ന്ന് സ്ഥലത്തെത്തിയ ഫോറസ്റ്റ് സംഘം ചാക്കിലാക്കിയ പെരുമ്പാമ്പിനെ കുളത്തൂപ്പുഴ വനമേഖലയില്‍ തുറന്നുവിട്ടു. മൂന്ന് വയസ് പ്രായമുള്ള പെരുമ്പാമ്പിന് ഏകദേശം എട്ട് കിലോയോളം തൂക്കമുണ്ടായിരുന്നു.മലമേഖലയായ ഇവിടെ മുന്‍പും പെരുമ്പാമ്പിന്റെ ശല്യമുണ്ടായിട്ടുണ്ട്. വളര്‍ത്തുമൃഗങ്ങളെ ഉള്‍പ്പെടെ പെരുമ്പാമ്പ് പിടികൂടിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഭീതിയിലാണ്. പ്രദേശത്ത് കൂടുതല്‍ പെരുമ്പാമ്പുകളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സഹായത്താല്‍ വരുംദിവസങ്ങളില്‍ വാവാ സുരേഷിനെ സ്ഥലത്തെത്തിച്ച് പ്രദേശത്ത് തെരച്ചില്‍നടത്താനും നാട്ടുകാരുടെ നേതൃത്വത്തില്‍ ശ്രമം ആരംഭിച്ചു.