ചാത്തന്നൂർ: ഇന്ധനക്ഷമത വർധിപ്പിച്ച് മാസം ഒരു കോടി രൂപ നേടാനും ഘട്ടംഘട്ടമായി ഇത് വർധിപ്പിക്കാനും കെ എസ് ആർടിസിയുടെ പദ്ധതി. സാമ്പത്തിക കാര്യക്ഷമതയും സുസ്ഥിര ഭാവിയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇന്ധനക്ഷമത വർധിപ്പിക്കുന്നതിനുള്ള സമഗ്രമായ പദ്ധതികൾക്ക് കെഎസ്ആർടിസി രൂപം നല്കുന്നത്.
ഇതിന്റെ ഭാഗമായി വൺ ലിറ്റർ ഡീസൽ ചലഞ്ച് ഉൾപ്പെടെയുള്ള കർമപരിപാടികൾ നടപ്പിലാക്കി വരികയാണ്.നിലവിൽ കെഎസ്ആർടിസി പ്രതിദിനം ഉപയോഗിക്കുന്ന ഡീസലിൽ ബസുകളുടെ ശരാശരി കെഎംപിഎൽ (കിലോമീറ്ററിന് ചിലവാകുന്ന ഡീസൽ) വെറും ഒരു ശതമാനം വർധനവ് കൈവരിക്കാനായാൽ പോലും പ്രതിദിനം 3.25 ലക്ഷം രൂപയും പ്രതിമാസം ഒരു കോടി രൂപയും വരെ ലാഭിക്കാൻ സാധിക്കുമെന്നാണ് കോർപ്പറേഷൻ വിലയിരുത്തുന്നത്.
ഘട്ടംഘട്ടമായി കെഎംപിഎൽ 4.20 ആയി ഉയർത്തി പ്രതിമാസ ഡീസൽ ചെലവ് 100 കോടിക്ക് താഴെ എത്തിക്കുക എന്നതാണ് ലക്ഷ്യം. പഴഞ്ചൻ ബസുകൾ കൊണ്ട് ഇത് സാധ്യമാകുമോ എന്ന സംശയമാണ് ജീവനക്കാർക്ക്. പ്രത്യേകിച്ച് കേരളത്തിലെ നിരത്തുകളുടെ ഇന്നത്തെ ദയനീയാവസ്ഥയും ഗതാഗതക്കുരുക്കുകളും കൊണ്ട് വലയുന്ന സാഹചര്യത്തിൽ.
- പ്രദീപ് ചാത്തന്നൂർ

