പത്തനാപുരം: താരങ്ങള്‍ക്കായി സിനിമാ പരസ്യങ്ങളെ വെല്ലുന്ന പ്രചാരണപരിപാടികളുമായി മുന്നണികള്‍. പോസ്റ്റര്‍, ഫ്‌ളക്‌സ്, ചുമരെഴുത്തുകള്‍ എന്നിവ വഴിയുള്ള പ്രചാരണത്തിലാണിപ്പോള്‍ മത്സരം. ഉരുളയ്ക്ക് ഉപ്പേരി പോലെയുള്ള തലവാചകങ്ങളാണ് ഫ്‌ളക്‌സുകളില്‍ ഉള്ളത്.വ്യത്യസ്തതയും വലിപ്പവും വര്‍ധിപ്പിച്ചാണ് പാര്‍ട്ടികള്‍ തങ്ങളുടെ മിടുക്ക് പ്രദര്‍ശിപ്പിക്കുന്നത്.
പുനലൂര്‍ മൂവാറ്റുപുഴ, വാളകം, പത്തനാപുരം തുടങ്ങിയ പ്രധാനപാതകളുടെ വശങ്ങളില്‍ ഉള്ള ഭീമന്‍ പരസ്യബോര്‍ഡുകളെല്ലാം മുന്നണികള്‍ സ്വന്തമാക്കി കഴിഞ്ഞു. പരസ്യ ഏജന്‍സികളില്‍ നിന്നും ഒരു മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് വലിയ ബോര്‍ഡുകള്‍ എടുത്തിരിക്കുന്നത്. ഇതിനാവശ്യമായ ഫ്‌ളക്‌സുകള്‍ തയ്യാറാക്കുന്നതും അക്കാദമിക് പഠനം കരസ്ഥമാക്കിയ ഡിസൈനര്‍മാരാണ്സ്ഥാനാര്‍ഥിക്കായുള്ള പ്രചാരണവാചകങ്ങള്‍ തയ്യാറാക്കാനും പ്രത്യേകസംഘങ്ങള്‍ ഉണ്ടത്രെ.
പോസ്റ്ററിന്റെ നിറം കണ്ട് സ്ഥാനാര്‍ഥിയെയും പാര്‍ട്ടിയെയും തിരിച്ചറിയാവുന്ന കാലത്തിനും മാറ്റം വന്നു.വര്‍ണങ്ങളുടെയും പൂക്കളുടെയും പ്രകൃതിദൃശ്യങ്ങളുടെയും പാശ്ചാത്തലത്തിലാണ് പോസ്റ്ററുളില്‍ സ്ഥാനാര്‍ഥികള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.രണ്ടാം ഘട്ട പ്രചാരണം ചൂടുപിടിക്കുമ്പോള്‍ മൂന്ന് തരത്തിലുള്ള പോസ്റ്ററുകളാണ് ചുമരുകളില്‍ പതിഞ്ഞിരിക്കുന്നത്. സിനിമ പോസ്റ്ററുകള്‍ രൂപകല്‍പന ചെയ്യുന്നവരും സ്ഥാനാര്‍ഥികള്‍ക്കായി ഡിസൈന്‍ ജോലികള്‍ ചെയ്യുന്നുണ്ട്.
ചുമരെഴുത്തുകളിലും മാറ്റങ്ങള്‍ കണ്ട് തുടങ്ങിയിട്ടുണ്ട്. ഫ്‌ളക്‌സിലുള്ള സ്ഥാനാര്‍ഥിയുടെ ചിത്രം കൂടി ഉള്‍പ്പെടുത്തിയാണ് എഴുത്തുകള്‍. പോസ്റ്ററുകള്‍ അധികവും ശിവകാശിയിലാണ് അച്ചടിക്കുന്നത്. സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണത്തിനും ഇത്തവണ മുതല്‍ പ്രത്യേക സംഘങ്ങളെ മുന്നണികള്‍ ഒരുക്കിയിട്ടുണ്ട്.വരും ദിവസങ്ങളില്‍ പുത്തന്‍ പ്രചാരണായുധങ്ങള്‍ കളത്തിലിറക്കാനുള്ള ഒരുക്കത്തിലാണ് പ്രവര്‍ത്തകര്‍.