ആലപ്പുഴ: എംപി ഫണ്ടിലെ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എംപി പറഞ്ഞു. കളക്ടറേറ്റില്‍ നടന്ന എംപിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികളുടെ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.പദ്ധതി പൂര്‍ത്തീകരണ തിയതിയും ബില്ല് സമര്‍പ്പിക്കുന്ന തീയതിയും തമ്മില്‍ വ്യത്യാസം വരുന്നത് അനുവദിക്കാനാവില്ല. പദ്ധതികളുടെ സിവില്‍ വര്‍ക്ക് തീരുന്നതിനൊപ്പംതന്നെ വൈദ്യതിയും കുടിവെള്ളത്തിനുമുള്ള പണികളും പൂര്‍ത്തീകരിക്കാന്‍ ശ്രദ്ധിക്കണം.
ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ആര്‍ട്ടിഫിഷ്യല്‍ ലിംമ്പ് ഫിറ്റ് ചെയ്യുന്നതിനുള്ള ഉപകരണങ്ങള്‍ക്കായി അഞ്ചുലക്ഷം രൂപ എംപി ഫണ്ടില്‍ നിന്നു അനുവദിച്ചു. 2014-15, 2015-16 വര്‍ഷങ്ങളില്‍ എംപി ഫണ്ടുപയോഗിച്ചുള്ള പദ്ധതികളില്‍ 50 ശതമാനം തുകയും ചെലവാക്കി കഴിഞ്ഞതായി എംപി വിലയിരുത്തി. 2016-17 വര്‍ഷത്തേക്കുള്ള പദ്ധതികള്‍ക്കു ശിപാര്‍ശ ചെയ്ത് തുടങ്ങിയതായും കെ.സി. വേണുഗോപാല്‍ എംപി പറഞ്ഞു. യോഗത്തില്‍ കളക്ടര്‍ ആര്‍. ഗിരിജ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.ജെ. ആമിന, ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എസ്. സത്യപ്രകാശ് എന്നിവരും പങ്കെടുത്തു.